മണ്ഡിയില്‍ വിക്രമാദിത്യ, ചണ്ഡീഗഢില്‍ മനീഷ് തിവാരി; 16 സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിക്രമാദിത്യ സിങ്, മനീഷ് തിവാരി |ഫോട്ടോ:ANI,PTI
വിക്രമാദിത്യ സിങ്, മനീഷ് തിവാരി |ഫോട്ടോ:ANI,PTI

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് 16 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഹിമാചല്‍ പ്രദേശിലെ മണ്ഡി സീറ്റില്‍ മന്ത്രിയും സിറ്റിങ് എംപി പ്രതിഭ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് മത്സരിക്കും. നടി കങ്കണ റണൗട്ടാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ഥി. മുതിര്‍ന്ന നേതാവ് മനീഷ് തിവാരി ചണ്ഡീഗഢില്‍ നിന്ന് ജനവിധി തേടും. 

ഒഡീഷയിലെ ഒമ്പത് സീറ്റുകളിലേക്കും ഗുജറാത്തിലെ നാലും ഹിമാചലിലെ രണ്ട് സീറ്റുകളിലേക്കും ചണ്ഡീഗഢ് സീറ്റിലേക്കുമാണ് കോണ്‍ഗ്രസ് ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഞ്ച് സീറ്റുകളിലേക്കും ഇതോടൊപ്പം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ പഞ്ചാബിലെ അനന്ത്പുര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംപിയാണ് മനീഷ് തിവാരി. ചണ്ഡീഗഢില്‍ ബിജെപി സിറ്റിങ് എംപി കിരണ്‍ ഖേറിനെ മാറ്റി സഞ്ജയ് ടണ്ഡനെയാണ് സ്ഥാനാര്‍ഥിയാക്കിരിക്കുന്നത്. രാജ്‌കോട്ടില്‍ പരേഷ് ധനാനിയാണ് സ്ഥാനാര്‍ഥി.

Content Highlights: ManishTewari from Chandigarh, Vikramaditya Singh from Mandi-congress candidates