സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ഷകരോട് പ്രതിബദ്ധതയില്ല- അക്ഷയ് നര്‍വാൾ

ഹരിയാണ (റോഹ്തക്): കര്‍ഷക സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ മാസങ്ങളോളം സമരമിരുന്ന കര്‍ഷകര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യമായിരുന്നു വിളകള്‍ക്ക് മിനിമം താങ്ങുവില (എം.എസ്.പി) ലഭിക്കണമെന്നത്. എന്നാല്‍ ഇപ്പോഴും രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ വെറും ആറ് ശതമാനം വിളകള്‍ക്ക് മാത്രമാണ് താങ്ങുവില ലഭിക്കുന്നത്. ഇത് രാജ്യത്തെ കര്‍ഷകരെ വീണ്ടും കടക്കെണിയിലാഴ്ത്തുന്നു. ഇതിനെതിരെയാണ് കര്‍ഷകര്‍ വീണ്ടും പ്രതിഷേധിക്കുന്നത്.
രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഏറ്റവുമധികം കര്‍ഷകര്‍ പ്രതിഷേധിച്ചതും പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഈ സംസ്ഥാനങ്ങളില്‍ നിലവിലുള്ള മണ്ഡി സംവിധാനത്തെ ഇല്ലാതാക്കുന്നതാണ് മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന കാര്‍ഷിക നിയമങ്ങളെന്നതാണ് ഇതിന് കാരണം. ഇത് കര്‍ഷകരെ സ്വകാര്യ സ്ഥാപനങ്ങളുടെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന സാഹചര്യമുണ്ടാക്കും.
കര്‍ഷക സമരത്തെ കുറിച്ചും കാര്‍ഷിക നിയമങ്ങളെ കുറിച്ചും ഹരിയാണയില്‍ നിന്നുമുള്ള കര്‍ഷക നേതാവും രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘ് ഭാരവാഹിയുമായ അക്ഷയ് നര്‍വാള്‍ സംസാരിക്കുന്നു.
കര്‍ഷകരുടെ ആവശ്യം എം.എസ്.പി.
രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകിയ സാഹചര്യത്തില്‍ പ്രൊഫസര്‍ എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ദേശീയ കമ്മീഷന്‍ മുന്നോട്ടുവെച്ച ആശയമാണ് എം.എസ്.പി. സി 2 ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കണമെന്നായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. അതായത് കര്‍ഷകര്‍ക്ക് കാര്‍ഷികോത്പന്നങ്ങള്‍ കൃഷി ചെയ്യുന്നതിന് ആവശ്യമായി വരുന്ന ചിലവും കര്‍ഷകരുടെ ലാഭവിഹിതവും കണക്കിലെടുത്താകണം താങ്ങുവില നിശ്ചയിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നൂറ് രൂപ ചിലവില്‍ കാര്‍ഷികോത്പന്നം ഉത്പാദിപ്പിക്കുന്ന കര്‍ഷകന് 150 രൂപ താങ്ങുവില ലഭിക്കണം. ഇത് മുഴുവന്‍ കാര്‍ഷികോത്പന്നങ്ങള്‍ക്കും ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ഓരോ വര്‍ഷവും കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ ക്രോപ്‌സ് ആന്‍ഡ് പ്രൈസസ് (സി.എ.സി.പി.) നിശ്ചയിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് എം.എസ്.പി. ലഭിക്കുക.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ആറ് ശതമാനം കാര്‍ഷികോത്പന്നങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ എം.എസ്.പി. ലഭിക്കുന്നത്. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ അനുസരിച്ച് 2020 സാമ്പത്തിക വര്‍ഷത്തില്‍ 40 ലക്ഷം കോടിയ ടെ കാര്‍ഷികോത്പന്നങ്ങളാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. എന്നാല്‍ 2020ല്‍ താങ്ങുവില ലഭിച്ച 24 കാര്‍ഷികോത്പന്നങ്ങളുടെ വിപണി മൂല്യം വെറും പത്തു ലക്ഷം കോടി രൂപയാണ്. രാജ്യത്തെ കര്‍ഷക നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടത് കാര്‍ഷിക യോജനകളല്ല. കര്‍ഷകരുടെ പരമാവധി വിളകള്‍ക്ക് മിനിമം താങ്ങുവിലയെന്ന നിയമപരിരക്ഷയാണ്. ഇതിനായി സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയാണ് കര്‍ഷകര്‍ ക്രിമിനല്‍ കേസുകള്‍ ചുമത്തിയതും രാജ്യദ്രോഹികളായി മുദ്ര കുത്തിയതും. ഒടുവില്‍ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ കീഴടങ്ങിയാണ് മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. കര്‍ഷകര്‍ സമരം പിന്‍വലിക്കുന്ന ഘട്ടത്തില്‍ എം.എസ്.പി. ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ഉറപ്പു നല്‍കിയ മോദി സര്‍ക്കാര്‍ ഇനിയും അത് പാലിച്ചിട്ടില്ല-അക്ഷയ് നര്‍വാള്‍ വ്യക്തമാക്കി.
