ഡല്‍ഹി ചലോ മാര്‍ച്ച്, കെജ്‌രിവാളിന്റെ അറസ്റ്റ്; പഞ്ചാബില്‍ നേട്ടം കൊയ്യാന്‍ AAP-യും കോണ്‍ഗ്രസും

#അരുൺ സാബു
ഡല്‍ഹി ചലോ മാര്‍ച്ചില്‍നിന്ന്‌ | Photo: ANI
ഡല്‍ഹി ചലോ മാര്‍ച്ചില്‍നിന്ന്‌ | Photo: ANI

ബി.ജെ.പി. സർക്കാരില്ലാത്ത മൂന്നു വടക്കൻ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. പ്രതിപക്ഷകക്ഷികൾ ഏറെ പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനം. ബി.ജെപി.ക്കു കാര്യമായ സ്വാധീനമില്ലാത്ത ഇവിടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയും ശ്രമിക്കുന്നത്.

ഇന്ത്യ മുന്നണി അംഗങ്ങളായ കോൺഗ്രസും എ.എ.പി.യും ഇവിടെ സഖ്യത്തിലല്ല. മറുവശത്ത് ബി.ജെ.പി.ക്കും സഖ്യമില്ല. 2021-ൽ കർഷകസമരത്തോടെ പൊളിഞ്ഞ ശിരോമണി അകാലിദളുമായി കൂട്ടുകൂടാൻ അവർ ശ്രമിക്കുന്നുണ്ട്. സഖ്യത്തിലായാൽ സിഖ് വോട്ടുബാങ്കിൽ വിള്ളലുണ്ടാകുമോയെന്ന ആശങ്ക അകാലിദളിനുണ്ട്. ഇതോടെ പഞ്ചാബിലെ മത്സരം ത്രികോണമോ ചതുഷ്‌കോണമോ ആകാം.

2019-ൽനിന്ന് തികച്ചും വ്യത്യസ്തമാണ് പഞ്ചാബിലെ രാഷ്ട്രീയാന്തരീക്ഷം. അന്നു കോൺഗ്രസ് പ്രചാരണം നയിച്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഇന്ന് ബി.ജെ.പി. ക്യാമ്പിലാണ്‌. എൻ.ഡി.എ. സഖ്യത്തിലാകട്ടെ അകാലിദളുമില്ല.

അന്ന് തളിരിട്ടിരുന്ന എ.എ.പി. പടർന്നുപന്തലിച്ച് സംസ്ഥാനം ഭരിക്കുന്നു.

2022-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയെഴുതിയാണ് എ.എ.പി. ഭരണം പിടിച്ചത്. ജനക്ഷേമവാഗ്ദാനങ്ങളുടെ ഡൽഹി മാതൃക പഞ്ചാബിലും ആവർത്തിച്ചതോടെ അന്തരീക്ഷം ആപ്പിനനുകൂലമായി. 2023-ൽ നടന്ന ജലന്ധർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റ് എ.എ.പി. പിടിച്ചെടുത്തു. കോൺഗ്രസ് വീണിടത്ത് എ.എ.പി. വാഴുന്ന സ്ഥിതി ഡൽഹിയിലേതുപോലെ പഞ്ചാബിലും ആവർത്തിക്കുന്നു.

കോൺഗ്രസിലെ പല മുതിർന്നനേതാക്കളും ആപ്പിലേക്കെത്തുന്നുണ്ട്. എന്നാൽ, പഞ്ചാബ് ഭരണത്തിൽ കരുക്കൾ നീക്കിയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായത് പാർട്ടിക്കു തിരിച്ചടിയാണ്.

അകാലിദളിനെ കാത്ത് ബി.ജെ.പി.

ഹിന്ദുവോട്ടുകൾ അനുകൂലമല്ലാത്തതിനാൽ അകാലിദളിനെ എൻ.ഡി.എ.യിലെത്തിക്കാനാണ് ബി.ജെ.പി. ശ്രമം. കർഷകസംഘടനകൾ പ്രഖ്യാപിച്ച ‘ഡൽഹി ചലോ’ മാർച്ചാണ് സഖ്യനീക്കം മന്ദഗതിയിലാക്കുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിങ്ങും കോൺഗ്രസ് സിറ്റിങ് എം.പി.യായിരുന്ന ഭാര്യ പ്രണീത് കൗറും പാർട്ടിയിലെത്തിയെങ്കിലും വലിയ അദ്‌ഭുതം ബി.ജെ.പി. പ്രതീക്ഷിക്കുന്നില്ല. മുൻസമരത്തിൽ രാഷ്ട്രീയമായേറ്റ തിരിച്ചടിയിൽനിന്ന് അകാലിദളും കരകയറിയിട്ടില്ല. കോൺഗ്രസിനല്ലെങ്കിൽ അകാലിദളിനു വോട്ടുചെയ്തിരുന്ന പഞ്ചാബികൾ ബദലായി എ.എ.പി.യെ കാണുന്നുമുണ്ട്.

പ്രചാരണത്തിൽ മുന്നിൽ എ.എ.പി.

അഞ്ച് സംസ്ഥാനമന്ത്രിമാരടങ്ങുന്ന എട്ടുസ്ഥാനാർഥികളെ പ്രഖ്യാപിച്ച് എ.എ.പി. ആദ്യമേ പ്രചാരണത്തിൽ മുന്നിലെത്തി. സമവാക്യങ്ങൾ പാലിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. സംസ്ഥാനഘടകം നൽകിയ നാൽപ്പതംഗ പട്ടികയിൽനിന്ന് കേന്ദ്രനേതൃത്വമാകും ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.

കർഷകസമരം പ്രതിഫലിച്ചേക്കും

കർഷകസമരത്തിൽ പങ്കെടുക്കുന്നവരിൽ ഏറിയപങ്കും പഞ്ചാബിൽനിന്നുള്ളവരാണ്. താങ്ങുവിലയിലടക്കം സമരക്കാർ ഉയർത്തുന്ന ചോദ്യമുനകൾ നീളുന്നത് കേന്ദ്രഭരണം കൈയാളുന്ന ബി.ജെ.പി.ക്കുനേരേയാണ്. 'ഡൽഹി ചലോ' മാർച്ചിനിടെ പോലീസ് നടപടിയിൽ യുവകർഷകൻ കൊല്ലപ്പെട്ടതും കർഷകരോഷം ഇരട്ടിയാക്കി.

തുടക്കംമുതൽ കർഷകർക്കൊപ്പമാണ് എ.എ.പി. കേന്ദ്രവുമായുള്ള കർഷകസംഘടനകളുടെ ചർച്ചകളിൽ മുഖ്യമന്ത്രി ഭഗവന്ത് മാനായിരുന്നു മധ്യസ്ഥൻ. യുവകർഷകന്റെ കുടുംബത്തിന് ഒരുകോടി രൂപയും ജോലിയും മാൻ സർക്കാർ നൽകി. സർക്കാരിൻ്റെ ഭാഗമല്ലെങ്കിലും കോൺഗ്രസും തുടക്കംമുതൽ കർഷകർക്കൊപ്പമുണ്ട്.

Content Highlights: lok sabha election punjab 2024