പിലിഭിത്തില്‍ സീറ്റ് തരാം; വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധീര്‍ രഞ്ജന്‍ ചൗധരി. നിലവില്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള ബി.ജെ.പി. എം.പി.യായ വരുണിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ക്ഷണം. പിലിഭിത്തില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ വരുണ്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
വരുണ്‍ അഴിമതിയുടെ കറപുരളാത്ത ഒരു മികച്ച നേതാവാണ്. മാത്രമല്ല, അദ്ദേഹത്തിന് ഗാന്ധികുടുംബവുമായും ബന്ധമുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി. വരുണിന് ലോക്‌സഭാ സീറ്റ് നല്‍കാതെ ഒഴിവാക്കിയത്. ഈ സാഹചര്യത്തില്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എല്ലാവര്‍ക്കും അതില്‍ സന്തോഷമേ ഉണ്ടാവൂ, അധീര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വരുണ്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിനേതൃത്വത്തിന് തലവേദന ഉണ്ടാക്കിയതാണ് വരുണിന് സീറ്റ് നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് പാർട്ടിയെ നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം, വരുണിന്റെ അമ്മയും സുല്‍ത്താന്‍പുരിലെ സിറ്റിങ് എം.പിയുമായ മനേക ഗാന്ധിക്ക് ബി.ജെ.പി. വീണ്ടും സീറ്റ് നല്‍കിയിട്ടുണ്ട്.
മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയാണ് പിലിഭിത്തില്‍നിന്ന് ഇത്തവണ ബി.ജെ.പി. ടിക്കറ്റില്‍ വരുണിന് പകരം മത്സരിക്കുക. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടുതവണ മന്ത്രിയായിട്ടുള്ള ആളാണ് ജിതിന്‍. രാഹുല്‍ ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: adhir ranjan chowdhury invites varun gandhi to join congress