ജൂണ്‍ നാലിന് ശേഷം രാഹുലിന് 'കോണ്‍ഗ്രസിനെ കണ്ടെത്താന്‍ യാത്ര' നടത്തേണ്ടിവരും- അമിത് ഷാ

അമിത് ഷാ  |ഫോട്ടോ:ANI
അമിത് ഷാ |ഫോട്ടോ:ANI

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

ഹരിയാണയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന്റെ ആദ്യനാലു ഘട്ടം പിന്നിട്ടപ്പോഴുള്ള സ്ഥിതി സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ബിജെപി ഇതിനോടകം 270 സീറ്റുകളിലധികംനേടി കഴിഞ്ഞെന്ന് അമിത് ഷാ മറുപടി നല്‍കി. അടുത്ത മൂന്ന് ഘട്ടങ്ങള്‍കൂടി കഴിയുമ്പോള്‍ ബിജെപി 400 സീറ്റ് കടക്കുമെന്നും കോണ്‍ഗ്രസ് 40 കടക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 

'കോണ്‍ഗ്രസിന്റെ രാജകുമാരന്‍ രാഹുല്‍ബാബ, ഭാരത്‌ജോഡോ യാത്ര നടത്തിയിരുന്നു. ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും. ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല'  അമിത് ഷാ പറഞ്ഞു.

ഒരു വശത്ത് വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുലും മറുവശത്ത് ദരിദ്ര കുടുംബത്തില്‍ ജനിച്ച പ്രധാനമന്ത്രി മോദിയുമാണെന്നും അമിത് ഷാ റാലിക്കിടെ പറഞ്ഞു. ഇന്ത്യയില്‍ ചൂട്കൂടുമ്പോള്‍ രാഹുല്‍ തായ്‌ലന്‍ഡിലേക്കും ബാങ്കോക്കിലേക്കും പോകും. തന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, ജൂണ്‍ നാലിന് ഫലം വന്നശേഷം ജൂണ്‍ ആറിന് രാഹുല്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുമെന്നും അമിത് ഷാ പറഞ്ഞു.

Content Highlights: After June 4-Rahul Gandhi will have to take out Congress Dhundo Yatra-Amit Sha