വടകരയിലെ ട്വിസ്റ്റ്: യുഡിഎഫിന് ആദ്യം ഞെട്ടല്‍, വൈകീട്ടോടെ ആവേശം; ഷാഫിയുടെ 'എന്‍ട്രി' ഞായറാഴ്ച

വടകര: വെള്ളിയാഴ്ച നേരംപുലർന്നതുതന്നെ വടകരയിലെ യു.ഡി.എഫ്. പ്രവർത്തകരെ ഞെട്ടിച്ചുകൊണ്ടാണ്. വടകരയിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച കെ. മുരളീധരൻ തൃശ്ശൂരിലേക്കെന്ന വാർത്ത ചാനലുകൾ ബ്രേക്ക് ചെയ്യുന്നു. വടകരയിലേക്ക് ഷാഫി പറമ്പിൽ വരുമെന്നും വാർത്ത. മുരളീധരനുവേണ്ടി പ്രചാരണം തുടങ്ങുകയും ബോർഡുകൾ തൂക്കുകയും ചുമരെഴുതുകയും ചെയ്ത പ്രവർത്തകർ അങ്കലാപ്പിലായി. അങ്ങനെ സംഭവിക്കില്ലെന്ന് പലരും പറഞ്ഞു.
പതിയെപ്പതിയെ പ്രവർത്തകർ ആ യാഥാർഥ്യം അംഗീകരിച്ചു. ഇതിനിടെ കെ. മുരളീധരനെതിരേ ഇടതുപക്ഷ സൈബറിടങ്ങളിൽ പ്രചാരണം കനത്തു. മുരളി വടകരയിൽനിന്ന് ഭയന്നോടി എന്ന വിധത്തിലായിരുന്നു പ്രചാരണം. ഇതിനെ പ്രതിരോധിച്ചും മുരളീധരൻ തൃശ്ശൂരിലേക്ക് മാറിയതിന്റെ രാഷ്ട്രീയപ്രാധാന്യം ഉയർത്തിക്കാട്ടിയും യു.ഡി.എഫ്. അനുകൂലികളും സാമൂഹികമാധ്യമങ്ങളിൽ സജീവമായി. പിന്നാലെ ഷാഫിയുടെ സ്ഥാനാർഥിത്വത്തെ സ്വീകരിച്ചുകൊണ്ടും യു.ഡി.എഫ്. സൈബർ പോരാളികൾ ഇറങ്ങി. ചില ഭാഗങ്ങളിൽ ഷാഫിക്ക് വോട്ടഭ്യർഥിച്ച് ബോർഡുകളും ഇറങ്ങി. തുടക്കത്തിലെ ആശങ്കയെ പതിയെ ആവേശത്തിലേക്ക് വഴിതിരിച്ചുവിടുന്ന കാഴ്ച.
മാറ്റം, അപ്രതീക്ഷിതം
മുരളീധരനെ തൃശ്ശൂരിലേക്ക് നിയോഗിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത് വടകരയിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിവരുമ്പോഴാണ്. ഞായറാഴ്ച റോഡ്ഷോയും കൺവെൻഷനും തീരുമാനിച്ചു. അന്ന് ഔദ്യോഗികമായി പ്രചാരണം തുടങ്ങാനാണ് തീരുമാനിച്ചതെങ്കിലും മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിൽ മുരളിക്കായി ബോർഡുകൾ ഉയർന്നിരുന്നു. ഒന്നരലക്ഷത്തോളം പോസ്റ്ററുകളും അച്ചടിച്ച് പൂർത്തിയായി.
നൂറുകണക്കിന് ബോർഡുകളും തയ്യാർ. പല സ്ഥലങ്ങളിലും ചുമരെഴുത്തും സജീവം. ഈ ഒരുക്കങ്ങളെല്ലാം പൂർത്തിയായശേഷമുള്ള മാറ്റമാണ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം തീർത്തത്. മാറ്റത്തിന്റെ ഒരുസൂചനയും മുമ്പ് ലഭിച്ചിരുന്നില്ല. പത്മജയുടെ ബി.ജെ.പി. പ്രവേശനവും ഇതേത്തുടർന്നുണ്ടായ രാഷ്ട്രീയചർച്ചകളുമാണ് കോൺഗ്രസിനെ ഇത്തരമൊരു തീരുമാനം എടുക്കുന്നതിലേക്ക് നയിച്ചത്.
