മണിപ്പൂരില്‍ പോകാത്ത മോദി കേരളത്തില്‍ നാലുതവണ വന്നുവെന്ന് ബിനോയ് വിശ്വം

ബിനോയ് വിശ്വം | Photo: Mathrubhumi
ബിനോയ് വിശ്വം | Photo: Mathrubhumi

പാലക്കാട്: മോദിയുടെ ഗാരന്റിയും പഴകിയ ചാക്കും ഒരുപോലെയാണെന്നും മണിപ്പൂരില്‍ പോകാത്ത മോദിയാണ് കേരളത്തില്‍ നാലുതവണ എത്തിയതെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ഒരുകാലത്ത് കൊടിക്കുവേണ്ടി സമരം നടത്തിയവര്‍ക്ക് ഇന്ന് വയനാട്ടില്‍ കൊടികെട്ടാന്‍ പേടിയാണെന്നും കേരളത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ 'ഇന്ത്യ' സഖ്യത്തിനുവേണ്ടി കൈ ഉയര്‍ത്തുമെന്ന് എന്തുറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട് പ്രസ് ക്ലബ്ബില്‍ 'മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് 'ഇന്ത്യ' സംഖ്യത്തിനുവേണ്ടി ശബ്ദമുയര്‍ത്താനാണ്. കേന്ദ്രത്തില്‍ തൂക്കുസഭ വന്നാല്‍ കോണ്‍ഗ്രസില്‍നിന്ന് ജയിച്ചുപോയവരെ അദാനിമാര്‍ക്ക് വിലകൊടുത്തുവരെ വാങ്ങാനാവും. ബി.ജെ.പിക്കെതിരേ ലോക്സഭയില്‍ ധൈര്യത്തോടെ ഇടപെടാന്‍ എല്‍.ഡി.എഫ്. എം.പി. മാര്‍ക്ക് മാത്രമേ കഴിയൂ. 

കോണ്‍ഗ്രസിന് ദീര്‍ഘവീക്ഷണമുണ്ടായിരുന്നെങ്കില്‍ വയനാട്ടിലേക്ക് രാഹുല്‍ഗാന്ധിയെ പറഞ്ഞയിക്കില്ലായിരുന്നു. ആര്‍ക്കെതിരേയാണ് മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസിന് അറിയാതായി. ഏറ്റവുംകൂടുതല്‍ മണ്ഡലങ്ങലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനത്താണ് രാഹുല്‍ഗാന്ധി മത്സരിക്കേണ്ടിയിരുന്നത്.

മോദിക്കും തോല്‍വിയുടെ ഭീതി വന്നുതുടങ്ങിയതുകൊണ്ടാണ് ഉറക്കെ സംസാരിച്ച് പലതും വിളിച്ചുപറയുന്നത്. 'ഇന്ത്യ' സംഖ്യത്തിന്റെ മുന്നേറ്റത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് ഉറപ്പായ കേരളത്തിലേക്ക് നാലാംതവണയും പ്രധാനമന്ത്രി വന്നത്. ഭയംകാരണമാണ് കഴിഞ്ഞ ഒരുവര്‍ഷമായി മണിപ്പൂരിലേക്കും അദ്ദേഹം പോകാതിരുന്നത്. മൂന്നുവട്ടം കലാപഭൂമിയിലെത്തിയ തനിക്ക് മണിപ്പൂര്‍ ഇപ്പോഴും ശാന്തമല്ലെന്ന് അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബാബറി മസ്ജിദ് മറ്റൊരിടത്തേക്ക് മാറ്റിവെക്കാനാവുമായിരുന്നു എന്ന തരൂരിന്റെ പ്രസ്താവന മനസ്സിലാകുന്നില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാടില്ലാത്ത അവസ്ഥയെയാണ് തരൂര്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: binoy viswam cpi state secretary on modi visit kerala