പാലക്കാട്ടെ ജനകീയൻ ഞാൻ തന്നെ! പാലക്കാട് ഭൂരിപക്ഷമുയർത്തി വിജയം നേടി വി.കെ. ശ്രീകണ്ഠൻ

Photo: PP Ratheesh | Mathrubhumi
Photo: PP Ratheesh | Mathrubhumi

പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇടതോ വലതോ? ആർക്കും വിജയം പ്രവചിച്ച മണ്ഡ‍ലത്തിൽ ഒടുവിൽ ഉത്തരം വന്നു. പാലക്കാട്ടെ ജനകീയ നേതാവ് താനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വി.കെ. ശ്രീകണ്ഠന്‍ പാലക്കാട് ലോകസഭാ മണ്ഡലം പിടിച്ചെടുത്തു. 4,21,169 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 11,637 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നുവെങ്കില്‍ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവനേക്കാൾ 75,283 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ്  വിജയം. ഇതോടെ 2019-ലെ തിരഞ്ഞെടുപ്പില്‍ നഷ്ടമായ പാലക്കാട് എന്ന ഇടത് കോട്ട തിരിച്ചെടുക്കാനുള്ള എല്‍.ഡി.എഫിന്റെ ശ്രമം വന്‍ പരാജയമായി മാറി. 3,45,886 വോട്ടുകള്‍ എ. വിജയരാഘവനും 2,51,778 വോട്ടുകള്‍ സി. കൃഷ്ണകുമാറിനും ലഭിച്ചു.

തുടക്കത്തില്‍ ഒരു ത്രികോണ മത്സരത്തിന്റെ ലക്ഷണങ്ങളുമായാണ് പാലക്കാട് വോട്ടെണ്ണല്‍ ആരംഭിച്ചത്. നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിന്റെ എ. വിജയരാഘവന്‍ അല്‍പനേരം മുന്നിട്ടു നിന്നു. ഈ സമയം മുഴുവന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറായിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അപ്രതീക്ഷിത മത്സരം. ഈ സമയം പക്ഷെ വി.കെ. ശ്രീകണ്ഠന്‍ മൂന്നാം സ്ഥാനത്ത് നിന്നു. 

പിന്നീടങ്ങോട്ട് വി.കെ. ശ്രീകണ്ഠന്റെ തേരോട്ടമായിരുന്നു. ഓരോ തവണ വോട്ടുകളുടെ എണ്ണം അപ്‌ഡേറ്റ് ചെയ്യപ്പെടുമ്പോഴും ശ്രീകണ്ഠന്‍ തന്റെ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു. പാലക്കാട് താനൊരു കോണ്‍ഗ്രസ് കോട്ട പണിഞ്ഞുകൊണ്ടിരിക്കുകയാണെന്ന പ്രഖ്യാപനമായിരുന്നു അത്. പോയ വര്‍ഷത്തേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ ശ്രീകണ്ഠന്‍ വീണ്ടും വിജയിച്ചു കയറി. 

പാലക്കാട് ലോക സഭാ മണ്ഡലം - 2024 ലെ തിരഞ്ഞെടുപ്പ് ഫലം
പാർട്ടി സ്ഥാനാർഥി ലഭിച്ച വോട്ട് ശതമാനം %
കോൺഗ്രസ് വികെ ശ്രീകണ്ഠൻ 421169 40.66
സിപിഎം എ വിജയരാഘവൻ 345886 33.39
ബിജെപി  സി കൃഷ്ണകുമാർ 251778 24.31
NOTA ഇവരിൽ ആരുമല്ല 8793 0.85
ബഹുജൻ സമാജ് പാർട്ടി കെ.ടി. പത്മിനി 2132 0.21
സ്വതന്ത്രൻ അന്ന കുര്യാക്കോസ് 1433 0.14
സ്വതന്ത്രൻ എൻ.എസ്.കെ പുരം ശശികുമാർ 1177 0.11
സ്വതന്ത്രൻ രാജേഷ് കെ. 1056 0.1
സ്വതന്ത്രൻ രാജേഷ് എം 953 0.09
സ്വതന്ത്രൻ സിദ്ധീഖ് ഇരുപ്പശേരി 939 0.09
സ്വതന്ത്രൻ സി രാജമാണിക്യം 520 0.05
ഭൂരിപക്ഷം 75283  