ഷാഫി നാളെയെത്തും
ഞായറാഴ്ച ഷാഫി പറമ്പിൽ വടകരയിൽ എത്തുമെന്നാണ് സൂചന. വൈകീട്ട് നാലുമണിക്ക് കോട്ടപ്പറമ്പിലാണ് പാർലമെന്റ് മണ്ഡലം കൺവെൻഷൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ. മുരളീധരന്റെ വരവുപോലെ ഷാഫിയുടെ വരവും വൻസംഭവമാക്കാനാണ് യു.ഡി.എഫ്. ഒരുക്കം. ആ സ്വീകരണത്തോടെത്തന്നെ പ്രചാരണത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നും യു.ഡി.എഫ്. കണക്കുകൂട്ടുന്നു.
വടകര ട്വിസ്റ്റ് എത്ര കണ്ടിരിക്കുന്നു...
സ്ഥാനാർഥിനിർണയത്തിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ വടകര മണ്ഡലത്തിൽ കോൺഗ്രസിന് പുത്തരിയല്ല. 1971-ലും 2009-ലും 2019-ലുമെല്ലാം അവസാനനിമിഷത്തെ നിർണായകനീക്കങ്ങൾ കണ്ട മണ്ഡലമാണ് വടകര. അതെല്ലാം വിജയം കണ്ടെന്നതാണ് കോൺഗ്രസിനും യു.ഡി.എഫിനും പകരുന്ന ആശ്വാസം.
1971ൽ കോൺഗ്രസ് സ്ഥാനാർഥിയായി സംസ്ഥാനനേതൃത്വം തീരുമാനിച്ചതും ഏവരും പ്രതീക്ഷിച്ചതും ലീലാ ദാമോദരമേനോനെയാണ്. പട്ടികയിൽ മറ്റാരുമില്ല. പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പെ ലീലാ ദാമോദരമേനോനുവേണ്ടി വടകരയിൽ ചുവരെഴുത്തും തുടങ്ങി. പക്ഷേ, അവസാനനിമിഷത്തിൽ ആരും പ്രതീക്ഷിക്കാതെ കെ.പി. ഉണ്ണികൃഷ്ണനെത്തി. എല്ലാവരും ഞെട്ടിയ തീരുമാനം. പക്ഷേ, വിജയം കുറിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ ചരിത്രം കുറിച്ചു.
ആർ.എം.പി.യുടെ പിറവിയും ജനതാദളിന്റെ മുന്നണിമാറ്റവുമെല്ലാംകൊണ്ട് ശ്രദ്ധേയമായ 2009-ലെ തിരഞ്ഞെടുപ്പിലാണ് അടുത്ത ട്വിസ്റ്റ്. തുടക്കംമുതൽ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വരണമെന്നതായിരുന്നു യു.ഡി.എഫിന്റെ ആവശ്യം. പക്ഷേ, മുല്ലപ്പള്ളി താത്പര്യം കാണിച്ചില്ല. 19 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും വടകര കാത്തിരുന്നു. അപ്പോഴേക്കും തിരഞ്ഞെടുപ്പു കൺവെൻഷനും നടന്നു. അതിനുശേഷമാണ് ഹൈക്കമാൻഡ് നിർദേശപ്രകാരം മുല്ലപ്പള്ളി വടകരയിലേക്ക് സ്ഥാനാർഥിയായി വന്നത്. വൈകി വന്നെങ്കിലും മികച്ചവിജയവുമായി അദ്ദേഹം തിരിച്ചുകയറി.
2019-ൽ കെ. മുരളീധരൻ വടകരയിൽ സ്ഥാനാർഥിയായതും അവസാനനിമിഷമാണ്. മുല്ലപ്പള്ളി, ടി. സിദ്ദിഖ്, കെ. പ്രവീൺകുമാർ, വിദ്യാ ബാലകൃഷ്ണൻ തുടങ്ങിയവരുടെ പേരുകൾ ചർച്ചചെയ്യുന്ന ഘട്ടത്തിലാണ് അവസാനം മുരളി സ്ഥാനാർഥിയാകാൻ സമ്മതിച്ചത്. 84663 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുരളി വിജയിച്ചു.
