രാഹുലിന് പ്രിയം വയനാട്, റായ്ബറേലി നിലനിർത്തണമെന്ന് നേതൃത്വം; പകരം പരിഗണനയിൽ പ്രിയങ്ക മുതൽ ബൽറാം വരെ

രാഹുല്‍ ഗാന്ധി | ഫോട്ടോ: മാതൃഭൂമി
രാഹുല്‍ ഗാന്ധി | ഫോട്ടോ: മാതൃഭൂമി

കാളികാവ്: രണ്ടിടത്ത് ജയിച്ച രാഹുൽ ഗാന്ധിക്ക് ഒന്ന് ഒഴിഞ്ഞേ പറ്റൂ. വയനാട് നിലനിർത്താൻ രാഹുൽ ഗാന്ധിക്ക് വലിയ താത്പര്യമുണ്ട്. റായ്ബറേലിയിൽ രാഹുൽഗാന്ധി തന്നെ വേണമെന്നാണ് എ.ഐ.സി.സി. നിലപാട്. വയനാടിനോടാണ് പ്രിയം എന്ന് രാഹുൽ വ്യക്തമാക്കിയതായി എ.പി. അനിൽകുമാർ എം.എൽ.എ. പറഞ്ഞു. ഉത്തർ പ്രദേശിൽനിന്നുള്ള രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നതിനാൽ എ.ഐ.സി.യുടെ നിർദേശപ്രകാരം വയനാട് ഒഴിയേണ്ടിവരും. രാജിപ്രഖ്യാപനം ഉടൻ ഉണ്ടാകും.

വയനാട്‌ ലോക്‌സഭാ മണ്ഡല പരിധിയിലെ എം.എൽ.എ.മാരായ എ.പി. അനിൽ അനിൽ കുമാർ, ടി. സിദ്ദീഖ് തുടങ്ങിയവരെ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

മലയാളികളുടെ സ്നേഹവും മതേതരനിലപാടുമാണ് രാഹുൽ ഗാന്ധിക്ക് വയനാടിനോടുള്ള പ്രിയത്തിന് പ്രധാന കാരണം. രണ്ടുതവണ മത്സരിച്ചപ്പോഴും വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വയനാട് മണ്ഡലത്തിലുള്ളവർ രാഹുലിനോട് വലിയസ്നേഹം പ്രകടിപ്പിക്കുകയുംചെയ്തു. പ്രചാരണവേളയിൽ നേരിട്ടുകാണാൻ കഴിയാതിരുന്നിട്ടുപോലും കൈവിടാതിരുന്ന വോട്ടർമാരെ വിട്ടുപോകാൻ താത്‌പര്യമില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ എ.ഐ.സി.സി.യുടെ നിർദേശം തള്ളിക്കളയാനും കഴിയില്ല.

വയനാട്ടിലെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് എ.പി. അനിൽ കുമാറിനെ ഡൽഹിക്ക് വിളിപ്പിച്ചത്. രാഹുലിന് പകരമായി പ്രിയങ്കാ ഗാന്ധി തന്നെ മത്സരിക്കാൻ സാധ്യതയുണ്ട്.

കെ. മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കണമെന്ന് പല കോണുകളിൽനിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഞായറാഴ്ചതന്നെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

