രാഹുലും ലാലുവും മുഗളന്മാരെപോലെ, ഇന്ത്യക്കാരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നു- മോദി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭക്ഷണവും വിശ്വാസവും ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ സഖ്യത്തിന്റെ നേതാക്കളായ രാഹുല്‍ ഗാന്ധിയും ലാലുപ്രസാദ് യാദവും രാജ്യത്തെ ഭൂരിഭാഗംവരുന്ന ജനത്തിന്റെ വിശ്വാസങ്ങളെ മനഃപൂര്‍വം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് മോദി ആരോപിച്ചു. ഹിന്ദുക്കള്‍ വിശുദ്ധമായി കരുതുന്ന സാവന്‍ മാസത്തില്‍ രാഹുലും ലാലുവും ഒരുമിച്ച് ആട്ടിറച്ചി പാകംചെയ്തുകഴിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആരോപണം. ജമ്മു-കശ്മീരിലെ ഉദംപുരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയാണ് ആരോപണത്തിന് ആധാരം. രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും ഒരുമിച്ച് ആട്ടിറച്ചി പാകംചെയ്ത് കഴിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ ചൂണ്ടിക്കാട്ടി, നേതാക്കളുടെ പേരുപറയാതെയായിരുന്നു മോദിയുടെ വിമർശനം.
'ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ വിശ്വാസപരമായ വികാരങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇന്ത്യാ സഖ്യമോ ഒരു വിലയും കല്‍പിക്കുന്നില്ല. ജനങ്ങളുടെ വികാരംവെച്ച് കളിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. കോടതി ശിക്ഷിച്ച് ജയിലില്‍ ആയിരുന്ന ഒരു നേതാവ് ജാമ്യത്തില്‍ പുറത്തുവരുന്നു. സാവന്‍ മാസമാണ് എന്നതുപോലും പരിഗണിക്കാതെ മറ്റൊരു നേതാവ് ആ കുറ്റവാളിയെ വീട്ടില്‍ചെന്ന് കണ്ട് ആട്ടിറച്ചി പാകംചെയ്ത് കഴിക്കുന്നു.
എന്നിട്ട് രാജ്യത്തെ ജനങ്ങളെ കളിയാക്കാനെന്ന പോലെ അവരതിന്റെ വീഡിയോ എടുത്ത് പുറത്തുവിടുന്നു. നമ്മുടെ രാജ്യത്തെ നിയമം ആരെയും ഒരുതരത്തിലുള്ള ഭക്ഷണം കഴിക്കുന്നതില്‍നിന്ന് വിലക്കുന്നില്ല. എന്നാല്‍, ഈ നേതാക്കളുടെയൊക്കെ മനസിലിരിപ്പ് വേറെയാണ്. മുഗളന്മാരെപോലെയാണ് ഇവര്‍. ഇന്ത്യയിലെ ക്ഷേത്രങ്ങളൊക്കെയും തകര്‍ക്കുന്നതുവരെയും മുഗളന്മാര്‍ക്ക് തൃപ്തിയുണ്ടായിരുന്നില്ല. അതുപോലെ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ തകര്‍ത്തു തീരുന്നതുവരെ ഇവര്‍ക്ക് തൃപ്തിയുണ്ടാവില്ല', മോദി പറഞ്ഞു.
നവരാത്രികാലത്ത് മത്സ്യ-മാംസാദികള്‍ കഴിക്കുന്ന തേജസ്വി യാദവിന്റെ വീഡിയോ ചൂണ്ടിക്കാട്ടിയും മോദി വിമർശനമുന്നയിച്ചു. നവരാത്രികാലത്ത് മത്സ്യ-മാംസാദികള്‍ കഴിക്കുക. എന്നിട്ട് അതിന്റെ വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുക. ആരെ പ്രീതിപ്പെടുത്താനാണ് ഇവരൊക്കെ ശ്രമിക്കുന്നതെന്ന് മോദി ചോദിച്ചു. തേജസ്വിയെ 'സീസണല്‍ സനാതനക്കാരന്‍' എന്നാണ് ബി.ജെ.പി. വിളിച്ചത്. അതേസമയം, നവരാത്രി തുടങ്ങുന്നതിന് തലേന്ന്, ഏപ്രില്‍ എട്ടിനാണ് ആ വീഡിയോ എടുത്തതെന്നായിരുന്നു തോജസ്വിയുടെ വിശദീകരണം.
Content Highlights: modi compares rahul gandhi and lalu prasad yadav to mughals