എ.എ.പിക്ക് വീണ്ടും തിരിച്ചടി; ഏക ലോക്‌സഭാ എം.പിയും ഒരു എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍വെച്ച് എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബിലും എ.എ.പിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഏക ലോക്‌സഭാ എം.പിയും എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ജലന്ധര്‍ എം.പി സുഷില്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എം.എല്‍.എ ശീതള്‍ അങ്കുരല്‍ എന്നിവരാണ് ബുധനാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്.
ജലന്ധറില്‍നിന്ന് ഇത്തവണയും സുശില്‍ കുമാര്‍ റിങ്കു മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയായിരുന്നു. 2023-ലെ ഉപതിരഞ്ഞെടുപ്പില്‍ 58,691 വോട്ടുകള്‍ക്കായിരുന്നു ഇദ്ദേഹം ജലന്ധറില്‍നിന്ന് വിജയിച്ചത്. ബി.ജെ.പി ടിക്കറ്റില്‍ ഇത്തവണ സുഷില്‍ കുമാര്‍ റിങ്കു മത്സരിക്കുമെന്നും സൂചനയുണ്ട്.
എ.എ.പി പിന്തുണയ്ക്കാത്തതുകൊണ്ട് ജലന്ധറിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് സുശീല്‍ കുമാര്‍ റിങ്കു ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും പ്രവര്‍ത്തന മികവാണ് തന്നെ ബി.ജെ.പിയിലേക്ക് അടുപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച ലുധിയാനയില്‍നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ് എം.പി റവ്നീത് ബിട്ടുവും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീന്റ് സിങ്ങിന്റെ കൊച്ചുമകന്‍ കൂടിയാണ് റവ്നീത് ബിട്ടു.
Content Highlights: Jalandhar aap mp and mla joined bjp