കങ്കണയ്‌ക്കെതിരെ മണ്ഡിയില്‍ വിക്രമാദിത്യ സിങ് തന്നെ; കോണ്‍ഗ്രസില്‍ തീരുമാനം

വിക്രമാദിത്യ സിങ് , കങ്കണ റണൗട്ട് | ഫോട്ടോ: PTI
വിക്രമാദിത്യ സിങ് , കങ്കണ റണൗട്ട് | ഫോട്ടോ: PTI

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന്  ഹിമാചല്‍ പ്രദേശ് പി.സി.സി അധ്യക്ഷയും മണ്ഡി സിറ്റിംഗ് എം.പിയുമായ പ്രതിഭ സിങ്. 

ബി.ജെ.പി സ്ഥാനാര്‍ഥിയായ നടി കങ്കണ റണൗട്ടാണ്‌സിങ്ങിന്റെ മുഖ്യ എതിരാളി.മൂന്ന് തവണ മണ്ഡി എം.പിയായ പ്രതിഭ സിങ്ങിന്റെയും ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വിക്രമാദിത്യ സിങ് മാണ്ഡിയില്‍ മത്സരിക്കുമെന്ന് പ്രതിഭ സിങ് പ്രഖ്യാപിച്ചത്.

പല പ്രതിസന്ധി ഘട്ടങ്ങളിലും ഈ സീറ്റ് നേടിയിട്ടുണ്ടെന്ന് വിക്രമാദിത്യ സിങ്ങിനെതിരെ കങ്കണ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരായി പ്രതിഭ സിങ് പ്രതികരിച്ചു. കങ്കണ മുമ്പ് ബീഫ് കഴിക്കുമായിരുന്നെന്ന വിക്രമാദിത്യ സിങിന്റെ പരാമര്‍ശത്തില്‍ ഭീഷണിപ്പെടുത്തി തന്നെ തിരിച്ചയക്കാന്‍ നോക്കേണ്ടെന്ന്  മണാലിയിൽ നടന്ന തിരഞ്ഞെടുപ്പു റാലിക്കിടെ കങ്കണ ആഞ്ഞടിച്ചിരുന്നു.ഹിമാചലില്‍ പ്രളയമുണ്ടായപ്പോള്‍ ഒരു ദിവസമെങ്കിലും കങ്കണ മണാലി സന്ദര്‍ശിച്ചോയെന്നും  വിക്യമാദിത്യ സിങ് കുറ്റപ്പെടുത്തിയിരുന്നു. 

കോണ്‍ഗ്രസ് നേതൃത്വം വിളിപ്പിച്ചതിനെത്തുടർന്ന് വിക്രമാദിത്യ സിങും പ്രതിഭാ സിങും ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.താന്‍ മത്സരത്തിനില്ലെന്ന് സിറ്റിങ് എംപിയായ പ്രതിഭാ സിങ് നേരത്തെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.

Content Highlights: Vikramaditya Singh to take on Kangana Ranaut in Mandi, says mother and sitting MP Pratibha