ആഞ്ഞുപിടിച്ചിട്ടും താമര വിരിഞ്ഞില്ല, തിരുവനന്തപുരത്ത് തനിയാവർത്തനം

തിരുവനന്തപുരം: ആഞ്ഞുപിടിച്ചിട്ടും ബിജെപിയൊടൊപ്പം പോകാതെ കൈപ്പത്തി ചേത്തുപിടിച്ച് തിരുവനന്തപുരം. 2014-ന്റെ തനിയാവർത്തനമാണ് ഇക്കുറിയും തിരുവനന്തപുരത്ത് കണ്ടത്. 16077 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയാണ് തരൂർ മിന്നുംവിജയം സ്വന്തമാക്കിയത്. 2014-ൽ അവസാനലാപ്പിൽ ഒ.രാജഗോപാലിനെ പരാജയപ്പെടുത്തി എം.പി.സ്ഥാനം കരസ്ഥമാക്കിയ തരൂർ ഇക്കുറിയും സമാനമായാണ് വിജയത്തേരേറിയത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യഘട്ടത്തിൽമാത്രം മേധാവിത്വം സ്ഥാപിച്ച തരൂർ ആദ്യഒരുമണിക്കൂറിനുള്ളിൽത്തന്നെ രണ്ടാംസ്ഥാനത്തേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രാജീവ് ചന്ദ്രശേഖറിന്റെ ആധിപത്യം തുടക്കംമുതൽ വ്യക്തമായിരുന്നെങ്കിലും ഫോട്ടോഫിനിഷിൽ തരൂർ തിരിച്ചുകയറി. 2014-ലും സമാനമായി അവസാനഘട്ടം വരെ ഒ.രാജഗോപാൽ ലീഡ്നിലയിൽ മുന്നിൽ തുടർന്നെങ്കിലും അവസാനമെത്തിയതോടെ പരാജയപ്പെടുകയാണുണ്ടായത്.
വോട്ടെണ്ണലിന്റെ തുടക്കംമുതൽ രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിലുള്ള ശക്തമായ മത്സരത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ഒടുവിൽ 358155 വോട്ടുകളോടെ തരൂർ വിജയത്തിൽ മുത്തമിട്ടു. രാജീവ് ചന്ദ്രശേഖർ 342078-ഉം പന്ന്യൻ രവീന്ദ്രൻ 247648-ഉം വോട്ടുകളാണ് സ്വന്തമാക്കിയത്. 2009-ൽ 326725 വോട്ടുകളാണ് തരൂർ നേടിയത്. അന്ന് തരൂരിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തിനടുത്തായിരുന്നു. എന്നാൽ 2014 എത്തിയപ്പോഴേക്കും ലീഡ് നിലയിലും വോട്ടിലും കുറവു വന്നു. 15470 വോട്ടിന്റെ ഭൂരിപക്ഷത്തോടെ 297806 വോട്ടുകളാണ് അന്ന് നേടിയത്. 2019 ആയപ്പോഴേക്കും വീണ്ടും ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തോടെ 416131 വോട്ടുകൾ കരസ്ഥമാക്കി. മുൻവർഷത്തെ അപേക്ഷിച്ച് വോട്ടിലും ലീഡിലും കുറവുസംഭവിച്ചെങ്കിലും വിജയത്തിനു പിന്നോട്ടൊരു മറുപടി ഉണ്ടായില്ല.
മൂന്ന് തവണ എംപിയായ തരൂരിനെതിരെ മണ്ഡലത്തില്‍ വികാരമുണ്ടെന്നും അത് വോട്ടാകുമെന്നും പ്രതീക്ഷിച്ച ബിജെപിക്ക് ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ സാന്നിധ്യമാണ് തിരിച്ചടിയായത്. തരൂര്‍ വിരുദ്ധ വോട്ടുകള്‍ കൂടുതലും പന്ന്യന്‍ രവീന്ദ്രനും രാജിവ് ചന്ദ്രശേഖറിനുമായി വിഭജിക്കപ്പെട്ടതോടെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും മണ്ഡലം നിലനിര്‍ത്താനായതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പുകള്‍.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് ബിജെപിക്ക് മണ്ഡലത്തില്‍ സാധ്യത കല്‍പ്പിച്ചിരുന്നു. മണ്ഡലത്തില്‍ പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ തരൂരിലേക്ക് കേന്ദ്രീകരിച്ചതും മറ്റ് വോട്ടുകള്‍ മൂന്നുമുന്നണികള്‍ക്കുമായി വിഭജിക്കപ്പെട്ടതും ബിജെപി സാധ്യത ഇല്ലാതാക്കി. എക്‌സിറ്റ് പോളുകളിലും ന്യൂനപക്ഷ വോട്ടുകള്‍ തരൂരിലേക്ക് പോകുമെന്ന് വിലയിരുത്തിയിരുന്നു. ഇത്തവണ തീരദേശമേഖലയിലുള്‍പ്പെടെ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി കാലേക്കൂട്ടി തയ്യാറാക്കിയിരുന്നു. ഇതിലാണ് അവര്‍ പ്രതീക്ഷ വെച്ചിരുന്നത്.
പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കാകുലരാക്കിയിരുന്നു. 66.47 ശതമാനം വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത്. 2019ല്‍ 73.45 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്തുനിന്നാണ് ഈ വലിയ കുറവ്. അതിനാല്‍ തന്നെ പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ എങ്ങനെ വോട്ടുകള്‍ വീണുവെന്ന കാര്യത്തില്‍ മുന്നണികള്‍ക്ക് ആശയക്കുഴപ്പം പോളിങ് അവസാനിച്ചപ്പോള്‍ തന്നെ ഉണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളുടെയും ശരീരഭാഷയില്‍ പകപ്പ് തിരിച്ചറിയാമായിരുന്നു. പോളിങ് കുറഞ്ഞതാണ് ബിജെപിക്ക് തിരിച്ചടി ആയതെന്നാണ് കരുതുന്നത്. ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടേണ്ട കോര്‍പ്പറേഷന്‍ മേഖലകളില്‍ പോളിങ് കുറഞ്ഞിരുന്നു.
2014ല്‍ 32.32 ശതമാനമായിരുന്നു ബിജെപി ഇവിടെ നേടിയ വോട്ടുവിഹിതം. തരൂരിന് ലഭിച്ചത് 34.1 ശതമാനവും. എന്നാല്‍ 2019ല്‍ അത് 31.296 ശതമാനമായി ബിജെപി വോട്ടുകള്‍ കുറഞ്ഞു. തരൂരിന് ലഭിച്ച വോട്ട് 41.194 ശതമാനമായി ഉയര്‍ന്നു. ഇത് യുഡിഎഫ് അനുകൂല സാഹചര്യം നിലനിന്നതുകൊണ്ടാണ് എന്നാണ് വിലയിരുത്തല്‍. 2014ല്‍ മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തിയിരുന്നു. നഗരമേഖലയില്‍ ബിജെപി മേല്‍ക്കൈ നേടിയപ്പോള്‍ തീരദേശ മണ്ഡലങ്ങളാണ് തരൂരിനെ തുണച്ചത്. 2019ല്‍ നേമം ഒഴികെ മറ്റെല്ലാ മണ്ഡലത്തിലും തരൂരിനായിരുന്നു മുന്‍തൂക്കം.
ഇത്തവണ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നഗര മേഖലയില്‍ മുന്‍തൂക്കം നേടിയെങ്കിലും തീരദേശമേഖലയില്‍ കാര്യമായ നേട്ടം ബിജെപിക്ക് കൈവന്നില്ല. മാത്രമല്ല പന്ന്യന്‍ രവീന്ദ്രന്‍ നഗര മേഖലയിലെ ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ കൂടി ചോര്‍ത്തിയിട്ടുമുണ്ട്.
മണ്ഡലത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലെ മുന്നേറ്റംതന്നെ ഇക്കുറിയും ബി.ജെ.പി. കാഴ്ചവച്ചു. രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാര്‍ഥിയാക്കിയതും വലിയ മുന്നേറ്റം പ്രതീക്ഷിച്ച് തന്നെയാണ്. സംസ്ഥാന നേതാക്കളെ മറികടന്ന് കേന്ദ്ര തീരുമാനമാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നടപ്പിലായത്. തിരുവനന്തപുരത്തെ കണക്കുകൂട്ടലുകള്‍ പിഴച്ചതില്‍ അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് വലിയ പരിക്കുകളില്ല. പ്രചാരണമുള്‍പ്പെടെ രാജീവ് ചന്ദ്രശേഖറിന് പ്രത്യേക ടീമുണ്ടായിരുന്നു. സംസ്ഥാന നേതൃത്വത്തിനെ മുഴുവന്‍ വിശ്വാസത്തിലെടുത്തല്ല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതും.
2014ല്‍ ഒ രാജഗോപാല്‍ നേടിയ വോട്ടുനില മുന്നില്‍ കണ്ടാണ് ബിജെപി കളമിറങ്ങി കളിച്ചത്. 2019ല്‍ കുമ്മനം രാജശേഖരന് ഒ രാജഗോപാലിന്റെ നേട്ടം ആവര്‍ത്തിക്കാനായില്ല. 2014ല്‍ തരൂരിന്റ ഭൂരിപക്ഷം 15,470 വോട്ടുകളായിരുന്നു. എന്നാല്‍ 2019 കുമ്മനം രാജശേഖരനേ തരൂര്‍ പരാജയപ്പെത്തിയത് ഒരുലക്ഷത്തോളം വോട്ടുകള്‍ക്കാണ്. ഇത്തവണ തരൂരിന്റെ വിജയം 16077 വോട്ടുകള്‍ക്കാണെങ്കിലും ബിജെപി വോട്ടുകളിലും വലിയ കുറവുണ്ടായിട്ടുണ്ട്.
