പത്തനംതിട്ടയില്‍ പോര് കനക്കും, മൂന്നുതരം

#പ്രവീണ്‍ കൃഷ്ണന്‍
ആന്റോ ആന്റണി, തോമസ് ഐസക്ക്, അനില്‍ ആന്റണി | ഫോട്ടോ: മാതൃഭൂമി, പി.ടി.ഐ.
ആന്റോ ആന്റണി, തോമസ് ഐസക്ക്, അനില്‍ ആന്റണി | ഫോട്ടോ: മാതൃഭൂമി, പി.ടി.ഐ.

പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാമണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടുമണ്ഡലവും ചേര്‍ന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. മണ്ഡലം രൂപവത്കരിച്ചശേഷം തുടര്‍ച്ചയായി മൂന്നുതവണയും പത്തനംതിട്ട യു.ഡി.എഫിനൊപ്പമായിരുന്നു.

ഹാട്രിക് വിജയം നേടിയ സിറ്റിങ് എം.പി. ആന്റോ ആന്റണി തന്നെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. എന്നാല്‍, ചരിത്രം തിരുത്തണമെന്ന വാശിയില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക്കിനെയാണ് ഇറക്കിയിരിക്കുന്നത്. പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷം (സെക്കുലര്‍) ബി.ജെ.പി.യില്‍ ലയിച്ചപ്പോള്‍മുതല്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചകളില്‍ നിറഞ്ഞെങ്കിലും അവസാനഘട്ടത്തില്‍ അനില്‍ ആന്റണി എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി.

2019-ല്‍ പത്തനംതിട്ടയിലെ ആറ് നിയമസഭാമണ്ഡലങ്ങളില്‍ യു.ഡി.എഫിനും ഒന്നില്‍ എല്‍.ഡി.എഫിനുമായിരുന്നു മേല്‍ക്കൈ. എന്നാല്‍, 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴുമണ്ഡലങ്ങളും ഇടതുപാളയിത്തിലായി. എന്നാല്‍, മൂന്നുവട്ടവും കൂടെനിന്ന മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്‍.ഡി.എ. ക്രമാനുഗതമായി വോട്ടുവിഹിതം വര്‍ധിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. 2014-ല്‍നിന്ന് 2019-ലേക്കെത്തിയപ്പോള്‍ വോട്ടുവിഹിതം ഇരട്ടിയിലേറെ കൂടി.

ക്രൈസ്തവന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. യു.ഡി.എഫിന് വലിയ മേല്‍ക്കൈയുണ്ടായിരുന്ന ക്രൈസ്തവവോട്ടുകളില്‍ ഒരു പങ്ക് 2021-ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലേക്കെത്തി. ക്രൈസ്തവസമൂഹത്തെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ബി.ജെ.പി.യും ശ്രമിക്കുന്നുണ്ട്. 2019-ല്‍ ശബരിമല യുവതീപ്രവേശനമടക്കം ചര്‍ച്ചയായപ്പോള്‍ ശക്തമായ ത്രികോണമത്സരം നടന്നു. ഇത്തവണ പൊതു രാഷ്ട്രീയവിഷയങ്ങളാകും ചര്‍ച്ചയാകുക.

തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുംമുമ്പുതന്നെ മൂന്നുമുന്നണിയും പ്രചാരണം ഒരു റൗണ്ട് പിന്നിട്ടിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമെത്തിയതും പത്തനംതിട്ടയിലാണ്. സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ആദ്യം ചില എതിര്‍പ്പുയര്‍ന്നെങ്കിലും അതൊക്കെമാറി എന്‍.ഡി.എ. ക്യാമ്പും പൂര്‍ണ സജ്ജമായിക്കഴിഞ്ഞു.

വികസനപ്രശ്‌നങ്ങള്‍, കാര്‍ഷികമേഖലയുെട മുരടിപ്പ്, വന്യമൃഗശല്യം, റബ്ബര്‍ മേഖലയിലെ പ്രതിസന്ധി, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, അടിസ്ഥാനസൗകര്യ വികസനത്തിന്റെ കുറവ് തുടങ്ങിയവ ചര്‍ച്ചയാകും. ശബരിമലയിലെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ടും മൂന്നുമുന്നണിയും ആരോപണ, പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ഥാടകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ യു.ഡി.എഫും എന്‍.ഡി.എ.യും ഉയര്‍ത്തിക്കാട്ടുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെയും എം.പി.യെയും കുറ്റപ്പെടുത്തിയാണ് എല്‍.ഡി.എഫ്. ഇതിനെ പ്രതിരോധിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴിടത്തും എല്‍.ഡി.എഫ്. വിജയം.


 

Content Highlights: pathanamthitta analysis