'തോല്‍ക്കാത്ത' ജനം തോല്‍പിക്കുക ഏത് പാര്‍ട്ടിയെ? | വോട്ടര്‍ സൈക്കിള്‍ ഡയറി - 1

.
.

നല്ല വൃത്തിയുള്ള വഴികള്‍. രണ്ടോ മൂന്നോ ചെറിയ കടകളുള്ള കവലകളും ചെറിയ കുറേ ഒറ്റനില വീടുകള്‍ കൂട്ടമായി പണിതുവെച്ചതുമാണ് കാണുന്ന കെട്ടിടങ്ങള്‍. ബാക്കിയെല്ലാം കൃഷിയിടമാണ്. ഗോതമ്പ് കൊയ്ത പാടവരമ്പുകളില്‍ മിക്കയിടത്തും വൈക്കോല്‍ കെട്ടി ഒതുക്കിവെച്ചിട്ടുണ്ട്. ഫെബ്രുവരിയിലിവിടെ വന്ന് പോയപ്പോള്‍ കണ്ട കടുകുപാടങ്ങള്‍ ഇപ്പോളെവിടെയുമില്ല. കടുകെല്ലാം വിളവെടുത്തു. ചിലയിടത്ത് മാത്രം വയലുകളില്‍ പച്ചപ്പുണ്ട്, അത് ചോളമാണ്.

വഴിവക്കത്തെ സിമന്റ് ബെഞ്ചില്‍ മൂന്ന് പേരുണ്ട്. പ്രായപ്പെട്ട ആ മൂന്ന് മനുഷ്യരും മെയ് മാസത്തെ ഈ കത്തുന്ന വെയിലത്തിരുന്ന് എന്തോ നാട്ടുകാര്യം പറയുകയാണ്.

ശംഭു അതിര്‍ത്തിയിലേയ്ക്കുള്ള വഴിയെങ്ങനാണ്?

''തിരിച്ച് പോയി, വലത്തോട്ട് തിരിഞ്ഞ് ഇടത്തേ വളവിലേയ്ക്ക് പോകണം. അവിടൊരു മണ്‍ റോഡുണ്ട്. അതുവഴി പോകു.'' മൂന്ന് പേരും ഉത്സാഹത്തോടെ മറുപടി തന്നു.

ടാറിട്ട റോഡും കോണ്‍ക്രീറ്റ് വഴിയും കടന്ന് ബൈക്ക് മണ്‍വഴിയിലേയ്ക്ക് കയറി. അക്ഷരാര്‍ഥത്തില്‍ മണ്‍പാതയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം താല്‍ക്കാലികമായി പണിത റോഡാണിതെന്ന് തോന്നുന്നു. റോഡില്‍ മാത്രമല്ല മണ്ണ്, വാഹനം കയറിയിറങ്ങി നിറച്ച് പൊടിപടലമാണ്. ഇതിനിടയില്‍ വയലില്‍ യന്ത്രം വെച്ച് ഗോതമ്പ് കൊയ്ത്തും നടക്കുന്നു. പൊടി നിറഞ്ഞ കുഴികളില്‍ വീണ്, കയറി പൊടിയില്‍ കുളിച്ച് ഞങ്ങളെ ബൈക്ക് മെല്ലെ മെല്ലെ മുന്നോട്ട് മുന്നോട്ട് പോകുന്നു. ഇനി കിലോമീറ്ററുകള്‍ മാത്രം പോയാല്‍ പഞ്ചാബാണ്. ആ അതിര്‍ത്തി പ്രദേശത്താണ് കഴിഞ്ഞ രണ്ടരമാസത്തിലധികമായി കര്‍ഷകര്‍ സമരം ചെയ്യുന്നത്.

