പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെ പോര്: ജില്ലയിൽ പാർട്ടി പ്രതിരോധത്തിൽ, കെട്ടിച്ചമച്ചതെന്ന് CPM

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പത്തനംതിട്ട: ജില്ലാ സെക്രട്ടേറിയറ്റം​ഗങ്ങൾ തമ്മിലുണ്ടായ കൈയ്യാങ്കളി സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് പത്തനംതിട്ടയിൽ പാർട്ടി പ്രതിരോധത്തിൽ. മുൻ എം.എൽ.എ എ. പത്മകുമാർ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ബി. ഹർഷകുമാർ എന്നീ ജില്ലാ സെക്രട്ടറിയേറ്റ്‌ അം​ഗങ്ങളാണ് യോ​ഗത്തിനിടെ പോരടിച്ചത് എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ജില്ലാ നേതൃത്വം രംഗത്തെത്തി. സംഭവം മാധ്യമസൃഷ്ടിയാണെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ നടന്ന യോ​ഗത്തിനിടെയായിരുന്നു പ്രശ്നങ്ങൾ. എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ഐസക്കിൻ്റെ പ്രചാരണത്തിൽ ചിലർ ഉഴപ്പുന്നുവെന്ന് പത്മകുമാർ ആരോപിച്ചതിന് പിന്നാലെയാണ് ഹർഷകുമാർ രോഷാകുലനായത്. തുടർന്ന്, ഇവരുടെ തർക്കം കൈയ്യാങ്കളിയിലേക്കെത്തുകയായിരുന്നു. 

എന്നാൽ, വാർത്ത പരന്നതോടെ ഇരുവരും സംഭവം നിഷേധിച്ചു. വിഷയം മാധ്യമസൃഷ്ടിയാണെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രം​ഗത്തെത്തി. തോമസ് ഐസക്കിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിന് തടയിടാന്‍ ബോധപൂര്‍വം ചമച്ച വാര്‍ത്തയാണിത്. തിര‍ഞ്ഞെടുപ്പ് കാലത്ത് വ്യാജ വാർത്തകളുണ്ടാകാറുണ്ടെന്നും നിയമപരമായി നീങ്ങുമെന്നും ഉദയഭാനു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Content Highlights: CPM District Secretariat issue,district leadership denied the news