'ഇങ്ങനെ ഒരു നാണംകെട്ട പാർട്ടിയുണ്ടോ, മക്കളെ പോറ്റിവളർത്തിയത് BJP-യിലേക്ക് അയയ്ക്കാനായിരുന്നോ?'

തിരുവനന്തപുരം : കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മഹാവിജയം നൽകിയ ജനങ്ങൾ ദുഃഖഭാരം അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫിന്റെ ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചുവർഷം പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ദുർബലമായി. വർഗീയതക്കെതിരേ ശബ്ദമുയർത്താൻ കേരളത്തിൽനിന്നുള്ള എം.പി.മാർക്ക് കഴിഞ്ഞില്ല. കേരളം ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും കേരളത്തിന് വേണ്ടി ശബ്ദിക്കാൻ യു.ഡി.എഫ്. എം.പി.മാർ തയ്യാറായില്ല.
പ്രകൃതിദുരന്ത സമയത്ത് സംസ്ഥാനത്തിനായി ഒരു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുപോലും ആവശ്യപ്പെട്ടില്ല. കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഒരേ നയങ്ങളാണ് പിന്തുടരുന്നത്. കോൺഗ്രസിനെ വിജയിപ്പിച്ചാലും ബി.ജെ.പി.ക്ക് അധികാരം കൈമാറുന്ന സ്ഥിതിയാണുള്ളത്.
ഇങ്ങനെ ഒരു നാണംകെട്ട പാർട്ടിയെ കാണാനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസ് ജയിച്ചാൽ ബി.ജെ.പി.യായി മാറുന്ന കാഴ്ചയാണ്. വേണമെങ്കിൽ ബി.ജെ.പി.യിലേക്ക് പോകുമെന്ന് പറഞ്ഞത് കെ.പി.സി.സി. പ്രസിഡന്റ് സുധാകരനാണ്.
കോൺഗ്രസിലെ രണ്ട് നേതാക്കളുടെ മക്കൾ പോയി. അവരെ പോറ്റിവളർത്തിയത് ബി.ജെ.പി.യിലേക്ക് അയയ്ക്കാനായിരുന്നോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഗാരന്റി എന്നത് ജനങ്ങളുടെ ജീവിതസ്ഥിതി മെച്ചപ്പെടുത്തുന്നതാണെന്നും അതിനായി ബി.ജെ.പി. സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ്റിങ്ങൽ മണ്ഡലത്തിലെ കൺവെൻഷനിൽ വി.പി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സ്ഥാനാർഥി വി.ജോയി, പുത്തലത്ത് ദിനേശൻ, എ.എ.റഹീം, ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, സി.ജയൻബാബു, ഒ.എസ്.അംബിക, കൊല്ലങ്കോട് രവീന്ദ്രൻ, ബെന്നി കക്കാട്, കോവളം ടി.എൻ.സുരേഷ്, ഫിറോസ് ലാൽ, വർക്കല രവികുമാർ, ഉഴമലയ്ക്കൽ വേണുകുമാർ, എം.എം.മാഹീൻ, വാമനപുരം പ്രകാശ് കുമാർ, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം കൺവെൻഷനിൽ എം.വിജയകുമാർ അധ്യക്ഷനായി. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി.സി.ചാക്കോ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ആന്റണി രാജു, നീലലോഹിതദാസൻ നാടാർ, ചാരുപാറ രവി, മാങ്കോട് രാധാകൃഷ്ണൻ, പി.പി.ദിവാകരൻ, ആര്യാ രാജേന്ദ്രൻ, സി.ദിവാകരൻ, നടൻ മധുപാൽ, എം.എൽ.എ.മാരായ കെ.ആൻസലൻ, സി.കെ.ഹരീന്ദ്രനാഥ്, വി.കെ.പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: cm pinarayi vijayan criticizes udf