കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പിന്നീട്, ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടമായി

ന്യൂഡല്‍ഹി: അഞ്ചു മണ്ഡലങ്ങളുള്ള ജമ്മുകശ്മീരില്‍ അഞ്ചുഘട്ടമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് ഏഴ്, മെയ് 13, മെയ് 20 എന്നീ തീയതികളിലാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. ബാരാമുള്ള, ശ്രീനഗര്‍, അനന്തനാഗ്-രജൗരി, ഉദംപുര്‍, ജമ്മു എന്നിവയാണ് മണ്ഡലങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ഉണ്ടാവുമെന്ന സൂചനകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം കശ്മീരില്‍ ഒരേസമയം രണ്ടു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു.
2018 ജൂണ്‍ മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇല്ലാത്ത ജമ്മുകശ്മീരില്‍, രാഷ്ട്രീയ കക്ഷികളുടെ ഏറെനാളത്തെ ആവശ്യമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. 2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുകയായിരുന്നു.
കശ്മീരില്‍ രണ്ടു തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള നീക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പ് അവലോകനത്തിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ദിവസങ്ങള്‍ക്കു മുന്‍പ് കശ്മീരില്‍ എത്തിയിരുന്നു. രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുമായി സംഘം മാര്‍ച്ച് 12-ന് ശ്രീനഗറില്‍ കൂടിക്കാഴ്ചയും നടത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും രണ്ട് തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ചും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥുമായി സംഘം ചര്‍ച്ച നടത്തിയെന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയ വിവരം.
ജില്ലാ പോലീസ് മേധാവിമാരോടും ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും ക്രമസമാധാനപാലനം ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. രണ്ട് തിരഞ്ഞെടുപ്പുകളും ഒരുമിച്ചാകുമ്പോള്‍ അര്‍ധസൈനിക വിന്യാസത്തിന്റെ ആവശ്യകതയും സംഘം ചോദിച്ചറിഞ്ഞിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്ന രാഷ്ട്രീയ നേതാക്കളെയും നേരില്‍ കണ്ടു. കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നതായിരുന്നു നേതാക്കളുടെ പ്രധാന ആവശ്യം.
2018 ജൂണില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) യുമായുള്ള സഖ്യം ബി.ജെ.പി പിന്‍വലിച്ചതോടെയാണ് മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയ്ക്ക് രാജിവെയ്‌ക്കേണ്ടിവന്നത്. അന്നുമുതല്‍ ജമ്മുകശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം മെഹബൂബ ഉന്നയിച്ചതിനുപിന്നാലെ 2018 നവംബറില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് നിയമസഭ പിരിച്ചുവിട്ടു. പിന്നീട് അദ്ദേഹമായിരുന്നു സംസ്ഥാനത്തിന്റെ തലവന്‍.
തുടര്‍ന്ന് 2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെ ജമ്മു കശ്മീരിര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിമാറ്റി. ഇതിനെതിരെ വലിയ പ്രതിഷേധവും ജമ്മുകശ്മീരില്‍ ഉയര്‍ന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബാ മുഫ്തിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രനടപടി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2023 ഡിസംബര്‍ 11-ന് ഏകകണ്ഠമായി ശരിവെച്ചു. ജമ്മു-കശ്മീരിന്റെ ആഭ്യന്തര പരമാധികാരം ഇല്ലാതായെന്നും 370-ാം വകുപ്പ് താത്കാലികമായിരുന്നു എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചത്. ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, 2024 സെപ്റ്റംബര്‍ 30-നകം തിരഞ്ഞെടുപ്പ് നടത്താനും തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. ലഡാക്കിനെ വേര്‍പെടുത്തി പ്രത്യേക കേന്ദ്രഭരണപ്രദേശമാക്കിയതും ശരിവെച്ചിരുന്നു.
ജമ്മു-കശ്മീരിനു വേണ്ടിയുള്ള ഭരണഘടനാ നിര്‍മാണസഭ 1957-ല്‍ ഇല്ലാതായതോടെ 370-ാം വകുപ്പിന് സ്ഥിരസ്വഭാവമായെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീംകോടതി തള്ളിയിരുന്നു. ഭരണഘടനാ നിര്‍മാണസഭയുടെ അഭാവത്തില്‍, താത്കാലിക വകുപ്പായ 370 റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഒരുപോലെയല്ലാത്ത ഫെഡറലിസമാണ് 370-ാം വകുപ്പിന്റെ പ്രത്യേകത, പരമാധികാരമല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
അനുച്ഛേദം 370
ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന വകുപ്പാണ് ഭരണഘടനയുടെ അനുച്ഛേദം 370. ജമ്മു-കശ്മീരിന് പ്രത്യേക ഭരണഘടന രൂപവത്കരിക്കാനും സംസ്ഥാന പതാകയ്ക്കും സ്വയംഭരണത്തിനും ഇത് അനുവാദം നല്‍കുന്നു. ഇന്ത്യ സ്വതന്ത്രയായ 1947 മുതല്‍ ഇന്ത്യക്കും പാകിസ്താനും ചൈനയ്ക്കുമിടയില്‍ ഒരു തര്‍ക്കവിഷയമായി നികൊള്ളുന്നതായിരുന്നു ജമ്മു-കശ്മീര്‍. സംസ്ഥാനത്തിന്റെ പ്രത്യേക പരിതഃസ്ഥിതിവെച്ചാണ് പ്രത്യേകപദവി നല്‍കിയത്.
1952 നവംബര്‍ 17 മുതല്‍ ജമ്മു-കശ്മീരിനെ ഇന്ത്യയിലെ ഒരു സംസ്ഥാനമായി പ്രഖ്യാപിച്ചാണ് പ്രത്യേകപദവി നല്‍കാന്‍ തീരുമാനിച്ചത്. ഭരണഘടനയുടെ 21-ാം ഭാഗത്തില്‍ താത്കാലിക വ്യവസ്ഥയായാണ് അനുച്ഛേദം 370 ഉള്‍പ്പെടുത്തിയത്. 370-ാം അനുച്ഛേദത്തിനുള്ള വ്യവസ്ഥ റദ്ദാക്കാനുള്ള അധികാരം ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭയ്ക്ക് വിട്ടെങ്കിലും അത് റദ്ദാക്കാതെയാണ് പിന്നീട് ജമ്മു-കശ്മീര്‍ ഭരണഘടനാനിര്‍മാണസഭയും പിരിച്ചുവിട്ടത്. 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് പ്രത്യേകപദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കി.
Content Highlights: No assembly elections in Kashmir Lok Sabha elections in 5 phases