പഞ്ചാബിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എ.എ.പി; എട്ടിൽ അഞ്ചും മന്ത്രിമാർ

Photo: ANI
Photo: ANI

ന്യൂഡൽഹി: പഞ്ചാബിൽ ആംആദ്മി പാർട്ടി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 13 സീറ്റുള്ള സംസ്ഥാനത്ത് എട്ടുസീറ്റിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇവരിൽ അഞ്ചുപേരും സംസ്ഥാനമന്ത്രിമാരാണ്. ബാക്കിയുള്ള സീറ്റിലേക്കും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചു.

മന്ത്രിമാരായ കുൽദീപ് സിങ് ദാലിവാൾ (അമൃത്‌സർ), ലാൽജിത് സിങ് ഭുല്ലാർ (ഖദൂർ സാഹിബ്), ഗുർമീത് സിങ് ഖുദിയാൻ (ഭട്ടിൻഡ), ഗുർമീത് സിങ് മീഠ് ഹയെർ (സംഗ്രൂർ), ഡോ. ബൽബീർ സിങ് (പട്യാല) എന്നിവരാണ് മത്സരിക്കുന്നത്. പാർട്ടിയുടെ സിറ്റിങ് എം.പി. സുശീൽ റിങ്കു ജലന്ധറിൽ വീണ്ടും മത്സരിക്കും.

ഈയിടെ കോൺഗ്രസ് വിട്ട് എ.എ.പി.യിൽചേർന്ന മുൻ എം.എൽ.എ. ഗുർപ്രീത് സിങ് ഖുദിയാന് ഫത്തേഗഢ് സാഹിബിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രമുഖ പഞ്ചാബി നടൻ കരംജീത് അൻമോളിൻ ഫരീദ്‌കോട്ടിലും മത്സരിക്കും. ‘ഇന്ത്യ’ സഖ്യമില്ലാതെ തനിച്ചാണ് പഞ്ചാബിൽ എ.എ.പി.യും കോൺഗ്രസും മത്സരിക്കുന്നത്.

Content Highlights: AAP first list for Punjab includes 5 Ministers