പല പേരുകളുയരുന്നു: പ്രിയങ്കയ്ക്കും മുരളിക്കും മുൻതൂക്കം

കല്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽഗാന്ധി വയനാട് എം.പി.സ്ഥാനം രാജിവെക്കുമെന്ന് ഉറപ്പായതോടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുന്നു. വയനാട് കുടുംബമെന്ന് വിശേഷിപ്പിച്ച രാഹുൽഗാന്ധി ഒഴിയുമ്പോൾ സഹോദരി പ്രിയങ്കാ ഗാന്ധിതന്നെ സ്ഥാനാർഥിയാവണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെയും താത്പര്യം. ജനങ്ങൾക്കിടയിലും പ്രിയങ്കാ ഗാന്ധിയോടുള്ള മമത മുൻനിർത്തി രാഹുൽഗാന്ധിയില്ലെങ്കിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെടാൻ കോൺഗ്രസിലെ ഒരുവിഭാഗം തയ്യാറെടുക്കുകയാണ്. അടുത്തദിവസം ഡൽഹിയിലെത്തി നേതാക്കളോട് നേരിട്ട് ഈ കാര്യം ആവശ്യപ്പെടാനും വയനാട് മണ്ഡലത്തിലെ യുവനേതാക്കൾ ഉൾപ്പെടെ ഒരുങ്ങുന്നതായാണ് വിവരം. പ്രിയങ്കയ്ക്കും വയനാടിനോട് പ്രത്യേക മമതയുണ്ടെന്നും സൂചനയുണ്ട്. എന്നാൽ, ദേശീയനേതൃത്വം നിലവിലെ രാഷ്ട്രീയ അനുകൂലസാഹചര്യം നിലനിർത്താൻ രാഹുലും പ്രിയങ്കയും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും വയനാട് സീറ്റിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ മത്സരിക്കട്ടെയെന്നും നിലപാടെടുത്തിട്ടുണ്ട്. അങ്ങനെയെങ്കിൽ കെ. മുരളീധരന് വയനാട് സീറ്റ് നൽകുന്നത് പ്രഥമപരിഗണനയിലുണ്ട്.

തൃശ്ശൂരിലെ തോൽവിക്കുശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന കെ. മുരളീധരന്റെ നിലപാടാണ് വയനാട്ടിൽ സ്ഥാനാർഥിനിർണയത്തിൽ കുഴപ്പിക്കുന്നത്. മുമ്പ് വയനാടിന്റെ വലിയൊരു ഭൂഭാഗം ഉൾപ്പെടുന്ന കോഴിക്കോട് ലോക്‌സഭാമണ്ഡലത്തെ കെ. മുരളീധരൻ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇപ്പോഴും കെ. മുരളീധരനെ പിന്തുണയ്ക്കുന്ന വലിയവിഭാഗം പ്രവർത്തകരും അനുയായികളും വയനാട്ടിലുണ്ട്. മണ്ഡലത്തിനൊന്നാകെ വലിയ ജനസമ്മതിയും കെ. മുരളീധരനുണ്ടെന്നും നേതൃത്വം അവകാശപ്പെടുന്നു.

കോൺഗ്രസിൽനിന്ന് മാറിനിൽക്കെ 2009-ൽ വയനാട്ടിൽ മത്സരിച്ചപ്പോഴും വലിയ ശതമാനം വോട്ടുകൾ അദ്ദേഹം നേടിയതും മുരളീധരൻ അനുകൂലികൾ ഉയർത്തിക്കാണിക്കുന്നു. എന്നാൽ, തിരഞ്ഞെടുപ്പിനില്ലെന്നും പാർട്ടിനേതൃത്വത്തിലാണ് താത്പര്യമെന്നുമുള്ള സൂചനകൾ മുരളീധരൻ നൽകിക്കഴിഞ്ഞു. അതിൽ ഉറച്ചുനിന്നാൽ മറ്റു സ്ഥാനാർഥികളെ പരിഗണിക്കേണ്ടിവരും.

പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ആരെയും പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോഴുള്ളത്. ജില്ലാ കോൺഗ്രസിലെ ഐക്യമില്ലായ്മയും പ്രാദേശിക വിഷയങ്ങളുമാണ് കാരണം. അങ്ങനെയെങ്കിൽ വി.ടി. ബൽറാം ഉൾപ്പെടെയുള്ള യുവനേതാക്കളെയും വയനാട്ടിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. എൽ.ഡി.എഫിൽ ആനി രാജതന്നെ സ്ഥാനാർഥിയാകും. ബി.ജെ.പി.യെ സംബന്ധിച്ച് സൂചനകളില്ല.

