അന്ന് കന്നിവോട്ട് നല്‍കി, പിന്നെ ആദ്യമത്സരത്തിൽ തോൽപിച്ചു; ആദ്യമായി ഫോട്ടോപോസ്റ്റർ- കുറുപ്പിന്റെ ഓർമ

മുൻ എം.പി സുരേഷ് കുറുപ്പ് | ഫോട്ടോ: ശ്രീജിത്ത് പി രാജ് \ മാതൃഭൂമി
മുൻ എം.പി സുരേഷ് കുറുപ്പ് | ഫോട്ടോ: ശ്രീജിത്ത് പി രാജ് \ മാതൃഭൂമി

ഒരു ലോക്സഭാ തിരഞ്ഞെടുപ്പുകൂടി പടിവാതിലിൽ എത്തിനിൽക്കുന്നു. താന്‍ കന്നി വോട്ടുചെയ്തയാൾക്കെതിരെ മത്സരിച്ച് വിജയിച്ച കഥയാണ് മുൻ എം.പി സുരേഷ് കുറുപ്പിന് പറയാനുള്ളത്. കേരളത്തിൽ ആദ്യമായി ഒരു സി.പി.എം സ്ഥാനാർത്ഥിക്കായി ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ഇറങ്ങിയതും ഇതേ തിരഞ്ഞെടുപ്പിൽത്തന്നെ. എട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഓർമകൾ സുരേഷ് കുറുപ്പ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു

ആദ്യ വോട്ട് 1980-ൽ, മത്സരം 1984-ൽ                      

1980-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ഞാൻ ആദ്യമായി വോട്ട് ചെയ്യുന്നത്. അന്ന് സ്കറിയാ തോമസായിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. എന്റെ വീടിരിക്കുന്ന സ്ഥലത്തുള്ള ബൂത്ത് തന്നെയായിരുന്നു അദ്ദേഹത്തിന്റെയും. ഞാനന്ന് എസ്.എഫ്.ഐയുടെ പ്രവർത്തകനാണ്. ബൂത്തിൽ സ്ലിപ്പെഴുതാൻവേണ്ടി ഇരിക്കുമ്പോഴാണ് സ്കറിയാ തോമസ് വോട്ടുചെയ്യാൻ വരുന്നത്. ഞാനദ്ദേഹത്തിന് സ്ലിപ്പെഴുതിക്കൊടുത്തു. 1984-ൽ ആണ് ഞാൻ ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് ഞാൻ തോൽപ്പിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇതേ സ്കറിയാ തോമസിനെയായിരുന്നു.

അപ്രതീക്ഷിതമായാണ് കോട്ടയത്ത് സ്ഥാനാർത്ഥിയായത്

1984- ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമ്പോൾ ഞാൻ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. അപ്രതീക്ഷിതമായാണ് കോട്ടയത്ത് സ്ഥാനാർത്ഥിയായത്. കോട്ടയംപോലൊരു മണ്ഡലത്തിൽ പുതിയൊരു സ്ഥാനാർത്ഥി വരട്ടെ എന്ന പാർട്ടിയുടെ ഉദ്ദേശമാണ് ഞാൻ സ്ഥാനാർത്ഥിയായി വരാൻ കാരണം. അന്ന് സ്ഥാനാർത്ഥിയാക്കിയതിലും പാർട്ടി അങ്ങനെയൊരു അം​ഗീകാരം നൽകിയതിലും വലിയ സന്തോഷമായിരുന്നു.