അതിജീവിക്കാനും മുന്നോട്ട് പോകാനും മനുഷ്യര്‍ ലോകത്തെല്ലായിടത്തും പൊരുതിക്കൊണ്ടേയിരിക്കുകയാണ്. ആ ഇടങ്ങളിലെല്ലാം സര്‍ക്കാരുകളുമുണ്ട്. ചിലയിടത്ത് ഇപ്പോഴും രാജഭരണം. ചില രാജ്യങ്ങള്‍ ഏകാധിപത്യത്തിന്റെ തടവില്‍. ചിലയിടത്ത് ജനാധിപത്യമെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സമഗ്രാധിപത്യ ഭരണം. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയഗതിക്കാര്‍, മുതലാളിത്തത്തിന്റെ ഭരണകൂടങ്ങള്‍. ചിലയിടത്ത് ജനാധിപത്യം. ജനാധിപത്യത്തിന്റെ ഏറ്റവും മെച്ചപ്പെട്ട സംവിധാനം നിലനില്‍ക്കുന്ന രാജ്യമെന്നാണ് ഇന്ത്യ കാലങ്ങളായി വിശേഷിപ്പിക്കപ്പെടുന്നത്. ഏഴ് പതിറ്റാണ്ടിലധികമായി ജനാധിപത്യം നിലനില്‍ക്കുന്ന, വൈവിധ്യങ്ങളുടെ നമ്മുടെ രാജ്യം വീണ്ടും പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഉത്തരേന്ത്യയിലൂടെ സഞ്ചരിച്ച് ഈ തിരഞ്ഞെടുപ്പ് കാലത്തെ അറിയാനുള്ള യാത്രയാണ് ആരംഭിക്കുന്നത്. ഒരു ഇരുചക്ര വാഹനത്തില്‍, ബുള്ളറ്റില്‍ ഞങ്ങള്‍ രണ്ട് പേര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്നു. നമ്മുടെ രാജ്യത്തെ മനുഷ്യരുടെ ജീവിതത്തിലൂടെ, സംസ്‌കാരത്തിലൂടെ, അവരുടെ തിരഞ്ഞെടുപ്പുകളിലൂടെയുള്ള യാത്ര.

പൊടിപിടിച്ച വഴി തീര്‍ന്ന് വണ്ടി ഒരടിപ്പാത ഇറങ്ങിക്കയറിയത് പിന്നേയും വിശാലമായ വയലുകളുടെ നടുവില്‍. വണ്ടി മുന്നോട്ട് പോകുന്തോറും രാജ്പുര - അംബാല പാത തെളിഞ്ഞ് വരുന്നുണ്ട്. ഇതാ കാണുന്നു, നിരനിരയായി ട്രാക്ടറുകള്‍. കര്‍ഷകനില്ലെങ്കില്‍ ഭക്ഷണമില്ല എന്നും രാജ്യമില്ല എന്നെല്ലാം എഴുതിവെച്ച ചെറിയ ഫ്ളക്സുകള്‍ ചില ട്രാക്ടറുകളില്‍ തൂങ്ങുന്നു. പ്രായം ചെന്ന കുറച്ച് മനുഷ്യര്‍ ചില ട്രാക്ടറുകളിലും ട്രാക്ടറോട് വലിച്ചുകെട്ടിയ തുണിയ്ക്ക് താഴെയും കയറ്റുകട്ടിലില്‍ കിടക്കുന്നു. ഇതിനിടയിലൂടെ ബുള്ളറ്റ് പതിയെ മുന്നോട്ട് മുന്നോട്ട്. ഇടതുവശത്തൊരു ബെഞ്ചിലിരുന്ന് രണ്ട് പേര്‍ സവാള അരിയുന്നു. ഉച്ചയ്ക്കത്തേയ്ക്ക് ഭക്ഷണം വെക്കാനുള്ള തയ്യാറെടുപ്പാണ്. ആ ദമ്പതിമാര്‍ ചിരിച്ച് കുശലം ചോദിച്ചു. കേരളത്തില്‍ നിന്നാണ് എന്ന് മറുപടിക്കൊപ്പം ഒരു ചിരി കൂടി തിരിച്ച് നല്‍കി. രണ്ട് കിലോ മീറ്ററോളം നീളത്തിലിപ്പോഴും അംബാല ഹൈവേയില്‍ കര്‍ഷകര്‍ സമരം തീര്‍ത്തിരിക്കുന്നു. പക്ഷേ, ഫെബ്രുവരിയില്‍ വന്നപ്പോള്‍ കണ്ടപോലുള്ള ആള്‍ക്കൂട്ടമില്ല. അവരെല്ലാം എവിടെപ്പോയി? സമരം പേരിന് മാത്രമാണോ? ചോദ്യങ്ങളിങ്ങനെ ഉയര്‍ന്നുയര്‍ന്ന് വന്നു.

ബൈക്ക് പിന്നേയും മുന്നോട്ട് പോയി ബാരിക്കേഡിന് മുന്നില്‍ നിന്നു. ഇനിയങ്ങോട്ട് പോകാന്‍ പറ്റില്ല. തോക്കും ലാത്തിയും ടിയര്‍ ഗ്യാസുമെല്ലാമായി ഹരിയാന പോലീസ്് റോഡടച്ച് കാവല്‍ നില്‍ക്കുന്നുണ്ട്. റോഡില്‍ ടിയര്‍ ഗ്യാസ് ഷെല്ലുകളുടെ ശേഷിപ്പും കല്ലുകളും ചിതറിക്കിടക്കുന്നു. 

''ഇങ്ങോട്ട് വരരുത്, തിരിച്ച് പോകു...''