രാഹുൽഗാന്ധിയുടെ ഔദ്യോഗിക രാജിപ്രഖ്യാപനത്തിനു പിന്നാലെ അദ്ദേഹം വയനാട്ടിലെത്തുമെന്നും അപ്പോൾ സ്ഥാനാർഥിപ്രഖ്യാപനവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജിവെച്ചാലും അടുത്ത എം.പി. ചുമതലയെടുക്കുംവരെ രാഹുൽഗാന്ധിയുടെ ഓഫീസ് വയനാട്ടിൽ പ്രവർത്തിക്കുമെന്നും കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുന്ന വീടുനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാഹുൽഗാന്ധിതന്നെ മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

വയനാട്ടുകാർ പറയുന്നു, : രാഹുൽ ഏറെ പ്രിയപ്പെട്ടവൻ...

കല്പറ്റ: രാജ്യത്തിന്റെ പ്രതിപക്ഷനേതാവാകാൻ രാഹുൽഗാന്ധി ഒരുങ്ങുമ്പോൾ പ്രതിനിധീകരിക്കുന്ന മണ്ഡലം വയനാടാവില്ലെന്ന ദുഃഖത്തിലാണ് വയനാട്ടുകാർ. പക്ഷേ പ്രതികരണങ്ങളിൽ തികഞ്ഞ ഔചിത്യം. ‘രാഹുൽഗാന്ധിയെ ഇഷ്ടമാണ്, നെഹ്‌റു-ഗാന്ധി കുടുംബത്തോടുള്ള ഇഷ്ടമാണത്, അയാൾ നല്ല വ്യക്തിയാണ്.’- റായ്ബറേലിയോ വയനാടോ എന്ന ചർച്ചകളിൽ വയനാട്ടുകാരുടെ തുടക്കം ഇങ്ങനെതന്നെയാണ്.

‘ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും രാഹുൽഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെക്കുമെന്ന് കേട്ടു, സങ്കടമാണ്’ -കല്പറ്റയിലെ മലഞ്ചരക്ക് വ്യാപാരി എൻ.കെ. നൗഫൽ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങൾ നോക്കുമ്പോൾ റായ്ബറേലി നിലനിർത്തുക എന്നത് പ്രധാന തീരുമാനമാണ്. ഇന്ത്യൻ ഹൃദയഭൂമി കേന്ദ്രീകരിച്ച് രാഹുൽഗാന്ധി മത്സരിക്കണം. വയനാട്ടിൽ പകരം പ്രിയങ്കാഗാന്ധിയോ കെ. മുരളീധരനോ വരണം- നൗഫൽ താത്‌പര്യം തുറന്നു പറഞ്ഞു.

രാഹുൽഗാന്ധി രാജിവെക്കുന്നതും വേറെ ആൾ മത്സരിക്കുന്നതും രാഷ്ട്രീയക്കാരല്ലേ തീരുമാനിക്കുന്നത്, നമ്മൾ എന്തുപറയാനാ - കല്പറ്റയിൽ ബസുകാത്തിരിപ്പുകേന്ദ്രത്തിലെ ചർച്ചയ്ക്കിടെ സഹയാത്രികയുടെ കമന്റിനോട് മാനന്തവാടി സ്വദേശി ടി.എം. മിനി പ്രതികരിച്ചത് രാഹുൽഗാന്ധിയെ ഇഷ്ടമാണെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ്. അദ്ദേഹം വയനാട് ഉപേക്ഷിക്കരുതെന്നാണ് താത്പര്യം. വയനാട്ടിൽ ആളുകളെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ ഓടിവരാൻ അദ്ദേഹമേ ഉണ്ടായിരുന്നുള്ളൂ. നീതിന്യായബോധമുള്ള ജനപ്രതിനിധികൾ വരണം. കർഷകരുടെ പ്രശ്‌നങ്ങൾ, ക്ഷേമപെൻഷനുകൾ മുടങ്ങിയത് ഇതിനെല്ലാം പരിഹാരമുണ്ടാവണം.- മിനി പറഞ്ഞു.

