ഡല്‍ഹിയിലും പഞ്ചാബിലും ഇന്ത്യ സഖ്യം നേട്ടമുണ്ടാക്കും- ദേവേന്ദ്ര യാദവ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഡല്‍ഹിയിലും പഞ്ചാബിലും പ്രതിപക്ഷ സഖ്യം കൂടുതല്‍ സീറ്റുനേടി നേട്ടമുണ്ടാക്കുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണുള്ളതെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷനും പഞ്ചാബിന്റെ എ.ഐ.സി.സി. ഇന്‍ചാര്‍ജുമായ ദേവേന്ദ്ര യാദവ് 'മാതൃഭൂമി'യോട് പറഞ്ഞു. ഡി.പി.സി.സി. മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്‌ലി രാജിവെച്ചപ്പോള്‍ കഴിഞ്ഞമാസമാണ് ഇടക്കാല പ്രസിഡന്റായി ദേവേന്ദ്ര യാദവ് ഡല്‍ഹിയില്‍ പാര്‍ട്ടിത്തലപ്പത്തേക്കു വന്നത്. ഡല്‍ഹിയിലെ ഇന്ത്യ സഖ്യം ദൃഢമാണെന്നാണ് താഴെത്തട്ടില്‍നിന്നുള്ള റിപ്പോര്‍ട്ടുകളെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലും പഞ്ചാബിലും തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണെന്ന് ഇരുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ചുമതലയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കാനുള്ള നിര്‍ണായക പോരാട്ടത്തിനാണ് ഇന്ത്യ സഖ്യം രൂപവത്കരിച്ചത്. ഡല്‍ഹിയില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ സഖ്യം വേണമെങ്കിലും പഞ്ചാബില്‍ സ്ഥിതി അതല്ല.
ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസാണ് മുഖ്യ പ്രതിപക്ഷം. അകാലിദളുമായുള്ള എന്‍.ഡി.എ. സഖ്യം തകര്‍ന്നതോടെ ബി.ജെ.പി. നിലനില്‍പ്പിന് പ്രയാസപ്പെടുകയാണ്. എ.എ.പിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. അവിടെ ഇന്ത്യ സഖ്യമില്ലെങ്കിലും ബി.ജെ.പി. നിലംപരിശാകും. പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യത്തിന് ഡല്‍ഹിയിലെയും പഞ്ചാബിലെയും സീറ്റുകള്‍ ബലമാകുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഡല്‍ഹിയില്‍ ആറാം ഘട്ടത്തിലും പഞ്ചാബില്‍ ഏഴാം ഘട്ടത്തിലുമാണ് തിരഞ്ഞെടുപ്പ്.
Content Highlights: India alliance will gain in Delhi and Punjab-Congress