മണ്ഡികള്‍ അപ്രത്യക്ഷമാകരുത്
പഞ്ചാബിലും ഹരിയാണയിലുമാണ് സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന എ.പി.എം.സി മണ്ഡികള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കാര്‍ഷിക നിയമങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരെയാണ്. വിവാദ കാര്‍ഷിക നിയമങ്ങളിലെ ആദ്യത്തെ നിയമമായ ദി ഫാര്‍മര്‍ പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് എഗ്രിമെന്റ് അനുസരിച്ച് കര്‍ഷകരില്‍ നിന്നും സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അധിക നികുതി ഏതുമില്ലാതെ വിളകള്‍ നേരിട്ടു വാങ്ങാം. ഇത് കാലക്രമേണ എ.പി.എം.സി. മണ്ഡികളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ കുത്തകാവകാശം (ട്രേഡ് മോണോപോളി) ലഭിക്കുന്നതിനും കാരണമാക്കും.
കര്‍ഷകരില്‍ നിന്നും പാന്‍ കാര്‍ഡ് മാത്രം ഉപയോഗിച്ചാണ് ഇവര്‍ വിളകള്‍ വാങ്ങുന്നത്. ഇവിടെ നഷ്ടമാകുന്നത് സര്‍ക്കാരിന് കര്‍ഷകരോടുള്ള പ്രതിബദ്ധതയാണ്. പരാതിയുമായി കര്‍ഷകര്‍ക്ക് എ.പി.എം.സി. മണ്ഡികളെ സമീപിക്കാന്‍ കഴിയുന്നത് പോലെ സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളടുടെയോ അടുത്ത് ചെല്ലാനാകില്ല. സര്‍ക്കാരിന് കര്‍ഷകരോടുള്ള പ്രതിബദ്ധത ഒരിക്കലും സ്വകാര്യ വ്യക്തികളില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല - അക്ഷയ് നര്‍വാള്‍ വ്യക്തമാക്കി.
രണ്ടാമത്തെ പ്രശ്‌നമാണ് കോണ്‍ട്രാക്റ്റ് ഫാമിങ് അഥവാ കരാര്‍ കൃഷി. സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള കരാര്‍ കൃഷിയിലും കര്‍ഷകര്‍ നേരിടുന്നത് ഇതേ പ്രശ്‌നമാണ്. സ്വകാര്യ കമ്പനികള്‍ ഹെക്ടര്‍ കണക്കിന് ഭൂമിയിലാകും കര്‍ഷകരുമായി കരാര്‍ കൃഷിയില്‍ ഏര്‍പ്പെടുക. ഇവിടെ സ്വാഭാവികമായും വലിയ യന്ത്രങ്ങള്‍ ആവശ്യമായി വരും. ആത്യന്തികമായി ഇത് ബാധിക്കുക കര്‍ഷകരുടെ തൊഴിലിനെയാണ്. കമ്പനികള്‍ക്ക് ആവശ്യമായ അളവിലും ആകൃകതിയിലുമുള്ള വിളകള്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധ്യമായെന്ന് വരില്ല. ജനിതക മാറ്റം വരുത്തിയ വിത്തുകളും വളവും ഉപയോഗിക്കുന്നതിന് കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് ന യിക്കും.
കര്‍ഷകര്‍ കൃഷി ചെയ്യുന്ന മണ്ണിന്റെ ഘടനയെ തന്നെ ഇത് ബാധിച്ചേക്കാം. വിളകള്‍ വാങ്ങുന്നതിന് സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ തയ്യാറാകാതിരുന്നതാല്‍ കര്‍ഷകര്‍ കടക്കെണിയിലാകും. ഇതിന് പുറമേ മാര്‍ക്കറ്റില്‍ കൃത്രിമമായ ആവശ്യം സൃഷ്ടിക്കുന്നതിനും പൂഴ്ത്തിവെയ്പ്പിനും കരിച്ചന്തയ്ക്കും വരെ സര്‍ക്കാരിന്റെ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്റ്റ് പോലെയുള്ള നിയമങ്ങള്‍ അവസരമൊരുക്കുമായിരുന്നെന്നും അക്ഷയ് നര്‍വാള്‍ പറഞ്ഞു.
Content Highlights: Private individuals and institutions lack commitment to farmers- Akshay Narwal