വയനാട്ടുകാരെ ആനയും കടുവയും കൊന്നപ്പോൾ മുഖ്യമന്ത്രി വരാത്തിടത്ത് രാഹുൽഗാന്ധി വന്നില്ലേ, ആ സ്‌നേഹമുണ്ട്. പിന്നെ വലിയ പദ്ധതികളൊന്നും അദ്ദേഹവും കൊണ്ടുവന്നില്ല. -ലോട്ടറിവില്പനക്കാരൻ സുധാകരൻ പറഞ്ഞു.

വയനാട്ടുകാർ ഇത്രയും വോട്ടു നൽകി വിജയിപ്പിച്ചത് രാഹുൽഗാന്ധി ഇവിടെ നിൽക്കാൻ വേണ്ടിയാണ്. അപ്പോൾ മാറിപ്പോകുന്നത് ശരിയാണോ- തൃക്കൈപ്പറ്റ സ്വദേശി ഷീബ സുബി വിമർശനമനോഭാവത്തിലാണ്. ഉപതിരഞ്ഞെടുപ്പിനെ ചൊല്ലി ആകാംക്ഷയും ഷീബയ്ക്കില്ല. ആരുംവന്നാലും കാര്യമില്ലെന്നാണ് വയനാട്ടുകാരുടെ അനുഭവം. പറയത്തക്ക ഭരണം ആരും നടത്തിയിട്ടില്ല. ഇന്നയാൾ വന്നാൽ ശരിയാവുമെന്ന പ്രതീക്ഷയും വേണ്ട -ഷീബ പറഞ്ഞു.

പള്ളിക്കുന്ന്‌ സ്വദേശി ബിനീഷ് മാത്യു പക്ഷേ കുറച്ചു ദേഷ്യത്തിൽ തന്നെയാണ്. ഇങ്ങനെ രാജിവെച്ചുപോകുമെന്ന് അറിഞ്ഞിരുന്നേൽ ഞാൻ വോട്ടുചെയ്യാൻ പോകില്ലായിരുന്നു.

നെഹ്‌റു കുടുംബത്തിനോടുള്ള സ്‌നേഹമാണ് രാഹുലിനോടും, അയാളൊരു നല്ല മനുഷ്യനാണ്. -ബിനീഷ് ജോലികളിലേക്ക് മടങ്ങി.

സ്വന്തംകുടുംബമെന്ന് പലകുറി രാഹുൽഗാന്ധി വിശേഷിപ്പിച്ച വയനാട് അങ്ങനെ വിടാനാവില്ലെന്ന പ്രതീക്ഷ പലർക്കുമുണ്ട്.

രാഷ്ട്രീയസാഹചര്യങ്ങൾ തിരിച്ചറിയുമ്പോഴും നെഹ്രു കുടുംബം തന്നെ മണ്ഡലംനിലനിർത്തണമെന്നുള്ള ആഗ്രഹമാണ് ചർച്ചകളിലൊക്കെയും.

രാഹുൽ വയനാട്ടിലെത്തിയത് 25 തവണ, ജനക്ഷേമ പദ്ധതികളുമേറെ

അതിഥി എം.പി.യെന്ന് ആക്ഷേപമുയർന്ന രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുൾപ്പെടെ വയനാട്ടിലെത്തിയത് 25 തവണ. ഓരോ വരവിലും ആയിരം പോലീസുകാരെങ്കിലും സുരക്ഷാ ചുമതലയ്ക്കായി എത്തിയിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. രാത്രിയാത്രാ നിരോധനം, ചുരൽബദൽപാത, ചുരം വികസനം തുടങ്ങി വയനാടിന്റെ വികസനസ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ അദ്ദേഹത്തിനായില്ല. എന്നാൽ പ്രളയത്തിലും കോവിഡ് കാലത്തും അവസാനം വന്യമൃഗാക്രമണം നടന്നപ്പോഴും ജനങ്ങൾക്ക് സാന്ത്വനമായെത്താനും ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കാനും രാഹുലുണ്ടായിരുന്നു.

