നേതാജി ആദ്യ പ്രധാനമന്ത്രിയെന്ന് കങ്കണ; എവിടെനിന്ന് പഠിച്ചെന്ന പരിഹാസവുമായി ബി.ആര്‍.എസ്. നേതാവ്

കങ്കണാ റണാവത്ത് | Photo: ANI
കങ്കണാ റണാവത്ത് | Photo: ANI

ഹൈദരാബാദ്: നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിച്ച നടിയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്തിനെ പരിഹസിച്ച് ബി.ആര്‍.എസ്. (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ.ടി. രാമറാവു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

വടക്കുനിന്നുള്ള ഒരു ബി.ജെ.പി. സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബി.ജെ.പി. നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെനിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത്, രാമറാവു എക്‌സില്‍ കുറിച്ചു. 

ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു, കങ്കണാ റണാവത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് നേതാവായ സുപ്രിയ ശ്രീനേതും കങ്കണയുടെ പ്രസ്താവനയില്‍ പ്രതികരിച്ചിരുന്നു. കങ്കണയെ അങ്ങനെ വിലകുറച്ച് കാണേണ്ടെന്നും, ബി.ജെ.പി. നേതാക്കളുടെ പട്ടികയില്‍ അവര്‍ മുന്‍നിരയിലെത്തുമെന്നും സുപ്രിയ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍നിന്നാണ് കങ്കണ ജനവിധി തേടുന്നത്.
 

Content Highlights: kangana calls netaji first pm of india brs leader mocks