'കാഫിർ' CPM ബുദ്ധികേന്ദ്രത്തിൽനിന്ന്; കണ്ടെത്തേണ്ടത് പോലീസ്, അത് ചെയ്യാതെ നാടിനെ കുറ്റംപറയുന്നു-രമ

#സ്വന്തം ലേഖിക
കെ.കെ. രമ | Photo: Mathrubhumi
കെ.കെ. രമ | Photo: Mathrubhumi

വടകര: വടകരയിലെ രാഷ്ട്രീയം ഇത്രയധികം മലീമസമാക്കിയതിന് പിന്നിൽ സി.പി.എമ്മാണെന്ന് വടകര എം.എൽ.എ. കെ.കെ. രമ. തിരഞ്ഞെടുപ്പ് വിജയത്തിനായി അവർ കുതന്ത്രങ്ങൾ മെനയുന്നു. ഇക്കാര്യത്തിൽ കാലം സി.പി.എമ്മിന് മറുപടി നൽകുമെന്നും രമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

കാഫിർ സ്‌ക്രീൻഷോട്ടുണ്ടാക്കിയതിന് പിന്നിൽ സി.പി.എം തന്നെയാണ്. അവരുടെ ബുദ്ധികേന്ദ്രങ്ങളിൽ നിന്നുണ്ടായ പ്രചരണമാണിത്. ജനം ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. ഇത് കൃത്യമായ വർഗീയതയാണ്. ഇക്കാര്യത്തിന് നേതൃത്വം നൽകിയവരാണ് ഇപ്പോൾ ഇതേ വിഷയത്തിൽ പ്രതികരിക്കുന്നത്. എവിടെ നിന്നാണ് ഈ പ്രയോ​ഗമുണ്ടായതെന്ന് കണ്ടുപിടിക്കണം. സി.പി.എമ്മിന്റെ ഭാ​ഗത്താണല്ലോ പോലീസ്. 

കെ.കെ. ശൈലജയ്‌ക്കെതിരായി അധിക്ഷേപം നടന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകണം. ഇവിടെ സി.പി.എം സൈബർ അതിക്രമം അനുഭവിച്ച് ഒരുപാട് സ്ത്രീകൾ പ്രയാസം അനുഭവിച്ച് മുന്നോട്ട് പോയിട്ടുണ്ട്. ഇതുവരെ ഒരു കേസിൽ പോലും ആരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ല. ഇക്കാര്യത്തിലെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. 

എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒരു ഇഞ്ച് പോലും കേസ് മുന്നോട്ട് പോയില്ല. ആരുടെ കയ്യിലാണ് പോലീസ്. അവര് ചെയ്യേണ്ടത് ചെയ്യാതെ നാടിനെ കുറ്റപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ സി.പി.എം ഉത്തരം നൽകണം. 

സി.പി.എമ്മിന് പങ്കില്ലെന്ന് പറയുന്നിടത്ത് കൂടുതൽ നേതാക്കളെ ശിക്ഷിച്ച കാലത്തിലൂടെയാണ് ടി.പിയുടെ രക്തസാക്ഷിദിനം കടന്നുപോകുന്നത്. ഹൈക്കോടതിയിൽ നിന്ന് വിധി വന്ന പശ്ചാത്തലത്തിലാണ് രക്തസാക്ഷിദിനം. ടി.പി. ക്ക് പകുതി നീതി വാങ്ങിച്ചുകൊടുക്കാൻ സാധിച്ചു. ആഗ്രഹിച്ച രീതിയിലൊരു നീതി ലഭിച്ചില്ലങ്കിലും നിലവിൽ ശിക്ഷിച്ചവരുടെ ശിക്ഷ ഇരട്ടിപ്പിക്കാൻ സാധിച്ചു. കൂടാതെ, നേരത്തെ വിട്ടയച്ച് നേതാക്കന്മാരെ ഗൂഢാലോചനയിൽ പ്രതി ചേർക്കാനുമായി. 

വളരെ ശക്തമായ ടി.പി ഫാക്ടർ വടകരയിൽ ശക്തമായിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിലും വിഷയം ചർച്ചയായിട്ടുണ്ട്. ശിക്ഷിച്ച പ്രതികളെല്ലാം സുഖവാസത്തിലാണെന്നത് തന്നെ പ്രയാസത്തിലാക്കുന്നുണ്ട്. ജീവപര്യന്തം ശിക്ഷ വിധിച്ച ജ്യോതിബാബു നിലവിൽ പരിയാരം മെഡിക്കൽ കോളേജിലാണ്. ഭരണത്തിന്റെ സംരക്ഷണം ഇപ്പോഴും ഈ പ്രതികൾക്ക് ലഭിക്കുന്നുണ്ട്.

ടി.പി ഒരു സത്യമായിട്ട് നിൽക്കുകയല്ലേ. എത്ര വിസ്മരിക്കാൻ ശ്രമിച്ചാലും കൂടുതൽ ശക്തമായി അത് പ്രതിഫലിക്കും. സി.പി.എമ്മിനെ ഭയപ്പെടുത്തുന്ന രീതിയിൽ ടി.പിയുടെ രക്തസാക്ഷിത്വം വളരുകയാണ്. ഈ തിരഞ്ഞെടുപ്പിലും നമുക്ക് അത് കാണാൻ സാധിക്കും. ആ കാലം കഴിഞ്ഞില്ലേ എന്ന് സി.പി.എം നേതാക്കൾ ചോദിച്ചു. എന്നാൽ, കാലം കഴിഞ്ഞിട്ടില്ലെന്ന് അവർ ഈ തിരഞ്ഞെടുപ്പിൽ തിരിച്ചറിയുമെന്നും അവർ ചൂണ്ടിക്കാട്ടി. 

Content Highlights: kk rema against cpm