ജെ.എന്‍.യു.: ഇടതുപക്ഷത്തിന്റെ പ്രതീക്ഷയുടെ കനല്‍

'ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്സിറ്റി' - ജെ.എന്‍.യു. അടുത്തമാസം തിയേറ്ററുകളിലെത്താനിരിക്കുന്ന ബോളിവുഡ് സിനിമയാണ്. ഡല്‍ഹിയിലെ യഥാര്‍ഥ ജെ.എന്‍.യുവില്‍, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ മാത്രം മുമ്പാണ് സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. ഒരു സര്‍വകലാശാലയ്ക്ക് രാജ്യത്തെ തകര്‍ക്കാനാകുമോ എന്ന ചോദ്യവുമായി വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളോടെ ടീസര്‍ തിരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പിറങ്ങി. വലതുപക്ഷ അനുകൂല അജണ്ടയുടെ ഭാഗമെന്ന് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നതിനിടെയാണ് ടീസര്‍കൂടി വന്നത്. ഇതിനിടയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ യൂണിയന്‍ ചുവന്നുതന്നെയിരുന്നു. ഇടതുപക്ഷം വീണ്ടും ജെ.എന്‍.യുവില്‍ വിജയക്കൊടിയുയര്‍ത്തി. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു ഫലത്തിന് രാഷ്ട്രീയ പ്രസക്തിയുമുണ്ട്.
അപ്രസക്തമാകുന്നുവെന്ന് വിമര്‍ശിക്കപ്പെടുന്ന ഇടതുപക്ഷത്തെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജെ.എന്‍.യുവിനെ നയിക്കാന്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മതേതര-ജനാധിപത്യ ശക്തികള്‍ നിലനില്‍ക്കണമെന്ന രാജ്യത്തിനുള്ള സന്ദേശമാണിതെന്ന് പുതിയ യൂണിയന്‍ പ്രസിഡന്റ് ധനഞ്ജയ് പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പുവര്‍ഷത്തെ യൂണിയന്‍ തിരഞ്ഞെടുപ്പ്
ഇതിനുമുമ്പൊരു ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന 2019-ന് ശേഷം ആദ്യമായാണ് ജെ.എന്‍.യുവിലും വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴത്തെ സര്‍വകലാശാല തിരഞ്ഞെടുപ്പിന് ആ നിലയിലും പ്രസക്തി കൈവന്നു. മൂന്നാം വട്ടവും ഭരണത്തിന് കച്ചമുറുക്കുന്ന ബി.ജെ.പി. ജെ.എന്‍.യുവിലും വിജയപ്രതീക്ഷയിലായിരുന്നു. സംഘപരിവാര്‍ വിദ്യാര്‍ഥിസംഘടനയായ എ.ബി.വി.പിക്ക് കാമ്പസില്‍ അനുകൂല അന്തരീക്ഷമൊരുക്കാനാണ് സിനിമ പോലുമിറക്കുന്നതെന്ന് ആക്ഷേപമുണ്ട്. ജെ.എന്‍.യു. രാജ്യദ്രോഹികളുടെയും തീവ്രവാദികളുടെയും കേന്ദ്രമാണെന്ന മട്ടിലാണ് പ്രചാരണം. കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നതെന്ന് വിമര്‍ശിക്കപ്പെടുന്ന കേരള സ്റ്റോറി എന്ന സിനിമയുടെ ആദ്യപ്രദര്‍ശനം നടന്നത് ജെ.എന്‍.യുവിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ജെ.എന്‍.യുവും രാഷ്ട്രീയവും
1969-ല്‍ സ്ഥാപിതമായ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സാമൂഹികശാസ്ത്ര വിഷയങ്ങളിലെ അക്കാദമിക രംഗത്ത് രാജ്യത്തെ ഒന്നാംനിരയില്‍വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. രാജ്യതലസ്ഥാനത്തെ സര്‍വകലാശാലകളില്‍ സുപ്രധാന സ്ഥാനമാണ് ജെ.എന്‍.യുവിനുള്ളത്. ഇവിടത്തെ വിദ്യാര്‍ഥി നേതാക്കള്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയരംഗത്തും തിളങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, എസ്. ജയശങ്കര്‍, സി.പി.എം. നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ ഇതില്‍ ചിലര്‍മാത്രം.
ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍തവണ പ്രസിഡന്റായിട്ടുള്ളത് ഇടതുപക്ഷമാണ്. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ഐഷി ഘോഷ് അടക്കം എസ്.എഫ്.ഐക്ക് 22 പ്രസിഡന്റുമാര്‍. ഐസയുടെ 11 പ്രസിഡന്റുമാരുമുണ്ടായിട്ടുണ്ട്. ഇടതുസംഘടനകളായ എ.ഐ.എസ്.എഫ്., ഡി.എസ്.എഫ്. എന്നിവരും പ്രസിഡന്റായി. എന്‍.എസ്.യുവും ബി.ജെ.പിയും ഓരോതവണ മാത്രമാണ് ജയിച്ചിട്ടുള്ളത്.
