'മത്സ്യം കഴിക്കുന്ന തേജസ്വി സൂര്യ'; ആളുമാറി സ്വന്തം പാർട്ടിയിലെ നേതാവിനെതിരേ വിമർശനവുമായി കങ്കണ

ന്യൂഡല്‍ഹി: പേരുമാറി സ്വന്തം പാര്‍ട്ടിയിലെ നേതാവിനെ വിമര്‍ശിച്ച് ബോളിവുഡ് നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. ആര്‍.ജെ.ഡി. നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണ് പേരുമാറി സ്വന്തം നേതാവിനെതിരെ തിരിഞ്ഞത്. തേജസ്വി യാദവിന് പകരം ബെംഗളൂരു സൗത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും യുവമോര്‍ച്ച മുന്‍ ദേശീയ അധ്യക്ഷനും ബി.ജെ.പിയുടെ തീപ്പൊരു നേതാവുമായ തേജസ്വി സൂര്യയുടെ പേരായിരുന്നു കങ്കണ പ്രസംഗത്തില്‍ പറഞ്ഞത്.
'പരാജയപ്പെട്ട യുവരാജാക്കന്മാരുടെ പാര്‍ട്ടിയുണ്ട്. എവിടെയാണ് പോകേണ്ടതെന്ന് അവര്‍ക്കുതന്നെ അറിയില്ല. അത് ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന രാഹുല്‍ഗാന്ധിയാവട്ടെ, ഗുണ്ടായിസം കാണിക്കുകയും മത്സ്യം കഴിക്കുകയുംചെയ്യുന്ന തേജസ്വി സൂര്യയാവട്ടെ', എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍. തേജസ്വി യാദവ് നവരാത്രിദിവസങ്ങളില്‍ മീന്‍ കഴിച്ചെന്ന ആരോപണവുമായി ബി.ജെ.പി. നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണ വിമര്‍ശനം ഉന്നയിച്ചത്.
കങ്കണയുടെ വീഡിയോ പങ്കുവെച്ച് പരിഹാസവുമായി തേജസ്വി യാദവ് രംഗത്തെത്തി. 'ഇതേതാണീ സ്ത്രീ'യെന്നായിരുന്നു തേജസ്വിയുടെ ചോദ്യം. എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ കങ്കണയുടെ വീഡിയോയുടെ പേരിൽ വലിയ പരിഹാസമാണ് ഉയരുന്നത്. മണ്ഡിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കങ്കണയുടെ നാക്കുപിഴ.
Content Highlights: Kangana Ranaut against Tejashwi Yadav, but makes a mistake