ഹരിയാണ പോലീസ് രണ്ട് തവണ വിളിച്ച് പറഞ്ഞു. ''പത്രക്കാരാണ്'' എന്ന് വിളിച്ച് പറഞ്ഞിട്ടും അവര്‍ നേരത്തേ പറഞ്ഞത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തിരിച്ച് കര്‍ഷകരുടെ അടുത്തേയ്ക്ക് നടന്നു. ഷീറ്റ് വലിച്ചുകെട്ടിയ ചെറിയ കൂടാരത്തിനകത്ത് നീണ്ട് വെളുത്ത താടിയൊക്കെയുള്ള രണ്ട് പേര്‍. ഒരാള്‍ കിടക്കുന്നു. മറ്റേയാള്‍ കയറ്റുകട്ടിലിന്റെ അറ്റത്തിരിയ്ക്കുന്നു.

സമരമെങ്ങനെ മുന്നോട്ട് പോകുന്നു?

''നന്നായി മുന്നോട്ട് പോകുന്നു. സര്‍ക്കാര്‍ ഉത്തരം പറയുന്നത് വരെ ഇവിടെയിരിക്കും. തീരുമാനവും കൊണ്ടേ തിരിച്ച് പോകു.'' കയറ്റു കട്ടിലില്‍ ക്ഷീണത്തോടെ കിടന്നിരുന്ന ദിദാര്‍ സിങ്ങിന്റെ വാക്കുകള്‍ക്ക് കനം.

തിരഞ്ഞെടുപ്പല്ലേ ഏത് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യും?

''കോണ്‍ഗ്രസിന് ചെയ്യും.''

കട്ടിലിനറ്റത്തിരുന്ന ക്രിപ സിങ് ഒരേറ്റു പറച്ചില്‍ നടത്തി. ''പറ്റിപ്പോയി, കഴിഞ്ഞ തവണ ചൂലിന്റെ ആള്‍ക്കാര്‍ക്ക്, ഭഗവന്ത് മന്നിന് വോട്ട് കൊടുത്തു. ഇപ്രാവശ്യം കോണ്‍ഗ്രസിനേ ചെയ്യു.''

ആംആദ്മി സര്‍ക്കാരിനെതിരെ വലിയ ഭരണ വിരുദ്ധ വികാരം നില്‍ക്കുന്നതായി അറിയില്ല. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആപ്പിനെ പിന്തുണച്ച ചിലരെങ്കിലും കോണ്‍ഗ്രസിലേയ്ക്ക് തിരിച്ച് പോകുകയാണോ പഞ്ചാബില്‍? അമരീന്ദര്‍ സിങ്ങിനേയും സുനില്‍ ജാക്കറിനേയും പോലുള്ള പ്രധാനികള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ പോയി. അമരീന്ദര്‍ സിങ് രാജാ വാറങ് എന്ന യുവാവ് പി.സി.സി. അധ്യക്ഷനായി വന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ നവ്ജോത് സിങ് സിദ്ദു പഴയ പോലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളെ സജീവമാക്കുന്നില്ല. മറുഭാഗത്ത് എ.എ.പിയുടെ താരം കെജ്‌രിവാള്‍ ജയിലിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തില്‍, മേല്‍ത്തട്ടില്‍ കുറേ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് പഞ്ചാബില്‍. ആ മാറ്റം വോട്ടറുടെ മനസ്സിനെ ഏത് നിലയില്‍ സ്വാധീനിച്ചു എന്നതാണ് വിഷയം. രണ്ടാം കര്‍ഷക പ്രക്ഷോഭത്തിന് ഉത്തരേന്ത്യയിലാകെ സ്വാധീനമുണ്ടാക്കാന്‍ മാത്രം ശേഷിയില്ല. കര്‍ഷക കൂട്ടായ്മ പോലും പലതായിപ്പിരിഞ്ഞു എന്നത് ഒരു കാരണമാണ്. എങ്കിലും പഞ്ചാബിലും ഹരിയാണയിലും സമരം ചലനങ്ങളുണ്ടാക്കും. പഞ്ചാബില്‍ എന്‍.ഡി.എയ്ക്ക് സീറ്റുകള്‍ ലഭിക്കാന്‍ തീരെ സാധ്യത കുറവ് തന്നെ. ഹരിയാനയിലെ മുഴുവന്‍ ലോക്സഭാ സീറ്റിലും കഴിഞ്ഞ തവണ ബി.ജെ.പി. വിജയിച്ചതാണ്. കര്‍ഷകരുടെ ഭരണ വിരുദ്ധ വികാരം ഇന്ത്യ സഖ്യത്തിന് മാത്രം അനുകൂലമായ വോട്ടായി മാറാതിരിക്കാന്‍ ജെ.ജെ.പിയെ സഖ്യത്തില്‍നിന്ന് പുറത്തിറക്കി നിര്‍ത്തി ഒറ്റയ്ക്ക് മത്സരിപ്പിക്കുന്നുണ്ട് ബി.ജെ.പി. ആ തന്ത്രം വിജയിച്ചില്ലായെങ്കില്‍ കര്‍ഷക സമരത്തെ പിന്തുമയ്ക്കുന്നവരുടെ വോട്ടുകള്‍ ഹരിയാനയില്‍ ബി.ജെ.പിയെ വെള്ളം കുടിപ്പിക്കും.

