പഞ്ചാബില്‍ സി.പി.ഐ. മൂന്ന് സീറ്റിലും സി.പി.എം. ഒരിടത്തും; ബാക്കി സീറ്റില്‍ പിന്തുണ കോണ്‍ഗ്രസിന്

ജലന്ധര്‍ (പഞ്ചാബ്): ഇന്ത്യ പ്രതിപക്ഷ സഖ്യമില്ലാത്ത പഞ്ചാബില്‍ ഇടതുപാര്‍ട്ടികളും ലോക്സഭാ തിരഞ്ഞെടുപ്പ് മത്സര രംഗത്തുണ്ട്. ഇടതുപക്ഷത്തിന്റെ മുന്നണി സംവിധാനം സംസ്ഥാനത്തില്ലെങ്കിലും സി.പി.ഐയും സി.പി.എമ്മും സംയുക്തമായി നാലു സീറ്റിലാണ് മത്സരിക്കുന്നത്. അമൃത്സര്‍, ഖഡൂര്‍ സാഹിബ്, ഫരീദ്കോട്ട് എന്നിവിടങ്ങളില്‍ സി.പി.ഐയും ജലന്ധറില്‍ സി.പി.എമ്മും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സി.പി.ഐയുടെ ദസ്വിന്ദര് കൗര്‍, ഗുര്‍ദയാല്‍ സിങ്, ഗുര്‍ചരണ്‍ സിങ്, സി.പി.എമ്മിന്റെ പുര്‍ഷോത്തം ലാല്‍ ബില്‍ഗ എന്നിവരാണ് മത്സരിക്കുന്നത്.
ഒരുകാലത്ത് ഇടതുപക്ഷത്തിനു ശക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളാണിതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി സുഖ്വിന്ദര് സിങ് സെഖോന്‍ പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്നില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് തീരുമാനം. സി.പി.ഐയും സിപിഎമ്മും സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലും ബംഗാളിലുമൊക്കെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണല്ലോ, ഇവിടെയും അങ്ങനെയാണെന്ന് കരുതിയാല്‍ മതിയെന്നും അദ്ദേഹം ചെറുചിരിയോടെ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയെ തോല്‍പ്പിക്കലാണ് പ്രധാന അജന്‍ഡയെന്ന് സി.പി.ഐ. ചണ്ഡീഗഢ് സെക്രട്ടറി രാജ്കുമാര് പറഞ്ഞു. പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമായി ഒരിക്കലും ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ഇറക്കിയതാണ് ആപ്പിനെ എന്നും അദ്ദേഹം ആരോപിക്കുന്നു. തമ്മില്‍ ഭേദം കോണ്‍ഗ്രസ് ആയതിനാലാണ് മത്സരിക്കാത്ത സ്ഥലങ്ങളില്‍ അവര്‍ക്കു പിന്തുണ കൊടുക്കുന്നതെന്നും രാജ്കുമാര് പറയുന്നു. ചണ്ഡീഗഢില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടിക്കൊപ്പം ഒരുമിച്ചാണല്ലോ എന്നു ചോദിച്ചപ്പോള്‍; സഖ്യമൊക്കെ ശരിതന്നെ, വോട്ടു കൊടുക്കാം എന്നല്ലാതെ ഒന്നിച്ചുള്ള പ്രചാരണ പരിപാടികളുണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബില്‍ ഇന്ത്യ സഖ്യം ഉണ്ടായിരുന്നെങ്കില്‍ രണ്ടു സീറ്റ് ചോദിക്കാനായിരുന്നു ഇടതുപാര്‍ട്ടികളുടെ ആലോചന. എന്നാല്‍, പ്രാദേശിക എതിര്‍പ്പുകള്‍ കാരണം ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Content Highlights: lok sabha election 2024 punjab