എന്നാല്‍ ഇടത് വോട്ടുകളില്‍ മുന്നേറ്റമുണ്ടായതും ശ്രദ്ധേയമാണ്. സ്ഥാനാര്‍ഥിയായി വന്ന പന്ന്യന്‍ രവീന്ദ്രന്റെ സ്വീകാര്യത ബിജെപിക്ക് ലഭിക്കുമായിരുന്ന തരൂര്‍ വിരുദ്ധ വോട്ടുകള്‍ പിളര്‍ത്തി. എങ്കിലും ഇടതിന് ഇത്തവണയും മൂന്നാം സ്ഥാനത്ത് മാത്രമേ എത്താനായുള്ളു എന്നത് ശ്രദ്ധേയമാണ്. നിയമസഭാ മണ്ഡലങ്ങള്‍ ഭൂരിഭാഗം കൈയിലുണ്ടായിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കാത്തത് മുന്നണിയെ ഇരുത്തി ചിന്തിപ്പിക്കുന്ന വിഷയമാണ്. ഇത്തവണ നിര്‍ത്താന്‍ പറ്റുന്ന മികച്ച ഇടത് സ്ഥാനാര്‍ഥി കൂടെയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.
ഇത്തവണത്തെ ലോക്‌സഭാ ഫലം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായി കണക്കാക്കാന്‍ പറ്റില്ല. കേരളത്തില്‍ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട് എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞിരുന്നു. തിരുവനന്തപുരത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനൊപ്പമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്ത ജനം നിയമസഭയില്‍ എല്‍ഡിഎഫിനൊപ്പമാണ് നിന്നത്. ഇത്തവണയും ഇതേ പാറ്റേണ്‍ ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയണം.
ഇടതിനെതിരായ ജനവികാരമുണ്ട് എന്നതിന്റെ സൂചനായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കാണാം. ദേശീയ വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ഇടതുപക്ഷവും യുഡിഎഫും കൃത്യമായി ശ്രദ്ധിച്ചിരുന്നു. മോദിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇരുമുന്നികള്‍ക്കുമുള്ളത്. അങ്ങനെ ഒരേ ലക്ഷ്യവുമായി രണ്ടുമുന്നണികള്‍ പരസ്പരം മത്സരിച്ചപ്പോള്‍ ജനം യുഡിഎഫിനെ തിരഞ്ഞെടുത്തു.
കൃത്യമായി പറഞ്ഞാല്‍ ന്യൂനപക്ഷ മേഖലകളില്‍ യുഡിഎഫിന് കൃത്യമായ മേധാവിത്വം ഇത്തവണയും നിലനിര്‍ത്താനായി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വലിയ വോട്ട് പിടിക്കാന്‍ സാധിക്കാതിരുന്നത് യുഡിഎഫിന് ആശ്വാസകരമായി മാറി. ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെടുന്ന ആളെന്ന നിലയിലും തരൂര്‍ റിക്കോര്‍ഡിട്ടു. കോണ്‍ഗ്രസ് അംഗമായിരുന്ന എ. ചാള്‍സ് ആണ് ആദ്യമായി മണ്ഡലത്തില്‍ ഏറെക്കാലം എംപിയായിരുന്നത്. 1984,1989, 1991 തിരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ എ ചാള്‍സ് മണ്ഡലത്തില്‍ എംപിയായിരുന്നു. ഇതിന് ശേഷം അതേ റെക്കോര്‍ഡ് ശശി തരൂരിനായിരുന്നു. 2009,2014,2019 തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്ത് തരൂരിന് തന്നെയാണ് വിജയം.
ഇത്തവണയും മോദി തന്നെ വരുമെന്ന ധാരണ നിലനില്‍ക്കുന്നതിനാല്‍ നഗര വോട്ടര്‍മാരില്‍ വോട്ട് ചെയ്യാനുള്ള വിമുഖത പ്രകടമായിരുന്നു. ഇത് ബിജെപിക്ക് തിരിച്ചടിയായെന്ന് വേണം കരുതാന്‍. വിജയിച്ചാല്‍ രാജീവ് കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണവും പക്ഷെ ബിജെപിയെ തുണച്ചില്ല. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചതും ഭൂരിപക്ഷ വോട്ടുകള്‍ മൂന്ന് മുന്നണികളിലുമായി ഭിന്നിച്ച് പോയതും തിരിച്ചടിയായി.
Content Highlights: shashi tharoor defeats rajeev chandrasekhar