'എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് ഭയമില്ല, ഞാന്‍ ജനിച്ചത് ബിഹാറിന്റെ മണ്ണിൽ' -കനയ്യ കുമാർ

കനയ്യ കുമാർ | Photo: Asian News International
കനയ്യ കുമാർ | Photo: Asian News International

ന്യൂഡല്‍ഹി: തനിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാര്‍. തന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായാണ് ഞാന്‍ ഈ വാര്‍ത്താ സമ്മേളനം നടത്തുന്നത്. നമ്മുടെ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് നടത്തേണ്ടചുമതലയുള്ള ഒരു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവിടെയുണ്ട്.' -കനയ്യ കുമാര്‍ പറഞ്ഞു. 

'എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് എനിക്ക് ഭയമില്ല. ഞാന്‍ ബിഹാറിന്റെ മണ്ണിലാണ് ജനിച്ചത്. എന്റെ ജീവിതം ഒരു പോരാട്ടമാണ്.' -കനയ്യ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസമാണ് കനയ്യ കുമാറിനെതിരെ ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാലയിടാനെന്ന വ്യാജേനയെത്തിയ അക്രമികളാണ് അദ്ദേഹത്തെ മര്‍ദിച്ചത്. ഒപ്പമുണ്ടായിരുന്ന എ.എ.പി. വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മയോടും അക്രമികള്‍ മോശമായി പെരുമാറിയിരുന്നു. ഡല്‍ഹി കര്‍ത്താര്‍ നഗറിലെ എ.എ.പി. ഓഫീസിന് സമീപമായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയായ ബി.ജെ.പി. നേതാവ് മനോജ് തിവാരിയാണെന്ന് കനയ്യ നേരത്തേ ആരോപിച്ചിരുന്നു. 

പരാജയഭീതി കാരണം ബി.ജെ.പി. അക്രമം അഴിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഗാന്ധിയന്‍ പാര്‍ട്ടിയാണ്, ഗോഡ്‌സേയുടെ പാര്‍ട്ടിയല്ല. തങ്ങള്‍ ഭയക്കുന്നവരല്ല, മറിച്ച് നീതിക്കായി പോരാടുന്നവരാണ് എന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. 

'സാദാ എം.പി. മുതല്‍ പ്രധാനമന്ത്രി വരെ, വടക്കുമുതല്‍ തെക്കുവരെ ബി.ജെ.പി. ഭയാശങ്കയിലാണ്. ജൂണ്‍ നാലിന് അവര്‍ തുടച്ചുനീക്കപ്പെടും.' -ജയ്‌റാം രമേശ് പറഞ്ഞു. 'ഡരോ മത്' (ഇങ്ങനെ പേടിക്കല്ലേ) എന്ന ഹാഷ് ടാഗിനൊപ്പമായിരുന്നു ജയ്‌റാം രമേശിന്റെ ട്വീറ്റ്. 

Content Highlights: 'Not worried about my own security', says Congress candidate Kanhaiya Kumar on attack against him