എലികളെപ്പറ്റി പറയാം, പെരുച്ചാഴികള്‍ വിശ്രമിക്കട്ടെ

ബിക്കാനീര്‍ എന്ന പേര് കേട്ടത് എഴുപതുകളിലാണ്. പത്രം കിട്ടിയാല്‍ ആദ്യം സ്‌പോര്‍ട്‌സ് പേജ് നോക്കുന്ന കാലത്ത്. അര്‍ജന്റീന എന്ന രാജ്യം എവിടെയെന്നോ എന്തെന്നോ, എന്തിന് പേര് എങ്ങനെ ഉച്ചരിക്കുമെന്നോ അറിയാത്ത കാലത്താണ് മരിയോ കെംപസ് ലോകകപ്പ് നേടിയത്. എന്തുകൊണ്ടോ ചില ഇഷ്ടം അന്നേ മലയാളിക്ക് ലാറ്റിനമേരിക്കയോട് ഉണ്ടായിരുന്നു. പെലെയുടെ തുടര്‍ച്ച ആയിരിക്കണം.
അക്കാലത്ത് തൃശൂരിലെ ചാക്കോളാ ട്രോഫിയും കോഴിക്കോട്ടെ സേഠ് നാഗ്ജിയും രണ്ടു പ്രധാന ടൂര്‍ണമെന്റുകള്‍. അതില്‍ കളിക്കാന്‍ ബിക്കാനീറില്‍ നിന്നൊരു ടീം വരും. ആര്‍.എസി. ബിക്കാനീര്‍. ഫഗ്വാരയിലെ ജെ.സി.ടി. മില്‍സും ജലന്തറിലെ ബി.എസ്എ.ഫു.മൊക്കെ പരിചിതരായത് അങ്ങനെയാണ്. ആരു വന്നാലും കളമശ്ശേരി പ്രീമിയര്‍ ടയേഴ്‌സ് ആയിരുന്നു അന്നോളം ഫുട്‌ബോള്‍ കാണാത്ത ആ കുട്ടിയുടെ പ്രിയസംഘം. അതെന്തുമാകട്ടെ. ബിക്കാനീര്‍ എവിടെ എന്ന് മനസ്സിലായത് പിന്നീട്.
2008- ലെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്. ബിക്കാനീറിലെ പഴയ ക്ലബ്ബില്‍ ഇപ്പോള്‍ പന്തു തട്ടുന്നുണ്ടാവുമോ? ആ യാത്ര തോന്നിപ്പിച്ചത് കോഴിക്കോട്ടെ ഫുട്‌ബോള്‍ സംഘാടകന്‍ മുസ്തഫക്ക. പോയി നോക്കാന്‍ തീരുമാനിച്ചു. മഗന്‍ സിംഗ് രാജ്വിയെ കണ്ടാല്‍ കഥകള്‍ കിട്ടും. മറുനാട്ടിലെ പന്തുകളിയുടെ ഇതിഹാസം. തിരഞ്ഞെടുപ്പിനിടെ ഒരു വെറൈറ്റി.
രാജ്വിയെ കണ്ടില്ല. അതിനിടെ തൊട്ടടുത്ത മണ്ഡലത്തില്‍ കൗതുകകരമായ ഒരു മത്സരം നടക്കുന്ന വിവരം അറിഞ്ഞു. രണ്ടു പതിറ്റാണ്ടിനിടെ പലവട്ടം പാര്‍ട്ടി മാറിയ ഒരു നേതാവ് അവിടെ ബി.ജെ.പി. ടിക്കറ്റില്‍ ജനവിധി തേടുന്നു. പാര്‍ട്ടി ഏതായാലും വിജയിക്കലാണ് ലക്ഷ്യം. ഇങ്ങനെ പാര്‍ട്ടി മാറുന്നവര്‍ നല്ലൊരു ഇലക്ഷന്‍ സ്‌പെസിമെനാണ്. പലപ്പോഴും ഋതുഭേദങ്ങളുടെ പ്രവാചകര്‍. അവരുടെ കണക്കുകൂട്ടലുകള്‍ പലപ്പോഴും പറഞ്ഞുതരും. വഴികളും വഴിപിരിയലുകളും പ്രാദേശികമായ സാമുദായിക വിഘടിക്കലുകളും. ദേവീ സിംഗ് ഭട്ടിയിലേക്ക് എത്തുന്നത് അങ്ങനെയാണ്.
'വൈകീട്ട് കര്‍ണീ മാതാവിനെ കാണാന്‍ പോകും. അവിടെ വച്ചു കാണാം'.സ്ഥാനാര്‍ത്ഥി ഹാപ്പി. അങ്ങനെ കോലായാത് മണ്ഡലത്തില്‍ എത്തി. അവിടെ ദേശ്‌നാക്ക് എന്ന കുഞ്ഞുനഗരത്തിന്റെ മൂക്കിന്‍തുമ്പില്‍ കാത്തിരിപ്പുണ്ടായിരുന്നു അപ്രതീക്ഷിതമായ ഒരു അത്ഭുതം. മരുഭൂമിക്ക് നടുവില്‍. മണല്‍ക്കാറ്റുകളുടെ എല്ലാ തിരകളേയും മായിുകളഞ്ഞുകൊണ്ട് . ആ യാത്രയുടെ ഘനീഭവിച്ച നിമിഷമായി കാലം എന്നേക്കും മനസ്സില്‍ കൊത്തിവയ്ച്ച ഓര്‍മ്മ.
കര്‍ണിമാതാ ക്ഷേത്രത്തിന്റെ കൗതുകങ്ങള്‍ അറിഞ്ഞിരുന്നതേയില്ല. ജയ്പൂര്‍ എന്ന പിങ്ക് സിറ്റിയും താര്‍ മരുഭൂമിയും ചില കോട്ടകളുമൊഴികെ മലയാളിക്ക് രാജസ്ഥാന്‍ ഇന്നും എത്ര അപരിചിതം! ജോധ്പൂര്‍, പുഷ്‌കര്‍ , ജയസാല്‍മീറിലെ മരുഗ്രാമരാത്രികള്‍, ഒട്ടകപ്പുറത്ത് കുത്തിനിറച്ച സാമാനങ്ങളുമായി ഉത്തരേന്ത്യ താണ്ടുന്ന ഗ്രാമീണ ജീവിതങ്ങള്‍, മരുഭൂമിയിലെ പ്രാഥമിക നിറങ്ങള്‍ ഒന്നും അടുത്തറിഞ്ഞിരുന്നില്ല അന്നോളം. മലയാളി പലപ്പോഴും ഒഴിവാക്കുന്ന അനുഭവഗരിമകള്‍. എന്നാല്‍ അക്കാഴ്ചകളൊന്നും അന്ന് കര്‍ണീമാതാ തന്ന ആഘാതത്തോളം സമ്പന്നമായിരുന്നില്ല.
Content Highlights: election memories by k madhu rajasthan rat temple