ഇനി മണിക്കൂറുകള്‍; തൃശ്ശൂരിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരം,എക്‌സിറ്റാകുമോ, പ്രതീക്ഷകള്‍..

തൃശ്ശൂരില്‍ പ്രധാന മുന്നണി സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നോക്കിനില്‍ക്കുന്നവര്‍ |ഫോട്ടോ:മനീഷ് ചേമഞ്ചേരി
തൃശ്ശൂരില്‍ പ്രധാന മുന്നണി സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നോക്കിനില്‍ക്കുന്നവര്‍ |ഫോട്ടോ:മനീഷ് ചേമഞ്ചേരി

തൃശ്ശൂര്‍: എല്ലാവരും പ്രതീക്ഷയിലാണ്....അതിലേറെ ആശങ്കയിലും. ഭാഗ്യക്കുറിക്കാരുടെ അനൗണ്‍സ്മെന്റ് പറയുന്നതുപോലെ, ഏതാനും മണിക്കൂറുകള്‍കൂടി മാത്രം ബാക്കി. പിന്നീട് വിജയികളുടെ ആരവവും കൈവിട്ടവരുടെ വിലയിരുത്തലുമാകും നിറയുക. ഏതായാലും ഒന്നുറപ്പ്, തൃശ്ശൂര്‍ ലോക്സഭാമണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ത്രികോണമത്സരമായിരുന്നു ഇത്തവണത്തേത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ വിവിധ തരത്തിലുള്ള അവകാശവാദങ്ങളാണിപ്പോള്‍ മണ്ഡലത്തിലെങ്ങും. മത്സരത്തിന്റെ തീവ്രതയും പ്രചാരണത്തിന്റെ ദൈര്‍ഘ്യവുമൊക്കെ കാരണം ഏറെ നാളായി സംസ്ഥാനത്താകെ ചര്‍ച്ചയായ മണ്ഡലമാണ് തൃശ്ശൂര്‍. എക്‌സിറ്റ് പോളുകളെല്ലാം കേരളത്തില്‍ എന്‍.ഡി.എ. അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഇതിലൊരു സീറ്റ് തൃശ്ശൂരാണെന്ന് ബി.ജെ.പി. അനുഭാവികള്‍ ഉറപ്പിക്കുന്നു.

പ്രധാനമന്ത്രി മൂന്നുതവണ സന്ദര്‍ശനം നടത്തിയ ഒരു മണ്ഡലത്തില്‍ ഇതില്‍ക്കുറവൊന്നും അവര്‍ക്ക് പ്രതീക്ഷിക്കാനുമാകില്ലല്ലോ.

സുരേഷ് ഗോപി വിജയിച്ച് കേന്ദ്രമന്ത്രിയാകുമെന്നുവരെയാണ് ആ പ്രതീക്ഷകള്‍ തിടംവെക്കുന്നത്.

എന്നാല്‍, കഴിഞ്ഞ എക്‌സിറ്റ് പോളുകളും കേരളത്തില്‍ എന്‍.ഡി.എ. വിജയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ലല്ലോയെന്ന വാദമാണ് ഇടതും വലതും മുന്നണികള്‍ ഉന്നയിക്കുന്നത്. കെ. മുരളീധരന്‍ മികച്ച ഭൂരിപക്ഷത്തില്‍ത്തന്നെ തൃശ്ശൂരിന്റെ എം.പി.യാകുമെന്ന കാര്യത്തില്‍ യു.ഡി.എഫ്. നേതാക്കള്‍ക്കും അണികള്‍ക്കും സംശയം ഇപ്പോഴുമില്ല. ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണയിലെ ചോര്‍ച്ച പരിഹരിച്ച് പൂര്‍വാധികം ശക്തമായി വോട്ടുകള്‍ നേടാനായി എന്നതാണ് അവരുടെ ന്യായം.

ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ കരുത്ത് വി.എസ്. സുനില്‍കുമാറെന്ന സ്ഥാനാര്‍ഥിയുടെ ജനകീയതയാണെന്നാണ് അവരുടെ വിലയിരുത്തല്‍. വിപുലമായ സൗഹൃദം വോട്ടുകളുടെ എണ്ണത്തില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ കരുതുന്നു. എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കുമെന്ന ആത്മവിശ്വാസമാണ് മികച്ച ഭൂരിപക്ഷമെന്ന അവരുടെ അവകാശവാദത്തിന്റെ ആധാരം.

ജില്ലയിലെ ആറു നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നത്, മറ്റ് രണ്ട് ലോകസഭാ മണ്ഡലങ്ങളിലാണ്. രണ്ടിടത്തും മികച്ച പ്രതിച്ഛായയുള്ള സ്ഥാനാര്‍ഥികളെ അണിനിരത്തിയാണ് ഇടതുമുന്നണി കടുത്ത പോരാട്ടമൊരുക്കിയിരിക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണനും മുന്‍മന്ത്രി പ്രൊഫ. വി. രവീന്ദ്രനാഥുമെത്തിയതോടെ മത്സരം രണ്ടിടത്തും കൊഴുത്തു. സ്ഥാനാര്‍ഥികളുെട മികവില്‍ ചാലക്കുടിയും ആലത്തൂരും പിടിച്ചെടുക്കുമെന്ന് ഉറപ്പാക്കുന്ന ഇടതുമുന്നണി കേന്ദ്രങ്ങള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്ന നാലു സീറ്റുകളില്‍ രണ്ടെണ്ണം ഇവയാണെന്നും കണക്കുകൂട്ടുന്നു.

ആലത്തൂരിലും ചാലക്കുടിയിലും സിറ്റിങ് എം.പി.മാരായ രമ്യാ ഹരിദാസും ബെന്നി ബഹനാനും മികച്ച വിജയം നേടുമെന്നതിന് യു.ഡി.എഫിന് ഒരു സംശയവുമില്ല. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താനാകുമോയെന്നതുമാത്രം നോക്കിയാല്‍ മതിയെന്നാണ് അവരുടെ പക്ഷം. രണ്ടു മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളായ ഡോ.ടി. സരസുവും കെ.എ. ഉണ്ണികൃഷ്ണനും ശക്തമായ സാന്നിധ്യമറിയിക്കുമെന്നാണ് എന്‍.ഡി.എ. മുന്നണി പറയുന്നത്.

Content Highlights: most heated fight in the history of Thrissur-loksabha election-exit poll