പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ഥി; ഡമ്മി സ്ഥാനാര്‍ഥിയെന്ന് വിശദീകരണം

അനൂപ് വി, Photo: mbinews/screengrab
അനൂപ് വി, Photo: mbinews/screengrab

പത്തനംതിട്ട; പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ അനൂപ് വിയാണ് പത്തനംതിട്ടയില്‍ മത്സരരംഗത്തുള്ളത്. അടൂര്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രതിനിധി കൂടിയാണ് അനൂപ്. 

ഡമ്മി സ്ഥാനാര്‍ഥിയായാണ് പത്രിക സമര്‍പ്പിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസും ഡി.സി.സിയും നല്‍കുന്ന വിശദീകരണം. പിന്‍വലിക്കാനുള്ള സാഹചര്യമുണ്ടായില്ലെന്നും അതിനായി അനുവദിക്കപ്പെട്ട ദിവസം സ്ഥാനാര്‍ഥിക്ക് ഹാജരാകാന്‍ കഴിഞ്ഞില്ലെന്നുമാണ് പറയുന്നത്. 

ആന്റോ ആന്റണി മത്സരിക്കുമ്പോള്‍ ഡമ്മി സ്ഥാനാര്‍ഥിയായി ഒരു ഗ്രാമ പഞ്ചായത്ത് പ്രതിനിധിയായ ആളെയാണോ പാര്‍ട്ടി പരിഗണിക്കുക എന്ന സംശയം ഉയരുന്നുണ്ട്.  അതേസമയം സ്ഥാനാര്‍ഥിക്കോ അയാള്‍ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ കത്ത് നല്‍കിയാല്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്നിരിക്കേ പത്രിക പിന്‍വലിക്കാന്‍ സാധിച്ചില്ല എന്നതും സംശയത്തിനിട നല്‍കുന്നതാണ്. 

Content Highlights: pathanamthitta lok sabha constituency Congress rebel candidate