വടകരയിലെ വർഗീയ വാട്‌സാപ്പ് സന്ദേശം; കേസെടുത്തിട്ട് 20 ദിവസം, അന്വേഷണത്തില്‍ മെല്ലെപ്പോക്ക്

വടകര: തിരഞ്ഞെടുപ്പിന്റെ തലേദിവസം പുറത്തുവന്ന വർഗീയ വാട്‌സാപ്പ് സന്ദേശം സംബന്ധിച്ച് വ്യക്തതവരുത്തുന്നതിൽ പോലീസ് നിസ്സംഗതപാലിക്കുന്നതായി ആക്ഷേപം. ആരോപണപ്രത്യാരോപണങ്ങളും വിശദീകരണങ്ങളുമായി എൽ.ഡി.എഫും. യു.ഡി.എഫും. മുന്നോട്ടുപോകുമ്പോൾ ഇത് ക്രമസമാധാനപ്രശ്നമായി മാറുമോയെന്നാണ് ആശങ്ക. വാട്‌സാപ്പ് സന്ദേശത്തിൽ വടകര പോലീസ് രജിസ്റ്റർചെയ്ത രണ്ടുകേസുകളിലും അന്വേഷണം ഇഴയുകയാണ്.
ഏപ്രിൽ 25-ന് വൈകീട്ടാണ് തിരുവള്ളൂർ നിടുമ്പ്രമണ്ണ യൂത്ത് ലീഗിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളെന്നപേരിൽ സ്‌ക്രീൻഷോട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. വർഗീയചേരിതിരിവുണ്ടാക്കുന്ന സന്ദേശമെന്നാരോപിച്ച് എൽ.ഡി.എഫ്. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസിനും പരാതിനൽകി. എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ സന്ദേശമെന്നപേരിലാണ് ഇത് പ്രചരിച്ചത്.
യൂത്ത് ലീഗും മുഹമ്മദ് കാസിമും ഇത് നിഷേധിച്ചിരുന്നു. ഇങ്ങനെയൊരു വാട്‌സാപ്പ് ഗ്രൂപ്പ് ഇല്ലെന്നും വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ചതാണെന്നും കാണിച്ച് യൂത്ത് ലീഗും കാസിമും പോലീസിൽ പരാതിനൽകി.
അന്നുരാത്രിതന്നെ എൽ.ഡി.എഫിന്റെയും യൂത്ത് ലീഗിന്റെയും പരാതിയിൽ പോലീസ് കേസെടുത്തു. മുഹമ്മദ് കാസിമിനെതിരേയാണ് എൽ.ഡി.എഫ്. പരാതിനൽകിയത്. പോലീസ് കാസിമിന്റെ ഫോൺ മൂന്നുതവണ പരിശോധിച്ചിരുന്നു. ഇതിൽ കാസിമിന്റെ പങ്ക് തെളിയിക്കുന്ന ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസ് കാസിമിനോടും മുസ്‌ലീം ലീഗ് നേതാക്കളോടും പറഞ്ഞത്.
അമ്പാടിമുക്ക് സഖാക്കൾ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് സന്ദേശം ആദ്യം വന്നതെന്നും 15 മിനിറ്റിനുശേഷം ഇത് പേജിൽനിന്ന് അപ്രത്യക്ഷമായെന്നും യൂത്ത് ലീഗിന്റെ പരാതിയിൽ പറയുന്നു.
കൂടുതൽ വിവരങ്ങൾ മെറ്റയിൽനിന്നും ഫെയ്‌സ്ബുക്കിൽനിന്നും കിട്ടേണ്ടതുണ്ടെന്നും ഇതിന് അപേക്ഷനൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
മുഹമ്മദ് കാസിം വീണ്ടും പരാതിനല്‍കി
തന്റെ പേരുപയോഗിച്ച് വ്യാജപ്രചാരണം നടത്തിയതില്‍ നട പടിയാവശ്യപ്പെട്ട് എം.എസ്.എഫ്. ജില്ലാ സെക്രട്ടറി പി.കെ. മുഹ മ്മദ് കാസിം വീണ്ടും പോലീസില്‍ പരാതിനല്‍കി. റൂറല്‍ എസ്. പി.ക്ക് നേരിട്ടാണ് പരാതിനല്‍കിയത്. 25-ന് കാസിം പരാതിനല്‍ കിയിരുന്നെങ്കിലും എഫ്.ഐ.ആര്‍. ഇട്ടിരുന്നില്ല.
മൂന്നുദിവസത്തിനകം എഫ്.ഐ.ആര്‍. ഇട്ടില്ലെങ്കില്‍ സ്വകാ ര്യ അന്യായം ഫയല്‍ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള പറഞ്ഞു. യഥാര്‍ഥ പ്രതികളെ മൂന്നുദിവസത്തിനകം കണ്ടെത്തിയില്ലെങ്കില്‍ റൂറല്‍ എസ്.പി. ഓഫീസിനുമുന്നില്‍ സത്യാഗ്രഹം നടത്താന്‍ യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Communal WhatsApp message vatakara-police investigation slow