എം.പി.മാരുടെ പ്രാദേശികഫണ്ട് വിനിയോഗത്തിൽ രാജ്യത്തുതന്നെ മുൻനിരയിലാണ് രാഹുൽഗാന്ധിയുടെ സ്ഥാനമെന്ന് എം.പി. ഓഫീസ് അവകാശപ്പെടുന്നു. 123.4 ശതമാനം ഫണ്ട് വിനിയോഗിച്ചു. കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിൽ 54 വീടുകളുടെ പണി പൂർത്തിയാക്കി, നിരവധി വീടുകളുടെ പണി നടക്കുന്നു.

ഗ്രാമീണ-ദേശീയപാത, സി.ആർ.ഐ.എഫ്. റോഡു വികസനങ്ങളിലായി 514.37 കോടി രൂപ ചെലവഴിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും സ്വന്തംനിലയിൽ സഹായങ്ങൾ അനുവദിച്ചു. കോവിഡ് കാലത്ത് സാമൂഹിക അടുക്കളയിലേക്ക് സഹായം, ഡയാലിസിസ് കിറ്റുകൾ, കിഡ്‌നി, കരൾ രോഗികൾക്കുള്ള മരുന്നുകൾ തുടങ്ങിയ സഹായങ്ങൾ. എം.പി. മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 27.8 കോടി രൂപ ചെലവഴിച്ചു. പി.എം.ജെ.വി.കെ.യിൽ നിന്ന് 19.3 കോടിരൂപ, ദുരിതാശ്വാസ നിധിയിൽ നിന്നും 3.5 കോടി രൂപ, കുട്ട-മലപ്പുറം സാമ്പത്തിക ഇടനാഴിക്ക് 7314 കോടി രൂപ തുടങ്ങിയ വികസനപ്രവർത്തനങ്ങളും നടന്നുവെന്ന് എം.പി. ഓഫീസ് അറിയിച്ചു.

രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു -ഇ.ജെ. ബാബു

കല്പറ്റ: വയനാട് മണ്ഡലം ഒഴിയാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം രാഷ്ട്രീയനെറികേടാണെന്നും അദ്ദേഹം വയനാട്ടുകാരെ വഞ്ചിച്ചുവെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. അഞ്ചുവർഷം മുമ്പ് വയനാട്ടിലേക്ക് ആദ്യമായി മത്സരരംഗത്ത് വന്ന നെഹ്രുകുടുംബാംഗത്തെ വൻ ഭൂരിപക്ഷം നൽകിയാണ് വയനാട്ടുകാർ വിജയിപ്പിച്ചത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷമാണ് റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യംപോലും രാഹുൽഗാന്ധി വെളിപ്പെടുത്തിയത്.

ജനാധിപത്യ സംവിധാനത്തിൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് ആദ്യ സംഭവമൊന്നുമല്ല. മുൻകൂട്ടി പ്രഖ്യാപിച്ചുകൊണ്ട് ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ ഇതിനുമുമ്പും ആളുകൾ മത്സരിച്ചിട്ടുണ്ട്. ഇപ്പോൾ വയനാടിനെ ഉപേക്ഷിച്ച് റായ്ബറേലി നിലനിർത്തുന്നത് നീതികേടാണെന്നു ഇ.ജെ. ബാബു പറഞ്ഞു.

Content Highlights: Rahul Gandhi to retain Raebareli, Priyanka Gandhi K Muraleedharan, VT Balram in list