'എല്ലാത്തിനുമപ്പുറം സൗഹൃദം'; തൃശ്ശൂരിലെ BJP ഫ്ലക്സിൽ ഇന്നസെന്റും, തങ്ങളുടെ അറിവോടെയല്ലെന്ന് കുടുംബം

തൃശ്ശൂർ: അന്തരിച്ച നടനും ചാലക്കുടിയിലെ ഇടതു എം.പിയുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിൽ. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനടുത്ത് സ്ഥാപിച്ച ബോർഡിലാണ് ഇന്നസെന്റിന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് ബോർഡിൽ.
ഞായറാഴ്ച കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചിരുന്നു. ആഘോഷങ്ങൾക്ക് ആശംസ അറിയിച്ചുകൊണ്ടാണ് പ്രചാരണ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. സുരേഷ് ഗോപിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് ബോർഡിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമുണ്ട്. എല്ലാത്തിനുമപ്പുറം സൗഹൃദമെന്നാണ് ബോർഡിലെ കുറിപ്പ്.
അതേസമയം, തങ്ങളുടെ അറിവോടെയല്ല ബി.ജെ.പി ഇത്തരത്തിലൊരു ബോർഡ് സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. വിഷയത്തിൽ പരാതി നൽകുന്ന കാര്യം പാർട്ടിയുമായി ആലോചിക്കുമെന്നും അവർ അറിയിച്ചു.
Content Highlights: Innocent in BJP flex at Thrissur