ദിദാര്‍ സിങ് ഇരുന്നതിനപ്പുറത്തെ ഷെഡില്‍ ഹര്‍ജീത് സിങ്ങുണ്ട്. രാജ്യത്തിന്റെ പലഭാഗത്ത് സൈനിക സേവനം നടത്തിയ സര്‍ദാര്‍ജി. കേരളത്തില്‍ നിന്നാണ് എന്ന് പറഞ്ഞപ്പൊ സുഹൃത്തുക്കളായ ഉണ്ണികൃഷ്ണനേയും പിള്ളയേയുമെല്ലാം ഓര്‍ത്തെടുത്ത് സന്തോഷം പങ്കുവെച്ച ഹര്‍ജിത് സിങ്ങിന്റെ ചോദ്യം.

''മോദി പത്ത് വര്‍ഷമായി ഭരിയ്ക്കുന്നു. മന്‍കി ബാത്ത് മന്‍കി എന്ന് പറഞ്ഞ് സംസാരിക്കുന്നുണ്ട് മോദി. ജനങ്ങളുടെ മനസ്സ് ഇതുവരെ കേട്ടിട്ടുണ്ടോ? ഇതുവരേയും കേട്ടിട്ടില്ല.''

ഇവിടെ പഴയ പോലെ ആളെ കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന് ഹര്‍ജീത് സിങ് റെയില്‍ തടയല്‍ സമരത്തെക്കുറിച്ച് പറഞ്ഞു തന്നു. ''നമ്മുടെയാളുകള്‍ ശംഭു റെയില്‍വേ സ്റ്റേഷനില്‍ രാപ്പകല്‍ സമരത്തിലാണ്''

വണ്ടി തിരിച്ചു. ശംഭു റെയില്‍വേ സ്റ്റേഷനിലേക്ക് നാല് കിലോ മീറ്റര്‍ ദൂരമേയുള്ളു. പഴയ, ഭംഗിയുള്ള റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം ഇപ്പോള്‍ സമരവേദി. അവിടെ, അലസമായൊരു നീളന്‍ കുര്‍ത്തയണിഞ്ഞ മനുഷ്യന്‍ സമരത്തേക്കുറിച്ച് സംസാരിക്കുന്നു. നാല് പാളങ്ങളിലും നിറയെ സമരക്കാര്‍.

മൈക്ക് നീട്ടി.
'' ഞങ്ങള്‍ 13 ദിവസമായി രാപ്പകല്‍ ഇവിടെത്തന്നെയാണ്''

തീവണ്ടി തടയല്‍ സമരമെന്ന വലിയ പ്രഖ്യാപനം രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്നതും സമരക്കാര്‍ വരുമ്പോഴേക്ക്, അല്ലെങ്കില്‍ അഞ്ച് മിനുട്ട് മാത്രം തീവണ്ടി തടഞ്ഞ് അറസ്റ്റ് വരിച്ച് പോകുന്നതെല്ലാമാണ് സമീപകാല ഇന്ത്യയില്‍ പലയിടത്തും കണ്ടത്. എന്നാല്‍ ശംഭു അതിര്‍ത്തി വഴി ഇപ്പോള്‍ തീവണ്ടി ഓടുന്നില്ല. പാളങ്ങളില്‍ തീവണ്ടിയുടെ നീട്ടിയുള്ള കൂവലിന് പകരം സമര മുദ്രാവാക്യങ്ങളാണ്. അണയാത്ത ഈ സമരാവേശം വിളയ്ക്ക് ന്യായമായ വിലകിട്ടാനാണ്. ഇന്ത്യന്‍ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും അന്തസ്സോടെ ജീവിക്കാനായാണ്.

ശംഭുവിലെ റെയില്‍വേ സ്റ്റേഷന്‍ കൊള്ളാം. പ്രിയദര്‍ശന്‍ സിനിമകളിലേത് പോലെ സുന്ദരമായൊരൊറ്റനോട്ടം. ഇനി യാത്ര ഭഗത് സിംഗിന്റെ ഗ്രാമത്തിലേയ്ക്കാണ്. ഖത്കര്‍ കലാന്‍, വിപ്ലവകാരിയുടെ ഗ്രാമം. ബൈക്കിന് പിറകിലിരുന്ന് വൈശാഖ് ജയപാലന്‍ പഞ്ചാബി ഗ്രാമങ്ങളെ പകര്‍ത്തുന്നു

Content Highlights: voter cycle diary punjab