അമരീന്ദര്‍ സിങ്ങിന്റെ വഴിയേ ഭാര്യ പ്രണീത് കൗറും; കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എംപി ബിജെപിയില്‍

ചണ്ഡീഗഢ്: കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത പട്യാല എം.പി. പ്രണീത് കൗര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയായ പ്രണീത് കൗറിനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത്. നേരത്തെ നവജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ്, പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുകയും പിന്നീടിത് ബി.ജെ.പിയില്‍ ലയിക്കുകയും ചെയ്തിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെയും തരുണ്‍ ചുഗ്ഗും സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ഝാക്കറും ചേര്‍ന്ന് പ്രണീത് കൗറിനെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചു. പട്യാല സീറ്റിലേക്ക് ബി.ജെ.പി. പ്രണീതിനെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രണീത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. പ്രണീതിന്റെ വരവ് സംസ്ഥാനത്തെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് വിനോദ് താവ്‌ഡെ അഭിപ്രായപ്പെട്ടു.
എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ടുവെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പ്രണീത് കൗര്‍ തയ്യാറായില്ല. കോണ്‍ഗ്രസില്‍ തന്റേത് മികച്ച ഇന്നിങ്‌സ് ആയിരുന്നുവെന്നും ബി.ജെ.പിയിലെ പുതിയ ഇന്നിങ്‌സും മികച്ചതാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രണീത് കൗര്‍ പറഞ്ഞു.
2014-ല്‍ ഒഴികെ 1999 മുതല്‍ പട്യാലയില്‍ പ്രണീത് കൗറാണ് വിജയിച്ചുവരുന്നത്. അമരീന്ദര്‍ സിങ്ങും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 13-ല്‍ എട്ടുസീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഇത്തവണ ഇന്ത്യസഖ്യത്തിലുള്ള കോണ്‍ഗ്രസും എ.എ.എപിയും സംസ്ഥാനത്ത് നേരിട്ട് ഏറ്റുമുട്ടും.
Content Highlights: Wife Of Amarinder Singh, Suspended Congress MP Preneet Kaur Joins BJP