വടകര ഇടതുകോട്ടകളില്‍ അടിതെറ്റി സി.പി.എം; തലശ്ശേരിയും കൂത്തുപറമ്പും പോലും കൈവിട്ടു

ഷാഫി പറമ്പിൽ | Photo: facebook.com/shafiparambilmla
ഷാഫി പറമ്പിൽ | Photo: facebook.com/shafiparambilmla

വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ആറിടത്തും എല്‍.ഡി.എഫ്. തകര്‍ച്ച പൂര്‍ണം. വലിയ ലീഡ് പ്രതീക്ഷിച്ച തലശ്ശേരി മണ്ഡലത്തില്‍ ലീഡ് 8630 വോട്ടില്‍ ഒതുങ്ങി. 2019-ലെ തിരഞ്ഞെടുപ്പില്‍പ്പോലും തലശ്ശേരി എല്‍.ഡി.എഫിന് 11,469 വോട്ടിന്റെ മേല്‍ക്കൈ നല്‍കിയിരുന്നു. കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ ഷാഫി നേട്ടമുണ്ടാക്കി.

തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങള്‍, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നിവിടങ്ങളില്‍ വലിയ ഭൂരിപക്ഷം നേടുകയായിരുന്നു എല്‍.ഡി.എഫ്. ലക്ഷ്യം. ഇതിലൂടെ യു.ഡി.എഫ്. നാദാപുരം, കുറ്റ്യാടി, വടകര, കൊയിലാണ്ടി മണ്ഡലങ്ങളിലുണ്ടാക്കുന്ന മുന്നേറ്റത്തെ തടഞ്ഞ് ചെറിയ വോട്ടിനെങ്കിലും ജയിക്കുമെന്നും എല്‍.ഡി.എഫ്. കണക്കുകൂട്ടി. തലശ്ശേരിയില്‍ പ്രതീക്ഷിച്ചതിന്റെ പകുതിപോലും വോട്ട് കിട്ടിയില്ല.

2014-ല്‍ 23,039 വോട്ടിന്റെ ലീഡ് തലശ്ശേരിയില്‍ എല്‍.ഡി.എഫ്. നേടിയിരുന്നു. 2021-ല്‍ സി.പി.എമ്മിലെ എ.എന്‍. ഷംസീര്‍ ജയിച്ചതാകട്ടെ 36,801 വോട്ടിന്. ഈ വോട്ടെല്ലാം ഇത്തവണ ചോര്‍ന്നു. കൂത്തുപറമ്പില്‍ യു.ഡി.എഫ്. 10,892 വോട്ടിന് മുന്നേറിയതും തിരിച്ചടിയായി. 2019-ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ യു.ഡി.എഫിന് 4133 വോട്ടിന്റെ ഭൂരിപക്ഷംമാത്രമാണ് കിട്ടിയത്. ഇടതുകേന്ദ്രമായ പേരാമ്പ്രയും എല്‍.ഡി.എഫിനെ കൈവിട്ടു. 2014-ല്‍ 1175 വോട്ടിന്റെയും 2019-ല്‍ 13,204 വോട്ടിന്റെയും ഭൂരിപക്ഷമാണ് പേരാമ്പ്ര യു.ഡി.എഫിന് സമ്മാനിച്ചത്. ഇത്തവണ അത് 19,085 വോട്ടായി ഉയര്‍ന്നു.

Content Highlights: lok sabha election Vadakara 2024