ഡൽഹിയിൽ അഞ്ചുസീറ്റിൽ എഎപി, കോൺഗ്രസിന് രണ്ടും ചണ്ഡീഗഢും; പഞ്ചാബിൽ നേർക്കുനേർ, പുതിയ സമവാക്യം

ന്യൂഡല്‍ഹി: പഞ്ചാബില്‍ പരസ്പരം ഏറ്റുമുട്ടുമെങ്കിലും ഡല്‍ഹിയിലും ചണ്ഡീഗഢിലും കോണ്‍ഗ്രസ്-എ.എ.പി. സഖ്യത്തിന് ഫോര്‍മുല തയ്യാറാകുന്നു. ചണ്ഡീഗഢ്കൂടി ഉള്‍പ്പെടുത്തി 5-3 എന്ന സമവാക്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ഏഴുസീറ്റില്‍ അഞ്ച് എ.എ.പി.ക്കും രണ്ട് സീറ്റ് കോണ്‍ഗ്രസിനുമാകും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എ.എ.പി.യുടേതാണ്.
ചണ്ഡീഗഢില്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ എ.എ.പി.യും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എ.എ.പി. പിന്തുണയ്ക്കും. ഈ രീതിയിലുള്ള ധാരണ അന്തിമ ഘട്ടത്തിലാണെന്ന് കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹിയിലെ മൂന്നും ചണ്ഡീഗഢുമടക്കം നാലുസീറ്റുകള്‍ കോണ്‍ഗ്രസ് ചോദിച്ചെങ്കിലും ഒരു സീറ്റുമാത്രംമാത്രം എ.എ.പി. വാഗ്ദാനം ചെയ്തതാണ് നേരത്തേ പ്രതിസന്ധിയായതെന്നും അവർ പറഞ്ഞു.
ഡല്‍ഹിയില്‍ ഒരു സീറ്റിനുപോലും കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്നും മുന്നണിമര്യാദ പാലിച്ച് വേണമെങ്കില്‍ ഒരു സീറ്റ് നല്‍കുമെന്നുമാണ് എ.എ.പി. നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിച്ചതോടെയാണ് മഞ്ഞുരുകിയത്. ഡല്‍ഹിയില്‍ പരസ്പരം മത്സരിച്ചാല്‍ ഇരുകൂട്ടര്‍ക്കും ഗുണമുണ്ടാകില്ലെന്ന് ഖാര്‍ഗെ കെജ്‌രിവാളിനെ ധരിപ്പിച്ചു. ദേശീയപാര്‍ട്ടിയെന്ന നിലയില്‍ രണ്ടുസീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ തെറ്റായ സന്ദേശം പുറത്തുനല്‍കുമെന്നും ബോധിപ്പിച്ചു. പിന്നാലെയാണ് ഡൽഹിയിൽ അഞ്ച്-രണ്ട് സമവാക്യത്തിലെത്തിയത്.
പഞ്ചാബില്‍ എ.എ.പി.യും കോണ്‍ഗ്രസും ഒന്നിച്ചാല്‍ അത് ബി.ജെ.പി. നേട്ടമാക്കുമോയെന്ന ആശങ്ക ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്. അതിനാലാണ് കേരള മാതൃകയില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ചണ്ഡീഗഢില്‍ പവന്‍ ബന്‍സലാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി.ജെ.പി.യിലെ കിരണ്‍ അനുപം ഖേറിനോട് 46,970 വോട്ടിനാണ് കഴിഞ്ഞ തവണ ബന്‍സല്‍ തോറ്റത്. എ.എ.പി. ഇവിടെ 13,781 വോട്ട് നേടിയിരുന്നു.
Content Highlights: Congress AAP seat sharing formula