രേഖപ്പെടുത്തിയ ആകെ വോട്ട്

1035836

10 വര്‍ഷക്കാലത്തെ കേന്ദഭരണത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു വി.കെ. ശ്രീകണ്ഠന്റെ പ്രചാരണം. ബി.ജെ.പിയുടെ ഭരണത്തുടര്‍ച്ച ഭരണഘടനയ്ക്ക് ഭീഷണിയാണെന്ന കോണ്‍ഗ്രസിന്റെ പ്രചാരണം പാലക്കാടും ഉയര്‍ത്തി. ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്തിട്ടിലെന്നാരോപിച്ച കോണ്‍ഗ്രസ്, സംസ്ഥാന സര്‍ക്കാരിനെതിരെയും ശക്തമായി നിലപാടെടുത്തു. പെന്‍ഷന്‍ വിതരണം തടസപ്പെട്ടതും. വെള്ളം, വൈദ്യുതി നിരക്കുകളുടെ വര്‍ധനവും കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു.

1977, 1980, 1984 വര്‍ഷങ്ങളിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം കയ്യടക്കിവെച്ച കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ 1989-ല്‍ എല്‍.ഡി.എഫ്. നിയോഗിച്ചത്  എ. വിജയരാഘവനെ ആയിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കുമോ എന്നുള്ള പരീക്ഷണമായിരുന്നു ഇത്തവണ. നഷ്ടമായ മണ്ഡലം തിരിച്ചെടുക്കാൻ മുതിർന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ വിജയരാഘവനെ തന്നെ പാർട്ടി നിയോഗിച്ചു. എന്നാൽ ആശ്രമം പരാജയപ്പെട്ടു.

1996 മുതല്‍ 2014 വരെ ഇടതുപക്ഷമാണ് പാലക്കാട് ഭരിച്ചത്. 2014-ല്‍ എം.ബി. രാജേഷിനെ അട്ടിമറിച്ചാണ് അന്ന് ഒട്ടും വിജയസാധ്യത  കൽപിക്കാതിരുന്ന വി.കെ. ശ്രീകണ്ഠന്‍ പാലക്കാട് മണ്ഡലം കയ്യടക്കിയത്. കഴിഞ്ഞ തവണത്തെ അട്ടിമറി വിജയം വെറുമൊരു ഓളത്തില്‍ സംഭവിച്ചതല്ലെന്ന് വ്യക്തമാക്കാന്‍ ഇത്തവണത്തെ വിജയത്തിലൂടെ യു.ഡി.എഫിനും കോണ്‍ഗ്രസിനും സാധിച്ചു. 

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വലിയവിജയമാണ് വി.കെ. ശ്രീകണ്ഠൻ നേടിയത്. 2014-ൽ എം.ബി. രാജേഷ് നേടിയ 1.05 ലക്ഷം ഭൂരിപക്ഷം ആണ് റെക്കോഡ്. 2004-ൽ എൻ.എൻ. കൃഷ്ണദാസ് 98,158 വോട്ടിനും ജയിച്ചു. അതിന് ശേഷമുള്ള ഉയർന്ന ഭൂരിപക്ഷമാണ് ഇത്തവണത്തേത്.

വികെ. ശ്രീകണ്ഠൻ | Photo: Arun Krishnankutty | Mathrubhumi
വർഷം പാർലമെന്‍റംഗം പാർട്ടി ഭൂരിപക്ഷം
1957 പി. കുഞ്ഞൻ സിപിഐ 47,213
1962 പി. കുഞ്ഞൻ സിപിഐ 72,335
1967 ഇ.കെ നായനാർ  സിപിഎം 67,358
1971 എ.കെ. ഗോപാലൻ സിപിഎം 52,266
1977 എ. സുന്നാ സാഹിബ് കോൺഗ്രസ് 14,871
1980 വി.എസ്. വിജയ രാഘവൻ കോണ്‍ഗ്രസ് 12,088
1984 വി.എസ്. വിജയ രാഘവൻ കോണ്‍ഗ്രസ് 38,153
1989 എ.വിജയരാഘവൻ  സിപിഎം 1,286
1991 വി.എസ്. വിജയ രാഘവൻ കോണ്‍ഗ്രസ് 15,768
1996 എൻ.എന്‍ കൃഷ്ണദാസ് സിപിഎം 23,423
1998 എൻ.എന്‍ കൃഷ്ണദാസ് സിപിഎം 25,022
1999 എൻ.എന്‍ കൃഷ്ണദാസ് സിപിഎം 30,767
2004 എൻ.എന്‍ കൃഷ്ണദാസ് സിപിഎം 98,158
2009 എംബി രാജേഷ് സിപിഎം 1,820
2014 എംബി രാജേഷ് സിപിഎം 1,05,300
2019 വി. കെ ശ്രീകണ്ഠൻ കോൺഗ്രസ് 11,637
2024 വി. കെ ശ്രീകണ്ഠൻ കോൺഗ്രസ് 75,283

