ജീവിതം എന്താണ് കരുതിവെച്ചിട്ടുള്ളതെന്ന് അറിയാനാകില്ല, വരുണില്‍ പൂര്‍ണവിശ്വാസം- പ്രതികരിച്ച് മേനക

വരുണ്‍ ഗാന്ധി, മനേക ഗാന്ധി | Photo: PTI
വരുണ്‍ ഗാന്ധി, മനേക ഗാന്ധി | Photo: PTI

ന്യൂഡല്‍ഹി: മകന്‍ വരുണ്‍ ഗാന്ധിക്ക് പിലിഭിത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത വിഷയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി. പിലിഭിത്തില്‍ വരുണിന് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നതായും അവര്‍ എന്‍.ഡി.ടി.വിയോടു പ്രതികരിച്ചു.

എനിക്ക് പാര്‍ട്ടിയുടെ തീരുമാനത്തെ വെല്ലുവിളിക്കാനാകില്ല. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. എനിക്ക് വരുണ്‍ ഗാന്ധിയില്‍ ഒരുപാട് വിശ്വാസമുണ്ട്. അദ്ദേഹം കഴിവുള്ള വ്യക്തിയാണ്. തന്റെ കഴിവിന്റെ പരാമാവധി അദ്ദേഹം ചെയ്യും, മേനക പറഞ്ഞു. ചില ആളുകള്‍ പാര്‍ലമെന്റ് അംഗമാകും. മറ്റു ചിലര്‍ എം.പിയാകാതെ രാഷ്ട്രീയക്കാരനാകും. ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് ഒരു സര്‍ക്കാര്‍പദവിയും വഹിച്ചിട്ടില്ലാത്ത ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിനെ പരോക്ഷമായി പരാമര്‍ശിച്ച് മേനക പറഞ്ഞു. ജീവിതം എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയാനാകില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധി അമേഠി മണ്ഡലം വിട്ട് റായ്ബറേലിയില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍, മറ്റു നേതാക്കളെ കുറിച്ച് അഭിപ്രായം പറയാനില്ല എന്നായിരുന്നു മേനകയുടെ മറുപടി. മറ്റു നേതാക്കളെ കുറിച്ച് ഇതുവരെ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. അവര്‍ മത്സരിക്കുന്നെങ്കില്‍ അവര്‍ക്ക് സന്തോഷമുണ്ടാകും, അവര്‍ പറഞ്ഞു. 

Content Highlights: maneka gandhi reacts on denial of candidature to varun gandhi