രണ്ടാഴ്ചയോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് ക്യാമ്പെയിൻ

ഇന്നത്തെപ്പോലെ തന്നെയായിരുന്നു അന്നത്തെ പ്രചരണവും. ആളുകളെ കാണുന്നത് ഒരുവശം. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയുടെ പര്യടനമുണ്ട്. കാറിലായിരുന്നു. ഓരോ പോയിന്റിലും സ്ഥാനാർത്ഥിക്ക് സ്വീകരണമുണ്ട്. മണ്ഡലം മുഴുവൻ സഞ്ചരിക്കുകയും ഓരോ പോയിന്റിലും രണ്ടോ മൂന്നോ മിനിറ്റ് സംസാരിക്കുക എന്നതായിരുന്നു പര്യടനത്തിൽ ചെയ്തിരുന്നത്. സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ പരിചിതനാക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. കൂടെ വോട്ടുചോദിക്കുകയും ചെയ്യാം. സ്ഥാനാർത്ഥി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തണമായിരുന്നു. എല്ലായിടത്തും ആളുകൾ കാണാനായി കാത്തുനിൽക്കുകയും ചെയ്യും. രണ്ടാഴ്ചയോളം നീണ്ടുനിന്ന പ്രചരണമുണ്ടായിരുന്നു. കേരളത്തിന്റെ എല്ലാ ഭാ​ഗത്തുനിന്നും എസ്.എഫ്.ഐ അം​ഗങ്ങളായ വിദ്യാർത്ഥികൾ പ്രചരണത്തിനുവന്നു. മണ്ഡലത്തിലെ മുക്കാൽ ഭാ​ഗത്തുള്ള വീടുകളും കയറിയിറങ്ങുന്ന ക്യാമ്പെയിനാണ് നടത്തിയത്. എനിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് സി.എം.എസ് കോളേജിൽ എന്നെ പഠിപ്പിച്ച അധ്യാപകർ പ്രസ്താവനയിറക്കി. പിന്നെ എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ചെയ്തതോടെ വിജയം നേടി. 

സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ

ആ തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിലാദ്യമായി ഒരു സി.പി.എം സ്ഥാനാർത്ഥിയുടെ ഫോട്ടോ വെച്ചുള്ള പോസ്റ്റർ പുറത്തിറങ്ങുന്നത്. പിന്നീടത് എല്ലാവരും വ്യാപകമായി ചെയ്യാൻതുടങ്ങി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആദ്യം മുതൽ തോമസ് ഐസക്കും സി.പി. ജോണും ഉണ്ടായിരുന്നു. സഖാവ് എൻ.ശ്രീധരനായിരുന്നു മണ്ഡലത്തിന്റെ ചാർജ്. ജോണും ഐസക്കും അദ്ദേഹത്തോട് പോസ്റ്ററിന്റെ കാര്യം പറഞ്ഞു. വൈക്കം വിശ്വനോടും പറഞ്ഞു. ഇവരുടെ മൗനം സമ്മതമാക്കി പോസ്റ്റർ അടിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകളായിരുന്നു അത്. 

വിജയങ്ങൾ ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറാൻ പ്രേരിപ്പിച്ചു

ആ തിരഞ്ഞെടുപ്പിൽ വിജയിച്ച ഒരേയൊരു സി.പി.എം സ്ഥാനാർത്ഥി ഞാനായിരുന്നു. ഇടതുപക്ഷത്തുനിന്ന് കെ.പി. ഉണ്ണിക്കൃഷ്ണൻ വടകരയില്‍ നിന്നും തമ്പാൻ തോമസ് മാവേലിക്കരയിൽനിന്നും ജയിച്ചു. സി.പി.എമ്മിന്റെ കേരളത്തിൽനിന്നുള്ള ഒരേയൊരാളെന്ന നിലയിൽ വലിയ ഉത്തരവാദിത്വമുണ്ടെന്ന് തോന്നിയിരുന്നു. ഓരോ വിജയവും ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറാൻ പ്രേരിപ്പിച്ച കാര്യമാണ്. കോട്ടയം പോലൊരു മണ്ഡലത്തിൽ വീണ്ടും ആളുകൾ വിജയിപ്പിച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം  ജനങ്ങളോട് കൂടുതൽ വിനയത്തോടെ പെരുമാറാനും പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാര്യമാണ്. ജനങ്ങൾ നമ്മളോടുകാണിച്ച സ്നേഹം അതുപോലെ തിരിച്ചുകൊടുക്കാൻ കഴിയണമെന്നൊരു തോന്നൽ ഉണ്ടാക്കിയിരുന്നു.

Content Highlights: loksabha election 2024, special chat with ex mp suresh kurup