സമസ്തയിലെ ലീഗ് വിരുദ്ധർക്ക് കനത്ത തിരിച്ചടിയായി ഫലം; 'പരസ്യ'ത്തില്‍ പ്രതീക്ഷ വച്ച CPMന് നിരാശ

കെ.എസ്.ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.അബ്ദുറഹിമാനും |ഫോട്ടോ:മാതൃഭൂമി
കെ.എസ്.ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.അബ്ദുറഹിമാനും |ഫോട്ടോ:മാതൃഭൂമി

മഞ്ചേരി: മലപ്പുറത്തെയും പൊന്നാനിയിലെയും ലീഗ് സ്ഥാനാര്‍ഥികളുടെ വന്‍ വിജയം സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധ വിഭാഗത്തിന് കനത്ത തിരിച്ചടിയായി. സി.പി.എം. ബന്ധത്തെച്ചൊല്ലി ഉടലെടുത്ത സമസ്ത-ലീഗ് തര്‍ക്കം തിരഞ്ഞെടുപ്പില്‍ ലീഗിന് വോട്ടുചോര്‍ച്ചയുണ്ടാക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നു.

ഇരുമണ്ഡലങ്ങളിലും പോളിങ് ശതമാനം കുറഞ്ഞപ്പോള്‍ അത് 'സമസ്ത ഫാക്ടര്‍' ആണെന്ന വ്യാഖ്യാനവുമുണ്ടായി. എന്നാല്‍ പകുതി വോട്ടുകള്‍ എണ്ണിയപ്പോള്‍ത്തന്നെ യു.ഡി.എഫ്. പ്രതീക്ഷിച്ചതിലും ഇരട്ടി ഭൂരിപക്ഷത്തിലേക്കാണ് ലീഗ് സ്ഥാനാര്‍ഥികള്‍ എന്നു വ്യക്തമായിരുന്നു.

മുന്‍ ലീഗ് നേതാവ് കെ.എസ്. ഹംസയെ സി.പി.എം. സ്ഥാനാര്‍ഥിയാക്കിയതുമുതല്‍ പൊന്നാനിയില്‍ സമസ്ത-ലീഗ് തര്‍ക്കം ചര്‍ച്ചയായിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സമസ്ത മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി ലീഗിനെതിരേ ശക്തമായി രംഗത്തുവന്നു. ലീഗിന് ഇക്കുറി ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണമെന്ന് ഒരുവിഭാഗം സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ചു. 'ടീം സമസ്ത' എന്നപേരില്‍ അവര്‍ ഹംസയുടെ വിജയത്തിനായി രംഗത്തിറങ്ങി.

സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പരസ്യം നല്‍കിയതും സിറ്റിങ് എം.പി.മാരുടെ മണ്ഡലം മാറ്റവും പൗരത്വനിയമ േഭദഗതിയുമൊക്കെ ചര്‍ച്ചയാക്കി. സമസ്ത ഉള്‍പ്പെടെ ലീഗിന് വോട്ടുചെയ്തിരുന്നവര്‍ ഇത്തവണ മാറിച്ചിന്തിക്കുമെന്ന് ഹംസയും പറഞ്ഞു. എന്നാല്‍, വിമതര്‍ക്കെതിരേ ലീഗ് നേതൃത്വമെടുത്ത മുന്‍കരുതല്‍ നടപടികള്‍ പാര്‍ട്ടിയെ തുണച്ചെന്നാണ് തിരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചന.

മുന്‍പത്തെ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ 18,124 വോട്ടും മലപ്പുറത്ത് 46,758 വോട്ടുമാണ് എസ്.ഡി.പി.ഐ. നേടിയത്. ഇത്തവണ ഇവരുടെ പിന്തുണ ആവശ്യമില്ലെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചെങ്കിലും എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടികളുടെ പിന്തുണയും ലീഗിനു ലഭിച്ചു.

സമസ്തയിലെ ഒരുവിഭാഗത്തിന്റെ വോട്ടുള്‍പ്പെടെ ലഭിച്ചാല്‍ ലീഗിന്റെ ഭൂരിപക്ഷം 25,000-ത്തിനും 50,000-ത്തിനും ഇടയില്‍ ഒതുങ്ങുമെന്നായിരുന്നു സി.പി.എം. കണക്കാക്കിയത്. എന്നാല്‍ ലീഗ് നേടിയ വന്‍ ഭൂരിപക്ഷം, ന്യൂനപക്ഷ വിഷയങ്ങള്‍ ശക്തമായി ഉയര്‍ത്തുന്നത് ഇടതുപക്ഷമാണെന്ന സി.പി.എം. പ്രചാരണത്തിനും തിരിച്ചടിയായി.

സമസ്തയുടെ ശക്തികേന്ദ്രങ്ങളായ കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും സമസ്ത-ലീഗ് തര്‍ക്കം തിരഞ്ഞെടുപ്പില്‍ അല്‍പ്പംപോലും പ്രതിഫലിച്ചില്ല. ഇതോടെ സമസ്ത നേതൃത്വത്തിലെ ചിലരുടെ പിന്തുണയോടെ താക്കോല്‍സ്ഥാനങ്ങളിലിരിക്കുന്ന ചുരുക്കം ചില യുവനേതാക്കള്‍ മാത്രമാണ് സി.പി.എം. അനുകൂല നീക്കങ്ങള്‍ക്കു പിന്നിലെന്ന ലീഗ് വാദം ശരിയാണെന്നുവന്നു. ഇവര്‍ക്കെതിരേ പാര്‍ട്ടി ഇനി കടുത്ത നിലപാടിലേക്കുപോകാനാണ് സാധ്യത.

Content Highlights: result was heavy blow to the anti-League in Samastha-cpm