പ്രചരണകാലത്ത് പലപ്പോഴും പാലക്കാട് മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് പ്രവചിക്കപ്പെട്ടത്. കഴിഞ്ഞ തവണ മണ്ഡലം പിടിച്ചെടുത്ത കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള ശക്തമായ പോരാട്ടം മണ്ഡലത്തില്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ബി.ജെ.പിയും എന്‍.ഡി.എയും അഖിലേന്ത്യാ തലത്തില്‍ പ്രാധാന്യം നല്‍കുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. 2014-ല്‍ 15.09 ശതമാനമായിരുന്ന വോട്ടുവിഹിതം 21.26 ശതമാനമാക്കി ഉയര്‍ത്തിയ സി. കൃഷ്ണകുമാറിനെ തന്നെയാണ്  ഇത്തവണയും കളത്തിലിറക്കിയത്. മോദി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ പാലക്കാട് നേരിട്ടെത്തി. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ബി.ജെ.പിയുടെ ഇടപെടലുകള്‍ മണ്ഡലത്തില്‍ ത്രികോണ മത്സരാന്തരീക്ഷം സൃഷ്ടിച്ചു. പാലക്കാട് മണ്ഡലത്തില്‍ മറ്റാരേക്കാളും ശക്തവും ആവേശകരവുമായ പ്രചാരണമാണ് ബി.ജെ.പി. നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ നേതാക്കളും പാലക്കാട് മണ്ഡലത്തില്‍ എത്തി. 

പാലക്കാട് ലോക സഭാ മണ്ഡലം - 2019 ലെ തിരഞ്ഞെടുപ്പ് ഫലം
പാർട്ടി സ്ഥാനാർഥി ലഭിച്ച വോട്ട് ശതമാനം
കോൺഗ്രസ് വികെ ശ്രീകണ്ഠൻ 399274 39.17%
സിപിഎം എംബി രാജേഷ് 387637 38.03 %
ബിജെപി  സി കൃഷ്ണകുമാർ 218556 21.44 %
NOTA ഇവരിൽ ആരുമല്ല 6665 0.65 %
എസ്.ഡി.പി.ഐ തുളസീധരൻ പള്ളിക്കൽ 5749 0.56 %
ഭൂരിപക്ഷം 11637  

രേഖപ്പെടുത്തിയ ആകെ വോട്ട്

10,19,337 77.77%

രാഷ്ട്രീയ വിവാദങ്ങളും കോലാഹലങ്ങളും പിടിച്ചുലക്കാതിരുന്ന പാലക്കാട്ടെ തിരഞ്ഞെടുപ്പില്‍. പൊതുവികസന പ്രശ്നങ്ങള്‍ തന്നെയാണ് ഇത്തവണ ചര്‍ച്ചയായത്. റെയില്‍വേ വികസനം, ആദിവാസി ക്ഷേമം, ജില്ലക്ക് വേണ്ടിയുള്ള കാര്‍ഷിക പാക്കേജ്, എയിംസ്, തൊഴിലവസരങ്ങള്‍, പൊതുമേഖലാ സ്ഥാപനമായ ബെമലിന്റെ സ്വകാര്യ വത്കരണം ഉള്‍പ്പടെ ഇക്കൂട്ടത്തില്‍ പെടും. ഇതില്‍ എയിംസും കാര്‍ഷിക പാക്കേജും താന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന വന്‍ പ്രഖ്യാപനമാണ് ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നല്‍കിയത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പാലക്കാടെത്തിയ രാഹുല്‍ ഗാന്ധിയും ഉറപ്പുനല്‍കി. 

