വയനാട്ടില്‍ വീണ്ടും ഭക്ഷ്യകിറ്റുകള്‍ പിടികൂടി; വിഷുവിന് വിതരണംചെയ്യാൻ എത്തിച്ചതെന്ന് വീട്ടുടമ

കല്പറ്റയില്‍നിന്ന് പിടികൂടിയ ഭക്ഷ്യകിറ്റുകള്‍ | Photo: Screen grab/ Arranged Visuals
കല്പറ്റയില്‍നിന്ന് പിടികൂടിയ ഭക്ഷ്യകിറ്റുകള്‍ | Photo: Screen grab/ Arranged Visuals

കല്പറ്റ: വയനാട്ടില്‍ വീണ്ടും ഭക്ഷ്യകിറ്റുകള്‍ പിടികൂടി. കല്പറ്റ വെങ്ങപ്പള്ളി തെക്കുംതറയിലെ ഒരു വീട്ടില്‍നിന്ന് തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡാണ് കിറ്റ് പിടികൂടിയത്. കോളനിയില്‍ വിതരണംചെയ്യാനെത്തിച്ച കിറ്റുകളാണ് പിടികൂടിയത്. കിറ്റുകള്‍ ബി.ജെ.പിയുടേതാണെന്ന് സി.പി.എം. ആരോപിച്ചു.

വി.കെ. ശശി എന്നയാളുടെ വീട്ടില്‍നിന്ന് 167 ഭക്ഷ്യ കിറ്റുകളാണ് കണ്ടെത്തിയത്. വിഷുവിന് വിതരണംചെയ്യാനെത്തിച്ച കിറ്റുകള്‍ വിതരണംചെയ്യാന്‍ വൈകിയതാണെന്നാണ് വീട്ടുടമയുടെ മൊഴി.

480 രൂപയോളം വിലവരുന്ന വസ്തുക്കളടങ്ങിയതാണ് കിറ്റ്. ചായപ്പൊടി, പഞ്ചസാര, റവ, വെളിച്ചെണ്ണ, സോപ്പ് എന്നിവയടക്കമുള്ള കിറ്റിലുണ്ട്. കല്പറ്റയിലെ ഒരു മൊത്തവ്യാപാര വിതരണകേന്ദ്രത്തില്‍നിന്നുള്ള കിറ്റുകളാണ് കണ്ടെത്തിയത്. വി.കെ. ശശി പ്രാദേശിക ബി.ജെ.പി- ആര്‍.എസ്.എസ്. ബന്ധമുള്ള ആളാണെന്നാണ് വിവരം.

വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണംചെയ്യാനെന്ന് സംശയിക്കുന്ന രണ്ടായിരത്തോളം കിറ്റുകള്‍ ബത്തേരിയില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു. ചരക്കുവാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകളാണ് പോലീസ് പിടികൂടിയത്.

Content Highlights: Food kits again seized from Wayanad Parliament constituency