പ്രചാരണത്തിന് എ.എ.പി.യുടെ സംഘടനാബലം; ഡൽഹിയിൽ കളംനിറഞ്ഞ് കനയ്യകുമാർ

ന്യൂഡൽഹി: ഡൽഹി പട്ടണത്തിന്റെ പൊലിമകളില്ലാത്ത സീമാപുരി ഗാവിൽ കുറച്ചു ബിഹാറുകാർ കോൺഗ്രസ് കൊടിപിടിച്ച് വഴിവക്കിൽ കുത്തിയിരിക്കുന്നു. നടപ്പാതയ്ക്കുതാഴെ ഷീറ്റുമേഞ്ഞ ചെറുമുറികൾക്കുമുകളിലും മൂവർണക്കൊടി. കൂലിപ്പണിക്കാരായ അവരെല്ലാം കാത്തിരിക്കുന്നത് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി ബിഹാറുകാരനായ കനയ്യകുമാറിന്റെ വരവിനായി.
ജെ.എൻ.യു.വിലെ തീപ്പൊരിനേതാവിനെ കാണാനും ചിത്രമെടുക്കാനും നേരത്തേ പണിതീർത്തുവന്നതാണെന്ന് കൂട്ടത്തിലെ ചെറുപ്പക്കാരനായ ഗണേഷ്. കോൺഗ്രസ് ജയിക്കുമെന്ന് ഗണേഷിന്റെ ഉറപ്പ്. കൂടിനിന്നവർ ശരിവെച്ചു. ബി.ജെ.പി. പാവപ്പെട്ടവർക്ക് ഒന്നും ചെയ്യുന്നില്ലെന്നായി പിന്നെ ചർച്ച. അപ്പോഴേക്കും പ്രചാരണവാഹനമെത്തി.
എ.എ.പി. കരുത്തിൽ കോൺഗ്രസ്
ആം ആദ്മി പാർട്ടിയുടെ കൊടിയുമായി മുമ്പിൽ വാഹനജാഥ. ഇടയിൽ കോൺഗ്രസ് പതാകകളുണ്ട്. കനയ്യ കാറിൽനിന്നിറങ്ങി. ചെറുസ്വീകരണം. സീമാപുരിയിലെ എ.എ.പി. എം.എൽ.എ. രാജേന്ദ്ര പാൽ ഗൗതമാണ് കനയ്യയെ പരിചയപ്പെടുത്തുന്നത്. എല്ലാവർക്കും മുഖം നൽകി ചിരിച്ച് ഫോട്ടോയെടുത്ത് സ്ഥാനാർഥി കളംനിറയുന്നു.
ബിഹാറിലെ ബെഗുസരായിയിൽനിന്ന് എ.ഐ.എസ്.എഫിലൂടെ ഡൽഹിയിൽ ജെ.എൻ.യു. വിദ്യാർഥി യൂണിയൻ നേതൃത്വത്തിലും സി.പി.ഐ. ദേശീയ കൗൺസിലിലുമെത്തിയ കനയ്യ 2022-ലാണ് കോൺഗ്രസിലെത്തിയത്. എ.എ.പി.-കോൺഗ്രസ് സഹകരണം എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോൾ ‘‘ജൂൺ നാലിന് ഫലത്തിലറിഞ്ഞോളൂ’’ എന്ന് കനയ്യയുടെ മറുപടി. പ്രചാരണത്തിന് എ.എ.പി.യുടെ സംഘടനാബലത്തെയാണ് കോൺഗ്രസ് ആശ്രയിക്കുന്നത്.
ഇന്ത്യസഖ്യം ശക്തമാണെന്ന് തോന്നിപ്പിക്കുന്ന പ്രചാരണം വോട്ടാകുമോയെന്ന് കാത്തിരുന്നറിയണം. എങ്കിലും താഴെത്തട്ടിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇരുപാർട്ടികൾക്കും മടിയൊന്നുമില്ലെന്നത് വ്യക്തമാണ്.
ഡൽഹിയിലെ പൂർവാഞ്ചൽ മണ്ഡലം
ഉത്തർപ്രദേശുകാരും ബിഹാറുകാരും ജനവിധി നിർണയിക്കുന്ന ലോക്‌സഭാ മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി. ജോലിയന്വേഷിച്ച് കുടിയേറിയ പൂർവാഞ്ചൽ (പടിഞ്ഞാറൻ) വോട്ടർമാരാണ് നിർണായകം. വോട്ടർമാരിൽ 30 ശതമാനം പൂർവാഞ്ചൽകാരാണെന്നാണ് കണക്ക്.
അനധികൃത കോളനികളിലും ചേരികളിലും താമസിക്കുന്ന ഇവരുടെ ആവശ്യം മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളാണ്. കോളനികൾ നിയമപരമാക്കണമെന്നും ചേരികളിലുള്ളവരെ പുനരധിവസിപ്പിക്കണമെന്നും ക്ഷേമപദ്ധതികൾ നടപ്പാക്കണമെന്നും ആവശ്യമുണ്ട്. രണ്ടുതവണ എം.പി.യായിരുന്ന ഭോജ്പുരി ഗായകൻ മനോജ് തിവാരിയാണ് ഇത്തവണയും ബി.ജെ.പി. സ്ഥാനാർഥി.
Content Highlights: North East Delhi Congress candidate: Kanhaiya Kumar