ഇത്തവണ മുരളീധരനല്ലാതെ മറ്റൊരു പേര് കോൺഗ്രസിലും യു.ഡി.എഫിലും ഇല്ലായിരുന്നു. മുരളിക്കായി ചുവരെഴുത്ത് വരെ തുടങ്ങി. പലയിടത്തും ബോർഡുകൾ സ്ഥാപിച്ചു. ഒൗദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും മണ്ഡലത്തിൽ സജീവമായിരുന്നു മുരളി. ഞായറാഴ്ച കൺവെൻഷനോടെ കളം നിറയാൻ കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ട്വിസ്റ്റിൽ മുരളി തൃശ്ശൂരിലേക്ക് നിയോഗിക്കപ്പെടുന്നതും വടകരയിലേക്ക് ഷാഫി പറമ്പിൽ വരുന്നതും.
ചെറുപ്പത്തിന്റെ കരുത്തുമായി ഷാഫി
വടകര: ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് വരുന്നത് യുവത്വത്തിന്റെ കരുത്തുമായി.
പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിൽ ഷാനവാസ് പറമ്പിലിന്റെയും മൈമൂനയുടെയും മകനായി 1983 ഫെബ്രുവരി 12-നാണ് ഷാഫി പറമ്പിൽ ജനിച്ചത്. പട്ടാമ്പി സംസ്കൃത കോളേജ്, തൃശ്ശൂർ വെസ്റ്റ് ഫോർട്ട് കോളേജ് എന്നിവിടങ്ങളിൽനിന്ന് കോളേജ് പഠനം പൂർത്തിയാക്കി.
കെ.എസ്.യു. യൂണിറ്റ് ഭാരവാഹി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് പൊതുരംഗത്തെത്തിയത്. പിന്നീട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ ദേശീയ ജനറൽസെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇപ്പോൾ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗമാണ്. 2011, 16, 21 വർഷങ്ങളിൽ പാലക്കാട്ടുനിന്ന് നിയമസഭയിലെത്തി. ഭാര്യ: അഷീല അലി. മകൾ: ദുഅ. സഹോദരങ്ങൾ: ഷിഫ, ഷെഫിൻ, സൽഫ.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം അതേഗൗരവത്തിൽ ഏറ്റെടുക്കുന്നു -ഷാഫി പറമ്പിൽ
പാലക്കാട്: കേന്ദ്ര, കേരള സർക്കാരുകൾക്കെതിരായ വോട്ടുകൾ കേരളത്തിൽ യു.ഡി.എഫിൽ കേന്ദ്രീകരിക്കുമെന്ന് ഷാഫി പറന്പിൽ എം.എൽ.എ. വടകരയിലെ സ്ഥാനാർഥിയായി പ്രഖ്യാപനം വന്നശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറത്തേക്ക്, നിർണായകമായൊരു തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് കരുത്തുറ്റതാകുക, യു.ഡി.എഫ്. കരുത്തുറ്റതാകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അതേഗൗരവത്തിൽ അത് നോക്കിക്കാണുന്നു.
ഞായറാഴ്ച വടകരയിലേക്കു പോകും. അവിടത്തെ പാർട്ടിനേതൃത്വം പറയുന്നതനുസരിച്ചായിരിക്കും പ്രചാരണ പ്രവർത്തനങ്ങൾ. തിരഞ്ഞെടുപ്പുവിജയം തീരുമാനിക്കുന്നത് ജനങ്ങളാണ്. സ്ഥാനാർഥിയുടെ ശക്തിയും അശക്തിയുമൊന്നുമല്ല. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ ജനങ്ങളെ വെറുപ്പിച്ചിരിക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വടകരയിൽ നല്ലഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിശ്വാസമുണ്ട്. ധൈര്യമായി വടകരയിലേക്കു വരാനാണ് അവിടത്തെ പ്രവർത്തകർ പറയുന്നതെന്നും ഷാഫി പറഞ്ഞു.
Content Highlights: Twist and Turns in Vadakara Lok Sabha Constituency candidate announcement