ഫൈനല്‍ വിസിലിന് ഒരാഴ്ച; യോഗിയുടെ തട്ടകത്തിലും പഞ്ചാബിലും ഇനി വിധിയെഴുത്ത്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. ഏപ്രില്‍ 19-ന് ആരംഭിച്ച വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് ഏഴാംഘട്ടത്തോടെ അവസാനിക്കും. അന്തിമഘട്ടത്തില്‍ ഉത്തര്‍പ്രദേശ് (13), പഞ്ചാബ് (13), ബംഗാള്‍ (9), ബിഹാര്‍ (8), ഒഡിഷ (6), ഹിമാചല്‍പ്രദേശ് (4), ഝാര്‍ഖണ്ഡ് (3) സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢ് (1) എന്നിവിടങ്ങളിലായി 57 മണ്ഡലങ്ങളില്‍ വിധിയെഴുതും. ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഏഴു ഘട്ടങ്ങളിലും വോട്ടെടുപ്പുണ്ടായിരുന്നു.
പഞ്ചാബിന്റെ വിധിയെഴുത്ത്
പഞ്ചാബിലെ 13 സീറ്റുകളിലായി 904 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പ്രധാനപാര്‍ട്ടികള്‍ സഖ്യമില്ലാതെ മത്സരിക്കുന്ന ചതുഷ്‌കോണമത്സരമാണ് പഞ്ചാബില്‍. അകാലിദള്‍ സഖ്യംവെടിഞ്ഞതോടെ ബി.ജെ.പി. ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഡല്‍ഹിയില്‍ കൈകോര്‍ത്ത ആപ്പും കോണ്‍ഗ്രസും പഞ്ചാബില്‍ പരസ്പരം പോരടിക്കുന്നു. സംസ്ഥാനഭരണയന്ത്രം കൈയിലുള്ള ആപ്പിന് അഭിമാനപ്പോരാട്ടമാണ് ഇക്കുറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്താക്കോല്‍ കളഞ്ഞുപോയ കോണ്‍ഗ്രസിന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. പാര്‍ട്ടിക്ക് വേരോട്ടമില്ലെങ്കിലും സാന്നിധ്യം രേഖപ്പെടുത്താന്‍ ബി.ജെ.പി. കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അകാലിദളാകട്ടെ അസ്തിത്വം ചോദ്യംചെയ്യപ്പെട്ട നിലയിലാണ്.
യോഗിയുടെ തട്ടകം
ഉത്തര്‍പ്രദേശിലെ 13 സീറ്റില്‍ ഈ ഘട്ടത്തിലാണ് ജനവിധി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുര്‍ ഇതില്‍ പ്രധാനം. സിറ്റിങ് എം.പി.യും ഭോജ്പുരി ഗായകനുമായ രവി കിഷനാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. 2017 വരെ യോഗി ആദിത്യനാഥ് അഞ്ചുവട്ടം തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഗോരഖ്പുര്‍. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടപ്പോഴാണ് മണ്ഡലം യോഗി ഒഴിഞ്ഞത്. തുടര്‍ന്ന് 2018-ല്‍ ഉപതിരഞ്ഞെടുപ്പില്‍ പക്ഷേ, സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് ബി.ജെ.പി.യിലെ ഉപേന്ദ്രദത്ത് ശുക്ലയെ തോല്‍പ്പിച്ച് മണ്ഡലം പിടിച്ചെടുത്തു. 2019-ലാകട്ടെ ഭോജ്പുരി ഗായകന്‍ രവി കിഷന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച് മൂന്നുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇക്കുറി രവി കിഷന്‍ മത്സരിക്കുമ്പോള്‍ എതിരാളിയായി സമാജ്വാദി പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത് ഭോജ്പുരി ചലച്ചിത്രതാരം കാജല്‍ നിഷാദിനെയാണ്. ബി.എസ്.പി. സ്ഥാനാര്‍ഥി ജാവേദ് സിമനാനിയുടെ സ്ഥാനാര്‍ഥിത്വം ബി.ജെ.പി.ക്കായിരിക്കും ഗുണംചെയ്യുക.
ബംഗാളിലെ നഗരകേന്ദ്രങ്ങള്‍
കൊല്‍ക്കത്ത നഗരത്തിലും തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലുമാണ് ബംഗാളില്‍ അവസാനഘട്ടം വോട്ടെടുപ്പ്. ഒമ്പതു മണ്ഡലങ്ങളാണ് ഏഴാംഘട്ടത്തില്‍ വോട്ടെടുക്കുന്നത്. കൊല്‍ക്കത്ത നോര്‍ത്ത്, കൊല്‍ക്കത്ത സൗത്ത്, ജാദവ്പുര്‍, ഡം ഡം, ബരാസത്, ബാസിര്‍ഘട്ട്, ജോയ്നഗര്‍, മഥുരാപുര്‍, ഡയമണ്ട് ഹാര്‍ബര്‍ എന്നിവ. ദീര്‍ഘകാലം ഇടതുപാര്‍ട്ടികളുടെ കൈവശമിരുന്ന ഈ മണ്ഡലങ്ങള്‍ പിന്നീട് ടി.എം.സി.യുടെ കൈകളിലായി. നഗരവോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി.യും സജീവമാണ്.
Content Highlights: lok sabha election-one week