പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്നെന്ന് ആരോപണം: കുത്തിയിരിപ്പ് സമരംനടത്തി ആന്റോ ആന്റണി

#സ്വന്തം ലേഖകന്‍
ആന്റോ ആന്റണി നടത്തിയ കുത്തിയിരിപ്പ് സമരം. ഫോട്ടോ - മാതൃഭൂമി
ആന്റോ ആന്റണി നടത്തിയ കുത്തിയിരിപ്പ് സമരം. ഫോട്ടോ - മാതൃഭൂമി

പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന് സി.പി.എം പ്രവര്‍ത്തകരുടെ കൈയിലെത്തി എന്നാരോപിച്ച് പത്തനംതിട്ട മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണി മുഖ്യവരണാധികാരിയായ ജില്ലാകളക്ടറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നടപടി ആവശ്യപ്പെട്ടാണ് സമരം. ഇടത് അനുകൂല സംഘടനകളില്‍പ്പെട്ട ജീവനക്കാര്‍ വഴി പട്ടിക ബുധനാഴ്ച ചോര്‍ന്നു എന്നാണ് ആരോപണം.

കള്ളവോട്ടിന് കളമൊരുക്കാനുള്ള നടപടിയാണിതെന്ന് ആന്റോ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വെച്ചാണ് ഒരു ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ പരസ്പരം അറിയാറുള്ളത്. ഉദ്യോഗസ്ഥരുടെ കോഡ് നമ്പരും ബൂത്തിന്റെ പേരും  അടങ്ങുന്ന പട്ടികയാണ്  ആന്റോ സമരത്തിനിടെ പ്രദര്‍ശിപ്പിച്ചത്.

ജീവനക്കാരന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട:  കോന്നി നിയമസഭാ മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ എല്‍.ഡി ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍. തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന കോന്നി താലൂക്ക്  ഓഫീസിലെ യദുകൃഷ്ണനെയാണ് ജില്ലാ കളക്ടറും പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം മുഖ്യ വരണാധികാരിയുമായ എസ്. പ്രേം കൃഷ്ണന്‍ സ്‌പെന്‍ഡ് ചെയ്തത്.

പട്ടിക ചോര്‍ന്ന് സി.പി.എം പ്രവര്‍ത്തകരുടെ കൈയിലെത്തി എന്നാരോപിച്ച് പത്തനംതിട്ട മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണി മുഖ്യവരണാധികാരിയായ ജില്ലാകളക്ടറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് ആന്റോ ആന്റണിയേയും ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍ എന്നിവരെ ചേംബറിലേക്ക് വിളിച്ചാണ് സസ്‌പെന്‍ഷന്‍ വിവരം അറിയിച്ചത്.
 
കള്ളവോട്ടിന് കളം ഒരുക്കാനുള്ള നടപടിയാണിതെന്ന് ആന്റോ പിന്നീട് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വെച്ചാണ് ഒരു ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ പരസ്പരം  അറിയാറുള്ളത്. ഉദ്യോഗസ്ഥരുടെ കോഡ് നമ്പരും ബൂത്തിന്റെ പേരും അടങ്ങുന്ന പട്ടികയാണ്  ആന്റോ സമരത്തിനിടെ പ്രദര്‍ശിപ്പിച്ചത്.

Content Highlights: pathanamthitta polling officials list leaked sasys anto antony