സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടര്‍, ഇത്തവണ വോട്ട് ചെയ്യാനില്ല

ഹിമാചല്‍ പ്രദേശില്‍ മണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ കല്പ ഗ്രാമത്തില്‍ വോട്ടു ചെയ്യാന്‍ ഇത്തവണ നേഗിയില്ല. രാജ്യത്തെ അതി വിശിഷ്ട വോട്ടര്‍ക്ക് പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരുടെ ചുവപ്പ് പരവതാനി സ്വീകരണവുമുണ്ടാകില്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടര്‍ കൂടിയായ ശ്യാം ചരണ്‍ നേഗി എന്ന് ഹിമാചല്‍ പ്രദേശുകാരന്‍ വോട്ടു ചെയ്യാത്ത ആദ്യ തിരഞ്ഞെടുപ്പിനാണ് തിരശ്ശീല വീഴുന്നത്.
ആദ്യ പൊതുതിരഞ്ഞെടുപ്പു മുതല്‍ ഇത:പര്യന്തമുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്്തിട്ടുള്ള നേഗി 2022 നവംബര്‍ 22-നാണ് അന്തരിച്ചത്. അതും ഇക്കഴിഞ്ഞ ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ 34 ാംമത് വോട്ടവകാശവും വിനിയോഗിച്ച ശേഷം 106-ാം വയസ്സില്‍.
ലോകം ഉറ്റു നോക്കിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യപൊതു തിരഞ്ഞെടുപ്പില്‍ ശ്യാം സരണ്‍ നേഗി എന്ന ഹിമാചല്‍ പ്രദേശുകാരന്‍ രചിച്ചത് ചരിത്രംകൂടിയാണ്.
രാജ്യത്തെ ആദ്യ വോട്ടെടുപ്പില്‍ ആദ്യം വോട്ടു ചെയ്ത ഇന്ത്യന്‍ പൗരന്‍ എന്നതാണ് നേഗിയുടെ റെക്കോര്‍ഡ്. എല്ലാ പൊതു തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്ത ഇന്ത്യന്‍ പൗരന്‍മാര്‍ വേറെയുമുണ്ടാകാം. പക്ഷെ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറെന്ന് ഖ്യാതി നേഗിക്ക് മാത്രം.
ആദ്യ പൊതു തിരഞ്ഞെടുപ്പ്. രാജ്യത്ത് എല്ലായിടത്തും 1952 ഫെബ്രുവരിയില്‍ നടന്നപ്പോള്‍ കനത്ത മഞ്ഞു വീഴ്ച കാരണം ഹിമാചല്‍ പ്രദേശിലെ പര്‍വ്വത മേഖലയായ മന്‍ഡി-മഹസു ഇരട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ആറുമാസം നേരത്തെയാക്കി. അതായത് 1951 ഒക്ടോബര്‍ 25 ന്. ടിബറ്റന്‍ അതിര്‍ത്തിയിലെ ഈ പ്രദേശത്തെ ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആറു മാസം മുമ്പാണ് വോട്ടു രേഖപ്പെടുത്തിയത്.
യാത്ര ദുഷ്‌ക്കരമായ റോഡും പ്രതികൂലമായ കാലാവസ്ഥയും കാരണം പോളിംഗ് സംഘത്തിന് ബൂത്തുകളിലെത്താന്‍ അന്ന് പത്ത് ദിവസത്തെ ട്രക്കിംഗ് വേണ്ടി വന്നു. കഴുതപ്പുറത്താണ് ചീനി വില്ലേജ് പോളിംഗ് സ്റ്റേഷനിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിച്ചത്.
അധ്യാപകനായിരുന്ന ശ്യം ചരണ്‍ നേഗിയ്ക്ക് വോട്ട് ഇപ്പോള്‍ കല്പ എന്നറിയപ്പെടുന്ന അന്നത്തെ ചീനി എന്ന ബൂത്തിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടി അടുത്ത ഗ്രാമമായ ഷോണ്‍തോംഗ് ബൂത്തിലുമായിരുന്നു. ഏഴ് മണിക്ക് തുടങ്ങേണ്ട വോട്ടെടുപ്പിന് അര മണിക്കൂര്‍ മുമ്പ് നേഗി സ്വന്തം ബൂത്തിലെത്തി ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ടു. നിയമത്തിലും ചട്ടത്തിലും സംശയിക്കാതെ പോളിംഗ് ഉദ്യോഗസ്ഥന്‍ നേഗിക്ക് അര മണിക്കൂര്‍ മുമ്പ് ബാലറ്റ് പേപ്പര്‍ അനുവദിച്ചു. ചെറിയ റോഡുണ്ടായിരുന്നെങ്കിലും വാഹന സൗകര്യമില്ലാതിരുന്ന അന്നത്തെ കല്പയില്‍ വോട്ട് ചെയ്ത ശേഷം പോളിംഗ് ഡ്യൂട്ടിയുള്ള ബൂത്തിലേക്ക് നേഗി ഓടിയെത്തുകയായിരുന്നു. എത്തിയത്,ആറുമാസം മുമ്പ് തിരഞ്ഞെടുപ്പ് നടന്ന ബൂത്തില്‍ അര മണിക്കൂര്‍ മുമ്പ് വോട്ട് ചെയ്ത് നേഗി ഒന്നാമനായി.
രാജ്യത്തെ ആദ്യ വോട്ടര്‍ താനായിരിക്കും എന്നറിയാവുന്ന ശ്യാം സരണ്‍ നേഗിയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹിമാചലിലെ ഒരു അതിവിദൂര ഗ്രാമത്തില്‍ നിന്ന് കണ്ടെത്തുന്നത് 45 വര്‍ഷത്തിന് ശേഷം 2007 ലും. നേഗിയുടെ അവകാശവാദം രേഖകള്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചു. അന്ന് മുതല്‍ നേഗി ഇന്ത്യയിലെ വി.വി.ഐ.പി വോട്ടറാണ്.
'വോട്ടു ചെയ്തു കൊണ്ടേയിരിക്കണം.കാരണം വോട്ട് പൗരന്റെ പ്രതിജ്ഞയാണ്'- 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് കല്പയില്‍ വെച്ച് കാണുമ്പോള്‍ നേഗി പറഞ്ഞു. ചൈനീസ് ടിബറ്റുമായി അതിരിടുന്ന കിനോര്‍ ജില്ലയുടെ കിഴക്കന്‍ ഭാഗത്തെ കല്പ ഗ്രാമം അന്ന് സന്ദര്‍ശിച്ചത് നേഗിയെ കാണാനായിരുന്നു. പ്രായാധിക്യം തളര്‍ത്തിയെങ്കിലും തിരഞ്ഞെടുപ്പുകളോടുള്ള ആവേശം നേഗിയുടെ വാക്കുകളില്‍ തെളിഞ്ഞു കണ്ടു. ബി.ജെ.പിക്ക് വേണ്ടി നടി കങ്കണ റണൗട്ടും ഹിമാചല്‍ മന്ത്രി കോണ്ഡഗ്രസിന്റെ വിക്രമാദിത്യ സിങും ഏറ്റമുട്ടുന്ന മണ്ഡിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ കല്പയില്‍ ഇത്തവണ വോട്ടെടുപ്പു ദിവസം മാധ്യമങ്ങളുടെ പടയുണ്ടാവില്ല.-നേഗിയുടെ വോട്ട് പകര്‍ത്താന്‍.
Content Highlights: Independent Indias First Voter-Shyam Saran Negi-No voting this time