വേറിട്ട ആശയം, ഈ പുസ്തകവണ്ടി

.
ഡോ.ടി.എം.തോമസ് ഐസക്കിന്റെ പുസ്തകവണ്ടിക്കരികില്‍ സംഘാടകരായ സുഹൃദ്സംഘം
. ഡോ.ടി.എം.തോമസ് ഐസക്കിന്റെ പുസ്തകവണ്ടിക്കരികില്‍ സംഘാടകരായ സുഹൃദ്സംഘം

പൊന്‍കുന്നം: തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വേറിട്ടതാകും ഈ പുസ്തകവണ്ടി. പത്തനംതിട്ടയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ.ടി.എം.തോമസ് ഐസക്ക് രചിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും വിപണനവുമായി മണ്ഡലത്തിലുടനീളം എത്തുകയാണ് പുസ്തകവണ്ടി. സാഹിത്യകാരി കെ.ആര്‍.മീരയാണ് പ്രയാണം ഉദ്ഘാടനം ചെയ്തത്. മുന്‍ ധനകാര്യമന്ത്രിയും ധനതത്ത്വശാസ്ത്രജ്ഞനുമായ തോമസ് ഐസക്കിന്റെ ധനപരമായ ചിന്തകളും അവയുടെ പ്രായോഗികതയും വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ ഇടതുപക്ഷം ചേര്‍ന്നുള്ള കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ കൂടിയാണ് അവതരിപ്പിക്കുന്നത്.

തോമസ് ഐസക്കിന്റെ സുഹൃത്തുക്കളുടെ ആശയമാണ് പുസ്തകവണ്ടി. രാഷ്ട്രീയക്കാരനിലുപരി തങ്ങളുടെ പ്രിയസുഹൃത്ത് വൈജ്ഞാനിക മേഖലയില്‍ നല്‍കിയ സംഭാവനകള്‍ വോട്ടര്‍മാര്‍ അറിയണമെന്നതാണ് ലക്ഷ്യം. ഡോ.ബി.ഇക്ബാല്‍, ഡോ.സി.രാമകൃഷ്ണന്‍, ശിവരാമകൃഷ്ണന്‍ തുടങ്ങിയവരാണ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍.

സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ 'കേരളം മണ്ണും മനുഷ്യനും' ഉള്‍പ്പെടെ തോമസ് ഐസക്ക് രചിച്ച 57 പുസ്തകങ്ങളില്‍ നാല്‍പ്പതിലേറെയെണ്ണം പുസ്തകവണ്ടിയിലുണ്ട്. ഏറ്റുവുമൊടുവില്‍ രചിച്ച പത്തനംതിട്ട ഡയറി എന്ന പുസ്തകം ബുധനാഴ്ച പ്രകാശനംചെയ്തു. അടുത്തദിവസം മുതല്‍ പത്തനംതിട്ട ഡയറിയും പുസ്തകവണ്ടിയില്‍ വില്‍പ്പനയ്ക്കുണ്ടാവും. സുഹൃത്തുക്കള്‍ നല്‍കിയ സംഭാവനകള്‍ കൊണ്ടാണ് വാഹനം ഓടിക്കുന്നതിന്റെ ചെലവ് നിര്‍വഹിക്കുന്നത്. പുസ്തകം വില്‍ക്കുന്നത് എഴുപതുശതമാനം ഡിസ്‌കൗണ്ടിലാണെന്ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കോ-ഓര്‍ഡിനേറ്ററും കെ.എസ്.ടി.എ. മുന്‍ഭാരവാഹിയുമായ ബി.ശ്രീകുമാര്‍ പറഞ്ഞു. കിഫ്ബി, ഹരിതകര്‍മസേന, ജനകീയാസൂത്രണം, ജനകീയഹോട്ടല്‍, കുടുംബശ്രീ പദ്ധതികള്‍ തുടങ്ങി നടപ്പാക്കി വിജയിപ്പിച്ച ആശയങ്ങളുടെ പ്രവര്‍ത്തനരേഖകൂടിയാണ് തോമസ് ഐസക്കിന്റെ പുസ്തകങ്ങളെന്നും ശ്രീകുമാര്‍ പറഞ്ഞു.

Content Highlights: pusthakavandi kottayam election news