ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥികളായി; ബാരാമുള്ളയില്‍ ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള മത്സരിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം പാര്‍ട്ടി നടത്തി. ശ്രീനഗറില്‍ മുതിര്‍ന്ന നേതാവ് അഗാ സയ്യിദ് റൂഹുള്ളയും മത്സരിക്കും. ഇതോടെ ജമ്മു കശ്മീരിലും ലഡാക്കിലുമായി കോണ്‍ഗ്രസിനൊപ്പം മൂന്ന് സീറ്റില്‍ മത്സരിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നേരത്തെ, അനന്ത്നാഗ്- രജൗരിയില്‍ മിയാന്‍ അല്‍ത്താഫ് ലാര്വിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുഹമ്മദ് അക്ബര്‍ ലോണാണ് ബാരാമുള്ളയിലെ സിറ്റിങ് എം.പി. പി.ഡി.പിയിലെ ഫയാസ് അഹമ്മദ് മിറിനോടും പീപ്പിള്‍സ് കോണ്‍ഫറന്‍സിലെ സജാദ് ലോണിനോടുമാണ് ഒമര്‍ അബ്ദുള്ള ഏറ്റുമുട്ടുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ പരമ്പരാഗത മണ്ഡലമായി അറിയപ്പെടുന്ന ശ്രീനഗറില്‍ പി.ഡി.പിയിലെ വഹീദ് ഉര്‍റഹ്മാന്‍ പാരയോട് ഏറ്റുമുട്ടും. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകനും അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും നേരത്തെ പലതവണ ഇവിടെ വിജയിച്ചിട്ടുണ്ട്. അതേസമയം, അനന്ത്നാഗ്- രജൗരിയില്‍ പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തിയാണ് മിയാന്‍ അല്‍താഫ് ലാര്വിയുടെ എതിരാളി.
Content Highlights: Omar Abdullah to contest from Baramulla seat