പരാജയകാരണം ഭരണവിരുദ്ധവികാരം, കിറ്റ് രാഷ്ട്രീയത്തിൽ കേരളത്തിലെ ജനം വീഴില്ല- ഗീവർഗീസ് മാർ കൂറിലോസ്

ഗീവർഗീസ് മാർ കൂറിലോസ്| photo facebook.com/geevarghese.coorilos
ഗീവർഗീസ് മാർ കൂറിലോസ്| photo facebook.com/geevarghese.coorilos

നിരണം: ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാതചികിത്സയിൽനിന്ന്‌ പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. യാക്കോബായ സഭയുടെ നിരണം ഭദ്രാസനത്തിന്റെ മുൻ അധിപനാണ് ഇദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണ്. സി.പി.എം. എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർഥ്യമാണ്.

സാമ്പത്തികനയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂർത്ത്, മോശമായ പോലീസ് നയം, മാധ്യമവേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെയുള്ള അഴിമതി, പെൻഷൻ മുടങ്ങിയത്, പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, എസ്.എഫ്.ഐ.യുടെ അക്രമരാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതുവൽക്കരണ നയങ്ങൾ തുടങ്ങിയവയും ഈ തോൽവിക്ക് കാരണമാണ്.

ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും, ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ വരും. പ്രളയവും മഹാമാരികളും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ല.'കിറ്റ് രാഷ്ട്രീയത്തിൽ' ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ, തൊലിപ്പുറത്തുള്ള തിരുത്തൽ ആകരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ വേണം.ഇടതുപക്ഷം 'ഇടത്ത്' തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നും ഫെയ്ബുക്ക് പോസ്റ്റിലുണ്ട്. ഇടത് അനുഭാവിയായിട്ടാണ് മാർ കൂറിലോസ് അറിയപ്പെടുന്നത്.

Content Highlights: People of Kerala will not fall for kit politics Coorilose Geevarghese