യൂണിയന് സ്വന്തം ഭരണഘടന
രാജ്യത്തെ മറ്റു സര്‍വകലാശാലകളില്‍നിന്ന് വ്യത്യസ്തമായി സ്വന്തം ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന യൂണിയനാണ് ജെ.എന്‍.യുവിലേത്. തിരഞ്ഞെടുപ്പ് നടത്തുന്നതും ആ ഭരണഘടനാ പ്രകാരം വിദ്യാര്‍ഥികളുടെ പ്രത്യേക സമിതിയുണ്ടാക്കിയാണ്. ഇത്തവണയും അതങ്ങനെയായിരുന്നു. ക്രമസമാധാനം പോലെയുള്ള വിഷയങ്ങളിലല്ലാതെ സര്‍വകലാശാലാ ഭരണകര്‍ത്താക്കള്‍ക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ നേരിട്ടു പങ്കില്ല. ഈ രീതി മാറ്റാന്‍ ശ്രമം നടന്നെങ്കിലും വിദ്യാര്‍ഥികള്‍ സമ്മതിച്ചിട്ടില്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി എന്നിങ്ങനെ നാല് കേന്ദ്രപാനല്‍ പദവികളാണ് യൂണിയനിലുള്ളത്. കൗണ്‍സിലര്‍മാരെയും തിരഞ്ഞെടുക്കുന്നു.
കാമ്പസിലെ ഇടതുപക്ഷത്തിന്റെ പ്രസക്തി
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകളാണ് ജെ.എന്‍.യു. കാമ്പസില്‍ ഇത്തവണ പ്രധാന പോസ്റ്റുകളിലേക്ക് വിജയം നേടിയിരിക്കുന്നത്. ഐസയുടെ ധനഞ്ജയ് പ്രസിഡന്റായി. എസ്.എഫ്.ഐയുടെ അവിജിത് ഘോഷ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എ.ഐ.എസ്.എഫിന്റെ എം. സാജിദ് ജോയന്റ് സെക്രട്ടറിയുമായി. അവസാന നിമിഷം ഇടതുസ്ഥാനാര്‍ഥിയെ അയോഗ്യയാക്കിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് പിന്തുണയോടെ ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ബാപ്സ്) പ്രിയാന്‍ഷി ആര്യ വിജയിച്ചു.
മുമ്പ് സ്വന്തം നിലയില്‍ മത്സരിച്ചിരുന്ന ഇടത് വിദ്യാര്‍ഥി സംഘടനകള്‍ മോദിസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം 2015 മുതല്‍ ഇടതുപക്ഷമായാണ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തലസ്ഥാനത്തെ മറ്റു സര്‍വകലാശാലകളില്‍ കാണാത്ത ഇടത് ഐക്യവും തിരഞ്ഞെടുപ്പുകളില്‍ ജെ.എന്‍.യുവിലുണ്ട്. ഇത്തവണ പൊതുതിരഞ്ഞെടുപ്പില്‍ 'ഇന്ത്യ' പ്രതിപക്ഷ സഖ്യമുണ്ടെങ്കിലും കാമ്പസില്‍ അതുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ എന്‍.എസ്.യു. തനിച്ചാണ് മത്സരിച്ചത്. അംബേദ്കര്‍-ദളിത് ആശയധാരയില്‍ ബാപ്സയും വോട്ടുപിടിച്ചു.
കോവിഡ് കാലത്തിനുശേഷം ആദ്യ തിരഞ്ഞെടുപ്പ്
2019-ന് ശേഷം കോവിഡ് ലോക്ഡൗണ്‍ വന്നതോടെ യൂണിയന്‍ തിരഞ്ഞെടുപ്പ് അനശ്ചിതത്വത്തിലായിരുന്നു. തിരഞ്ഞെടുപ്പ് നടത്താനാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പലതവണ സമരം ചെയ്തു. കോടതി ഇടപെടലുമുണ്ടായി. തിരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായെന്ന് മുന്‍ പ്രസിഡന്റ് ഐഷി ഘോഷ് ആരോപിച്ചിരുന്നു. മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ 10 വര്‍ഷമായി സര്‍വകലാശാലയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഇടതുവിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പറയുന്നത്. എ.ബി.വി.പിക്ക് കാമ്പസില്‍ കളമൊരുക്കാനാണ് തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയതെന്നും ആരോപിക്കുന്നു.
പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേരേ സര്‍വകലാശാല അധികൃതര്‍ പ്രതികാര നടപടിയെടുക്കുന്നുണ്ടെന്ന് ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ഥി കൂടിയായ എസ്.എഫ്.ഐ. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണന്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കുമേല്‍ പലതരത്തില്‍ നിയന്ത്രണങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിച്ചു. ചര്‍ച്ചകളും സെമിനാറുകളും ഇല്ലാതാക്കി കാമ്പസിന്റെ ജനാധിപത്യ അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും നിതീഷ് പറയുന്നു.
ഡല്‍ഹിയിലെ മറ്റു കാമ്പസുകളെ അപേക്ഷിച്ച് രാഷ്ട്രീയം പ്രത്യക്ഷത്തില്‍ ചര്‍ച്ചചെയ്യുന്ന ഇടം കൂടിയാണ് ജെ.എന്‍.യു. ഡല്‍ഹി സര്‍വകലാശാലയിലും തിരഞ്ഞെടുപ്പ് നടക്കാറുണ്ടെങ്കിലും രാഷ്ട്രീയത്തിലുപരി വ്യക്തി കേന്ദ്രിത ചര്‍ച്ചകളാകുമുണ്ടാവുക. അതിനാല്‍ത്തന്നെ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന്‍ രാഷ്ട്രീയ സന്ദേശം കൂടിയാണ്.
Content Highlights: Left Groups With All Key Posts in JNU Students union election