'ആ ഗോപിയല്ല ഈ ഗോപി';സുരേഷ് ഗോപിയെ അനുഗ്രഹിച്ചുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്

തൃശ്ശൂര്‍: ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി കലാമണ്ഡലം ഗോപി ആശാന്റെ മകന്‍ രഘുരാജ്. ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയാകുകയും ചെയ്തു.
സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടു, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തു. അങ്ങനെയുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് തന്റെ അച്ഛന്‍ പറഞ്ഞതായും രഘുരാജ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ചര്‍ച്ചയായതോടെ പോസ്റ്റ് രഘുരാജ് ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ മാത്രമാണ് തന്റെ പോസ്‌റ്റെന്നും ചര്‍ച്ച അവസാനിപ്പിക്കണമെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു.ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്.എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്.നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുത്.( പ്രശസ്തനായ ഒരു ഡോക്ടര്‍ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്ടര്‍. അച്ഛന്‍ എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു ഞാന്‍ സാറെ വിളിച്ചു പറഞ്ഞു.എന്നോട് നിങ്ങളാരാ പറയാന്‍ അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്.ഞാന്‍ പറഞ്ഞു. അത് മുതലെടുക്കാന്‍ വരരുതെന്ന്.അത് ആശാന്‍ പറയട്ടെന്ന്. അവസാനം അച്ഛന്‍ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷണ്‍ കിട്ടണ്ടേന്ന്. അച്ഛന്‍ അങ്ങനെ എനിക്ക് കിട്ടണ്ടെന്ന്) ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാല്‍ മതി.
Content Highlights: kalamandalam gopis son-facebook post-After blessing Suresh Gopi-did not want Padma Bhushan