പൊന്നാനിയിൽ നാലാമതും സി.പി.എമ്മിന്റെ സ്വതന്ത്ര പരീക്ഷണം; നോട്ടം സമസ്തയിൽ

മലപ്പുറം: മുന്നണിയിൽ സീറ്റ് ’പിടിച്ചെടുത്ത’ അന്നുമുതൽ സി.പി.എമ്മിന്റെ പരീക്ഷണശാലയാണ് പൊന്നാനി. പൊതുസ്വതന്ത്രരെ കളത്തിലിറക്കി മണ്ഡലം പിടിക്കാനായിരുന്നു ശ്രമം. മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പയറ്റിയ ആ പരീക്ഷണം ഇതുവരെ ജയംകണ്ടിട്ടില്ല. എങ്കിലും മുസ്‌ലിം ലീഗിനെതിരേ കട്ടയ്ക്കുനിന്നു പോരാടാൻ കഴിഞ്ഞു. ഇക്കുറിയും സ്വതന്ത്ര പരീക്ഷണം തുടരാനാണ് സി.പി.എം. തീരുമാനം; പുതിയ ചേരുവകളോടെ.
ലീഗ് മുൻ സംസ്ഥാനസെക്രട്ടറി കെ.എസ്. ഹംസയെ രംഗത്തിറക്കുമ്പോൾ പുതിയൊരു നോട്ടംകൂടിയുണ്ട് സി.പി.എമ്മിന്. ലീഗ്-സമസ്ത പ്രശ്നം വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷ. ഹംസയെ അപ്രതീക്ഷിത സ്ഥാനാർഥിയാക്കി യു.ഡി.എഫ്. വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാമെന്നും കണക്കുകൂട്ടുന്നു.
സംസ്ഥാന പ്രവർത്തകസമിതിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചാണ് തൃശ്ശൂർ സ്വദേശിയായ ഹംസ ലീഗിൽ കലഹം തുടങ്ങിയത്. തുടർന്ന് യോഗവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുത്തുവെന്ന കാരണം കാണിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു. ഹംസയുടെ ’പോരാട്ടവീര്യം’ മുന്നണിക്ക് നേട്ടമാകുമെന്നു വിലയിരുത്തിയാണ് പല പേരുകൾക്കൊടുവിൽ സി.പി.എം. ടിക്കറ്റ് നൽകുന്നത്. മണ്ഡലം കമ്മിറ്റിയിൽ റിപ്പോർട്ടുചെയ്ത്, ദേശീയ നേതൃത്വത്തിന്റെ അംഗീകാരം കിട്ടിയാലാകും അന്തിമ തീരുമാനം.
കാലങ്ങളായി സി.പി.ഐ. മത്സരിച്ചുവന്ന പൊന്നാനി, സ്വതന്ത്രരെ ഇറക്കി പിടിക്കാമെന്ന പ്രതീക്ഷയിൽ 2009-ലാണ് സി.പി.എം. ഏറ്റെടുത്തത്. പിന്നീട് മൂന്നു തിരഞ്ഞെടുപ്പുകളിലും മത്സരിപ്പിച്ചത് സ്വതന്ത്രരെ, സ്വതന്ത്ര ചിഹ്നത്തിൽ. മുന്നണി വോട്ടുകൾക്കൊപ്പം പരമാവധി പൊതു വോട്ടുകൾ എന്നതായിരുന്നു തന്ത്രം.
2009-ൽ കാന്തപുരം വിഭാഗം സുന്നികളുടെയും പി.ഡി.പി.യുടെയും പിന്തുണയോടെ ഡോ. ഹുസൈൻ രണ്ടത്താണിയെ സ്ഥാനാർഥിയാക്കി. 2014-ൽ മുൻ കോൺഗ്രസുകാരൻ വി. അബ്ദുറഹ്‌മാനെയും. 2019-ൽ മുൻ കോൺഗ്രസുകാരനും നിലമ്പൂർ എം.എൽ.എ.യുമായ പി.വി. അൻവറും. ലക്ഷത്തിനു മുകളിലായിരുന്ന ലീഗ് ഭൂരിപക്ഷം ആദ്യ രണ്ടുതവണയും കുറയ്ക്കാനുമായി. മൂന്നു തിരഞ്ഞെടുപ്പുകളിലും ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിനായിരുന്നു ജയം. ഭൂരിപക്ഷം യഥാക്രമം 82,684, 25,410, 1,93,273 വോട്ടുകൾ.
ഇക്കുറി ലീഗ്-സമസ്ത പ്രശ്‌നംകൂടി മുതലെടുക്കാൻ പറ്റുന്ന സ്ഥാനാർഥിയെ കണ്ടെത്താനായിരുന്നു തുടക്കംമുതൽ ശ്രമം. തവനൂർ എം.എൽ.എ. ഡോ. കെ.ടി. ജലീലും മന്ത്രി വി. അബ്ദുറഹ്‌മാനും പരിഗണിക്കപ്പെട്ടു. ഇരുവരും മത്സരിക്കാൻ വിമുഖത കാണിച്ചതോടെ പാർട്ടി സ്ഥാനാർഥി എന്ന ആലോചനയിലേക്കും കടന്നിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് വി.പി. സാനു തുടങ്ങിയ പേരുകളും ചർച്ചയായി. അവസാനമിതാ പാർട്ടി പ്രവർത്തകർക്കും എതിരാളികൾക്കും ഒരുപോലെ സർപ്രൈസ് നൽകി സ്ഥാനാർഥി.
സി.പി.എമ്മിന്റെ സുഹൃത്ത്
വടക്കാഞ്ചേരി: മുസ്‌ലിം ലീഗിൽ താഴെത്തട്ടിൽനിന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി പദവിവരെയെത്തിയ കെ.എസ്. ഹംസ പതിറ്റാണ്ടുകളായി സി.പി.എമ്മുമായി നല്ല ബന്ധത്തിലാണ്. മന്ത്രി കെ. രാധാകൃഷ്ണന്റെയും അടുപ്പക്കാരൻ. എൺപതുകളിൽ സി.പി.എമ്മുമായി സഖ്യമുണ്ടാക്കി പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റായാണ് തുടക്കം. ലീഗിനുള്ളിലെ അറിയപ്പെടുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധനായിരുന്നു. സംസ്ഥാനത്തെ കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ കൂട്ടായ്‌മ വിപുലപ്പെടുത്തുന്നതിന് നേതൃത്വംനൽകി. ആറ്റൂരിൽ അറഫ സ്‌കൂൾ, ദേശമംഗലത്ത് മലബാർ എൻജിനിയറിങ് കോളേജ് എന്നിവയുടെ നേതൃത്വംവഹിക്കുന്നു. സമസ്തയുമായും നല്ല അടുപ്പത്തിലാണ് തൊഴുപ്പാടത്തുകാരനായ ഈ അൻപത്തേഴുകാരൻ.
Content Highlights: ponnani cpm candidate ks hamza