2014-ലെ തിരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തിലുടനീളം നടത്തിയ 'ജയ് ഹോ' പദയാത്രവഴി പാലക്കാട്ടെ ജനഹൃദയത്തിലേക്ക് നടന്നു കയറിയ ശ്രീകണ്ഠന്‍ സ്‌കൂള്‍ ബസുകള്‍, സ്‌കൂളുകളിലേ പഠനോപകരണങ്ങള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പാലക്കാട് മുന്‍സിപ്പല്‍ ബസ് ടെര്‍മിനലിന്റെ പുനര്‍നിര്‍മാണം, കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്കായി ബ്രെയില്‍ ലിപിയുള്ള കംപ്യൂട്ടര്‍ ലാബ്, ശബരി ആശ്രമത്തിലെ ഗാന്ധി മ്യൂസിയം ഉള്‍പ്പടെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് തന്റെ എം.പി ഫണ്ടില്‍നിന്ന് പണം ചിലവാക്കി നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് വീണ്ടും വോട്ട് ചോദിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയത്.

2014-ൽ നഷ്ടമായ പാലക്കാടും, ആലത്തൂരും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെയും സി.പി.എം. കേന്ദ്ര കമ്മറ്റി അംഗം കെ. രാധാകൃഷ്ണനെ പാർട്ടി കളത്തിലിറക്കിയത്. പാലക്കാട് ആ നീക്കം അമ്പേ പരാജയപ്പെട്ടു. ആലത്തൂരില്‍ വിജയിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ എല്‍.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലായിരുന്നു. 

സി.പി.എമ്മിന്റെ വോട്ട് ശതമാനത്തിലും വലിയ ഇടിവുണ്ടായി 2014 ൽ 38.03% ആയിരുന്നത് ഈ തിരഞ്ഞെടുപ്പിൽ 33.37 ശതമാനമായി കുറഞ്ഞു. 2014-ൽ എം.ബി. രാജേഷിന് 3,87,637 വോട്ടുകൾ ലഭിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ അത് 3,42,798 ആയി കുറഞ്ഞു. എന്നാൽ മറുവശത്ത് ബി.ജെ.പി. ഇത്തവണയും വോട്ട് ശതമാനം ഉയർത്തി. കഴിഞ്ഞ തവണ 21.44 ഉണ്ടായിരുന്നത് ഇത്തവണ 24.3 ആയി ഉയർന്നു. സി. കൃഷ്ണകുമാർ 2,18,556 വോട്ടുകൾ നേടിയപ്പോൾ ഇത്തവണ അത് 2,49,568 ആയി വർധിച്ചു. 

സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം സംസ്ഥാനത്തുടനീളം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. ആലത്തൂര്‍ ഒഴികെ കേരളത്തില്‍ ഒരു മണ്ഡലത്തിലും എല്‍.ഡി.എഫിന് വിജയം കാണാന്‍ സാധിക്കാതിരുന്നത് അതിന്റെ ഫലമായാണ്. ഇതിന് പുറമെ  കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടും ബിജെപി രാഷ്ട്രീയത്തോടുമുള്ള എതിര്‍പ്പും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാണ്. 

സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ട്. തുടക്കത്തിൽ പാലക്കാട് മണ്ഡലത്തിലേക്ക് എം. സ്വരാജിന്റെ പേരാണ് ഉയർന്നു വന്നിരുന്നത് എന്നാൽ പിന്നീട് എ. വിജയരാഘവനെ ഇവിടെ നിയോഗിക്കുകയായിരുന്നു.  പാലക്കാട്ടെ  നിയമസഭാ മണ്ഡലങ്ങൾ വേര്‍തിരിച്ചുള്ള ഫലങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ തവണ പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട് മണ്ഡലങ്ങളിൽ നിന്നാണ് വി.കെ. ശ്രീകണ്ഠന് ഏറ്റവും അധികം വോട്ടുകൾ ലഭിച്ചത്. നിലവിൽ പാലക്കാട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ്. ഏതെല്ലാം മണ്ഡലങ്ങൾ ഇത്തവണ വി.കെ. ശ്രീകണ്ഠനെ പിന്തുണച്ചു എന്നും. എവിടെയെല്ലാം എൽ.ഡി.എഫിന് വോട്ടുകൾ കുറഞ്ഞു എന്നും കണക്കുകൾ പുറത്തുവരുന്നതോടെ വ്യക്തമാവും. 

Content Highlights: vk sreekandan won palakkad lok sabha constitunecy