തരൂരിനെതിരെ സ്ഥാനാര്‍ഥി ഇടതിന്റെ തെറ്റ്, രാജീവ് ചന്ദ്രശേഖർ എങ്ങനെ തന്നെക്കാൾ ദരിദ്രനായി-പ്രകാശ് രാജ്

തിരുവനന്തപുരം: യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഇടതുപക്ഷം വലിയ തെറ്റുചെയ്തുവെന്ന് നടന്‍ പ്രകാശ് രാജ്. രണ്ട് മതേതര മുന്നണികളെ തമ്മിലടിപ്പിച്ച് വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിച്ച് ആനുകൂല്യം നേടുകയെന്ന ബി.ജെ.പിയുടെ കെണിയില്‍ എല്‍.ഡി.എഫ്. വീഴരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവിനെതിരെ ഒരു വാക്കുപോലും സംസാരിക്കാന്‍ കഴിയാത്ത ആളാണ് ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകയില്‍ 18 വര്‍ഷത്തോളമായി ഒന്നുംചെയ്യാത്ത രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ വികസനവാഗ്ദാനവുമായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. കോടികളുടെ ആസ്തിയുള്ള കേന്ദ്രമന്ത്രി എങ്ങനെയാണ് തന്നെക്കാള്‍ ദരിദ്രനാവുന്നതെന്ന് മനസിലാകുന്നില്ലെന്നും ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തെ പരിഹസിച്ച് പ്രകാശ് രാജ് പറഞ്ഞു.
ഈ പാര്‍ട്ടി മുഴുവന്‍ നുണയന്മാരാണ്. എല്ലാ നാമനിര്‍ദേശപത്രികയിലും നുണപറയുന്നകാര്യത്തില്‍ മാത്രമാണ് രാജീവ് ചന്ദ്രശേഖറിന് സ്ഥിരതയുള്ളത്. ഒരു കള്ളം നൂറ് തവണ പറഞ്ഞാല്‍ അത് സത്യമാവുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Left made a mistake by fielding a candidate against Tharoor, says Prakash Raj