തീരദേശവും ഗ്രാമങ്ങളും ‘കൈ’പ്പിടിയിലാക്കി തരൂർ

ശശി തരൂർ | Photo: Mathrubhumi
ശശി തരൂർ | Photo: Mathrubhumi

തിരുവനന്തപുരം: നാലാംവട്ടവും ശശി തരൂർ തിരുവനന്തപുരത്തുകാരുടെ ഹൃദയം കവർന്നെടുത്തത് കൃത്യമായ ആസൂത്രണത്തിലൂടെ. പാറശ്ശാല, നെയ്യാറ്റിൻകര മേഖലകളിലെ ഓരോ പഞ്ചായത്തിലെയും ഉൾപ്രദേശങ്ങളിലേക്ക് എത്താൻ പ്രചാരണസമയത്ത് തരൂർ കൂടുതൽ സമയം കണ്ടെത്തി. അതിരാവിലെ തുടങ്ങിയ പ്രചാരണം ഇതുകാരണം പലപ്പോഴും അർധരാത്രിയാണ് തീർന്നിരുന്നത്. നിശ്ചയിച്ച പഞ്ചായത്തിലെത്താൻ പറ്റിയില്ലെങ്കിൽ അടുത്ത ദിവസം അവിടെയെത്തും. ഗ്രാമീണമേഖലയിലൂടെയായിരുന്നു കൂടുതലും തരൂരിന്റെ സഞ്ചാരം. അതിനു ഗുണവും കിട്ടി.

പാറശ്ശാലയും നെയ്യാറ്റിൻകരയും കോവളവും തിരുവനന്തപുരം മണ്ഡലത്തിന്റെ തീരമേഖലകളും തരൂരിനെ പിന്തുണച്ചതോടെ നാലാംവട്ടവും ജയം കൈപ്പിടിയിലായി. എന്തിനാണ് ഇത്രയും ദുർഘടം നിറഞ്ഞ ചെറുവഴികൾ പ്രചാരണത്തിനു തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോൾ വളരെ ലളിതമായിരുന്നു തരൂരിന്റെ ഉത്തരം; ‘ഞങ്ങളുടെ വീടിനു മുന്നിൽ സ്ഥാനാർഥിയെത്തിയല്ലോ എന്ന് വോട്ടർമാർ ചിന്തിക്കും. ജോലിക്കു പോയ കുടുംബനാഥരോട് അവർ ഇക്കാര്യം പറയും. അതു ചിലപ്പോൾ വോട്ടാകും’.

എവിടെയെത്തിയാൽ വോട്ടുനേടാമെന്നു കൃത്യമായി മനസ്സിലാക്കി എന്നതാണ് തരൂരിന്റെ വിജയംകൊണ്ട് മനസ്സിലാക്കാവുന്നത്. ഇന്ത്യയെ ഭിന്നിപ്പിക്കുന്ന മോദിഭരണം മാറ്റണമെന്നും അതിനായി തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞാണ് തരൂർ ഓരോ വോട്ടറിന്റെയും മുന്നിലെത്തിയത്. പ്രചാരണത്തിനിറങ്ങും മുൻപേ ജനസേവനത്തിന്റെ 15 സഫലവർഷങ്ങൾ എന്ന പേരിൽ വികസനരേഖ ഓരോ വോട്ടറിലേക്കും തരൂർ എത്തിച്ചിരുന്നു. കഴക്കൂട്ടം-കാരോട് ബൈപ്പാസ്, വിഴിഞ്ഞം തുറമുഖം, റെയിൽവേസ്റ്റേഷൻ നവീകരണം, വിമാനത്താവളവികസനം, കോവിഡ് ദുരിതാശ്വാസനടപടികൾ എന്നിവയൊക്കെ വികസനരേഖയിൽ ഉൾപ്പെടുത്താൻ തരൂർ ശ്രദ്ധിച്ചു. തീരദേശങ്ങളിലെയും പാർലമെന്റിലെ പ്രവർത്തനങ്ങളും സ്ഥാനാർഥിയുടെ വികസനരേഖയിലുണ്ടായിരുന്നു.

20 തവണ പാർലമെന്റിൽ തീരദേശവാസികൾക്കായി ശബ്ദമുയർത്തിയെന്നു പറഞ്ഞായിരുന്നു തരൂരിന്റെ തീരമേഖലയിലെ സഞ്ചാരം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ മുന്നിൽ പലതവണയെത്തിച്ചെന്നും പൊഴിയൂരും കൊച്ചുതോപ്പും സംരക്ഷിക്കാൻ പുലിമുട്ട് പണിതെന്നും ഓരോ പ്രചാരണസ്ഥലത്തും അദ്ദേഹം എടുത്തുപറഞ്ഞു. തീരവോട്ടുകൾ കൂടുതൽ സമാഹരിക്കാൻ ഇതോടെ തരൂരിനു കഴിഞ്ഞു.

Content Highlights: Thiruvananthapuram lok sabha constituency, Shashi Tharoor