അപ്പോഴേക്ക് ഉച്ച മയങ്ങിത്തുടങ്ങിയിരുന്നു. എന്നിട്ടും മരത്തലപ്പുകള്‍ക്ക് താഴെ നിഴല്‍ വീഴ്ത്താന്‍ മാത്രം വെയില്‍ ബാക്കിയുണ്ടായിരുന്നു. കാറ്റാണെങ്കില്‍ പതിവുപോലെ ചൂടു പുതച്ചെത്തുന്നു. തിരഞ്ഞെടുപ്പുചൂടിന് വഴിമാറിക്കൊടുക്കണമെന്ന വകതിരിവ് തീരെയില്ലാത്ത ഉത്തരേന്ത്യന്‍ ചൂട്. നാട്ടിലെ ചൂട് കാലത്തെന്നതുപോലെ ഇടക്കിടെ ദാക്ഷിണ്യമഴ വീഴുന്ന പതിവ് വടക്കേ ഇന്ത്യയ്ക്കില്ല. എണ്ണയില്ലാത്ത ചട്ടിയില്‍ ചോളം വറുത്തെടുക്കുന്ന മട്ടില്‍ ചൂട് മനുഷ്യരെ പൊരിച്ചെടുക്കും. അത്തരമൊരു എരിപൊരിസഞ്ചാരകാലത്താണ് ആദിലാബാദിലെത്തിയത്. 2009-ല്‍ അതായത് 15 വര്‍ഷം മുമ്പ്. നഗരത്തിന്റെ ചെറുവിരല്‍സ്പര്‍ശം പോലുമില്ലാത്ത ചെറുഗ്രാമമായിരുന്നു അന്ന് ആദിലാബാദ്. റായ്ബറേലി ലോക്സഭാ മണ്ഡലത്തിന്റെ ഉള്ളടക്കങ്ങളിലെ ഒരുള്‍ഗ്രാമം. വെയിലോ, കടുകിന്‍പൂക്കളുടെ മഞ്ഞയോ-എതാണ് നിറമത്സരത്തില്‍ തോല്‍ക്കുകയെന്ന് പരസ്പരം തര്‍ക്കിക്കുന്ന പാടങ്ങള്‍ ചുറ്റിനും. അതിനിടയില്‍ ഒരു തിട്ടയില്‍ ഗ്രാമീണരുടെ ചെറുകൂട്ടം. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട് നിരയില്‍. പാന്‍ ചവച്ചും ബീഡി വലിച്ചും കാത്തിരിപ്പാണ്.ആ കാത്തിരിപ്പിലേക്കാണ് പ്രിയങ്കാ ഗാന്ധി കടന്നുവന്നത്.
സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയേറെയുള്ള വ്യൂഹം പിന്നില്‍ നില്‍ക്കെ, മുന്നിലെ വണ്ടിയില്‍നിന്നിറങ്ങിയ പ്രിയങ്ക ആള്‍ക്കൂട്ടത്തെ കണ്ടതോടെ അവരിലൊരാളായി. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമെന്നതു പോലെ നാട്ടുകാര്‍ക്ക് ചിരി പകര്‍ന്നും കൈകൊടുത്തും വട്ടം കൂടിയിരിക്കുന്ന ഗ്രാമീണരോട് കുശലം പറഞ്ഞും തിട്ടയ്ക്ക് നടുവിലൊരുക്കിയ ചെറുവേദിയിലേക്ക് പ്രിയങ്ക നടന്നു. റായ്ബറേലിയിലെ സ്ഥാനാര്‍ഥിയായ അമ്മ സോണിയക്ക് വേണ്ടി ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രിയങ്കയുടെ പ്രചരണം. മൈക്ക് കയ്യിലെടുത്ത് ചെറുവാചകങ്ങളില്‍ സംസാരം. മുടിയിഴകളിലെ അടയാളമായി പ്രസിദ്ധമായ നരയില്ലെങ്കിലും ദൂരക്കാഴ്ചയില്‍ ഇന്ദിരാ ഗാന്ധിയുടെ സാമ്യമറിഞ്ഞ് നാട്ടുകാര്‍ വാത്സല്യത്തോടെ പ്രിയങ്കയെ കണ്ട് ആഹ്‌ളാദിച്ച് കേട്ടിരുന്നു.വീട്ടിലെത്തിയ വിരുന്നുകാരിയല്ലാതെ,വീട്ടിലെ ഒരംഗത്തെപോലെയായിരുന്നു അന്ന് റായ്ബറേലിക്ക് പ്രിയങ്ക.ഇന്ദിരയെ നേരില്‍ കണ്ട് പരിചയിച്ച പഴമക്കാര്‍ക്ക് മുന്നില്‍ പ്രിയങ്ക പെട്ടെന്ന് ഇന്ദിരാഗാന്ധിയായി.മുത്തശ്ശി ഇന്ദിരയെക്കുറിച്ചും അച്ഛന്‍ രാജീവിനെക്കുറിച്ചും അമ്മ സോണിയയെക്കുറിച്ചും ഇക്കാലയളവില്‍ റായ്ബറേലി നേടിയ വികസനത്തെക്കുറിച്ചും ഓര്‍മിപ്പിച്ച് പ്രിയങ്കയുടെ ചെറുപ്രസംഗം. പിന്നെ,കയ്യടിച്ചും ചിരിച്ചും സന്തോഷിച്ചും നിന്ന ഗ്രാമീണസ്ത്രീകളെ തൊട്ടും തലോടിയും അടുത്ത ഗ്രാമത്തിലേക്ക്.രാവിലെ മുതല്‍ റായ്ബറേലിയുടെ ഉള്ളറകളില്‍ യോഗങ്ങളായ യോഗങ്ങളിലൊക്കെ പങ്കെടുത്ത് നീങ്ങുകയായിരുന്നു പ്രിയങ്ക.
Content Highlights: will priyanka gandhi contest from raebareli